'മുംബൈയുടെ മേൽ ബിജെപിക്ക് കൊള്ളക്കാരുടെ കണ്ണ്, താക്കറെമാർ സംരക്ഷിക്കും: ശിവസേന മുഖപത്രം 'സാമ്‌ന'

തങ്ങളുടെ സഖ്യത്തെ വെറുമൊരു രാഷ്ട്രീയ സഖ്യമല്ല, മറിച്ച് മറാത്തികളുടെ ക്ഷേമത്തിന് വേണ്ടിയുള്ള കൂട്ടുകെട്ടാണ് എന്നാണ് താക്കറെമാർ വിശേഷിപ്പിച്ചത്

'മുംബൈയുടെ മേൽ ബിജെപിക്ക് കൊള്ളക്കാരുടെ കണ്ണ്, താക്കറെമാർ സംരക്ഷിക്കും: ശിവസേന മുഖപത്രം 'സാമ്‌ന'
dot image

മുംബൈ: ഉദ്ധവ് ശിവസേന - മഹാരാഷ്ട്ര നവനിർമാൺ സേന സഖ്യം മറാത്തികളുടെ ഉന്നമനത്തിനും ക്ഷേമത്തിനുമായുള്ള ശക്തമായ സഖ്യമെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗത്തിൻ്റെ മുഖപത്രം 'സാമ്‌ന'. സഖ്യത്തെ 'ചരിത്രപരവും വിപ്ലവകരവുമായ' ഒന്ന് എന്നാണ് മുഖപത്രം 'സാമ്‌ന' വിശേഷിപ്പിച്ചത്. ഇരുവരും വീണ്ടും കൂടിച്ചേർന്നത് ശുഭസൂചനയെന്നും 'സംസ്ഥാന ദ്രോഹി'കളെ ഇരുവരും ചേർന്ന് പരാജയപ്പെടുത്തുമെന്നും മുഖപത്രത്തിൽ പറയുന്നു.

ഏക്നാഥ് ഷിൻഡെ വിഭാഗത്തെയും മുഖപത്രം രൂക്ഷമായി വിമർശിച്ചു. ഭയമില്ല എന്നാണ് അവർ പുറത്ത് പറയുന്നതെങ്കിലും ഉള്ളിൽ അവർക്ക് നല്ല ഭയമുണ്ട്. ഈ സഖ്യം നൽകുന്ന സന്ദേശം വ്യക്തമാണ്. മറാത്തികൾ അനീതിക്കെതിരായി നിലകൊള്ളും, വിജയിക്കാനായി അവർ പോരാടും എന്നും മുഖപത്രത്തിൽ പറയുന്നു.

തങ്ങളുടെ സഖ്യത്തെ വെറുമൊരു രാഷ്ട്രീയ സഖ്യമല്ല, മറിച്ച് മറാത്തികളുടെ ക്ഷേമത്തിന് വേണ്ടിയുള്ള കൂട്ടുകെട്ടാണ് എന്നാണ് താക്കറെമാർ വിശേഷിപ്പിച്ചത്. തുടർന്ന് കേന്ദ്രസർക്കാരിനെയും സംസ്ഥാന സർക്കാരിനെയും ഇരുവരും രൂക്ഷമായി വിമർശിച്ചു. മറാത്തികളെ ദുർബലപ്പെടുത്താനുള്ള നയങ്ങളാണ് കേന്ദ്രസർക്കാർ സ്വീകരിച്ചിരിക്കുന്നത്. സംസ്ഥാന ബിജെപിയും ഏക്നാഥ് ഷിൻഡെയും വെറും കേന്ദ്രസർക്കാരിന്റെ സേവകരായി മാറുകയാണ്. സാംസ്കാരികവും സാമ്പത്തികവുമായ അധിനിവേശത്തെ അവർ നിശബ്ദരായി നോക്കിനിൽക്കുകയാണെന്നും അവർ കുറ്റപ്പെടുത്തി.

ബിജെപി മുംബൈയെ കൊള്ളക്കാരുടെ കണ്ണിലൂടെയാണ് കാണുന്നത് എന്നും മുഖപത്രത്തിൽ വിമർശനമുണ്ട്. പ്രാദേശിക മറാത്തി ജനങ്ങൾക്ക് ഒരു മുൻഗണനയുമില്ല. തങ്ങളെ ഗുജറാത്തിലേക്ക് ബന്ധിപ്പിക്കാൻ ശ്രമിക്കുന്നവരുടെ പക്കൽ സംസ്ഥാനത്തിന്റെ ഭാവി സുരക്ഷിതമല്ല. മുംബൈയുടെ താത്പര്യങ്ങളെ ഗുജറാത്തുമായി ബന്ധിപ്പിക്കാനുള്ള തീരുമാനത്തിന് എതിര് നിന്നപ്പോഴാണ് ശിവസേനയെ അവർ പിരിച്ചുവിട്ടത് എന്നും മുഖപത്രത്തിൽ വിമർശനമുണ്ട്.താക്കറെ സഹോദരന്മാർ മുംബൈയെ സംരക്ഷിക്കാനും വേണ്ടിയും ദേശീയ രാഷ്ട്രീയത്തിൽ മഹാരാഷ്ട്രയുടെ സ്വാധീനം വർധിപ്പിക്കാനുമാണ് ഒന്നിച്ചിരിക്കുന്നത് എന്നുമാണ് മുഖപത്രത്തിൽ പറയുന്നത്.

ഡിസംബർ 24നാണ് ഇരുപത് വർഷത്തെ പിണക്കം മറന്ന് ഉദ്ധവ് താക്കറെയും രാജ് താക്കറെയും ഒന്നിച്ചത്. ജനുവരി 15ന് നടക്കുന്ന മുനിസിപ്പൽ തെരഞ്ഞെടുപ്പിന് ഇരുവരും ഒരുമിച്ചാണ് മത്സരിക്കുക. 2024 സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയാണ് താക്കറെ സഹോദരന്മാരെ ഒന്നിക്കാൻ പ്രേരിപ്പിച്ചത്. മഹാ വികാസ് അഘാടി സഖ്യത്തിന് വലിയ തിരിച്ചടിയാണ് തെരഞ്ഞെടുപ്പിൽ ഉണ്ടായത്. പിന്നാലെ അർധസഹോദരന്മാർ തമ്മിൽ പലതവണ ചർച്ചകൾ നടന്നിരുന്നു. മുംബൈ മുനിസിപ്പൽ തെരഞ്ഞെടുപ്പ് ഇരുവരെയും സംബന്ധിച്ച് വളരെ നിർണായകമാണ്. പൗരപ്രമുഖർ അടക്കമുള്ളവർ താമസിക്കുന്ന മുംബൈ നഗരമേഖലയിൽ ഇരുവർക്കുമുള്ള സ്വാധീനം എത്രയെന്ന് നിർണയിക്കുന്നതായിരിക്കും ഈ പോരാട്ടം. മറാത്തികളുടെ താത്പര്യങ്ങൾ സംരക്ഷിക്കുക എന്നതായിരിക്കും തങ്ങളുടെ നിലപാട് എന്ന് ഇരുവരും അറിയിച്ചുകഴിഞ്ഞു.

Content Highlights: Saamna praises uddhav-raj thackeray reunion, lashes out on bjp

dot image
To advertise here,contact us
dot image