

ന്യൂഡൽഹി: ക്രിസ്മസ് ആഘോഷങ്ങൾക്കെതിരെ ഉത്തരേന്ത്യയിൽ ആക്രമണം തുടരുന്നു. ഉത്തർപ്രദേശിലെ ബറേലിയിൽ ക്രിസ്ത്യൻ പള്ളിക്കുമുന്നിൽ തീവ്രഹിന്ദുത്വ സംഘടനകൾ ഹനുമാൻ ചാലിസ ചൊല്ലി പ്രകോപനമുണ്ടാക്കാൻ ശ്രമിച്ചു. പൊലീസ് സേനയുടെ സാന്നിധ്യത്തിലായിരുന്നു ഇത്. ക്രിസ്മസ് ആഘോഷങ്ങൾക്ക് മുന്നോടിയായി ബറേലി കന്റോൺമെന്റ് ഏരിയയിലെ പ്രശസ്തമായ പള്ളിക്ക് മുന്നിലായിരുന്നു തീവ്രഹിന്ദുത്വവാദികളുടെ പ്രകോപനം. ഇരുപതിലേറെ പേരടങ്ങസംഘമാണ് ഹനുമാൻ ചാലിസ ചൊല്ലിയത്.
അതേസമയം ഛത്തീസ്ഗഡിൽ ഷോപ്പിങ് മാളിലെ ക്രിസ്മസ് അലങ്കാരങ്ങളും രൂപങ്ങളും തീവ്ര ഹിന്ദുത്വ സംഘടനയുടെ പ്രവർത്തകർ അടിച്ചുതകർത്തു. കമ്പും വടിയുമായി എത്തിയ സർവ ഹിന്ദു സാമാജ് എന്ന തീവ്ര ഹിന്ദുത്വ സംഘടനയുടെ പ്രവർത്തകരാണ് അലങ്കാരങ്ങളും സാന്താക്ലോസിൻ്റെ രൂപവും അടക്കം അടിച്ചുതകർത്തത്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഡിസംബർ 24നായിരുന്നു സംഭവം. മതപരിവർത്തനം ആരോപിച്ച് സർവ ഹിന്ദു സമാജ് പ്രഖ്യാപിച്ച 'ഛത്തീസ്ഗഡ് ബന്ദ്' പുരോഗമിക്കുന്നതിനിടെയാണ് സംഘടനയുടെ പ്രവർത്തകർ മാളിൽ അക്രമം അഴിച്ചുവിട്ടത്. നൂറോളം പേരുള്ള സംഘം മാളിലെ ക്രിസ്മസ് അലങ്കാരങ്ങളും സാന്റയുടെ രൂപവുമെല്ലാം അടിച്ചുതകർത്തത്. മാളിലെ സുരക്ഷാ ജീവനക്കാർ തടയാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
ക്രൈസ്തവ മിഷനറിമാർ നിർബന്ധിത മതപരിവർത്തനം നടത്തുന്നു എന്നാരോപിച്ചാണ് ഹിന്ദുത്വ സംഘടന ബന്ദിന് ആഹ്വാനം ചെയ്തത്. ഡിസംബർ 18 നാണ് ബന്ദിന് കാരണമായ സംഭവം ഉണ്ടാകുന്നത്. കൻകെർ ജില്ലയിലെ ബഡെതെവ്ഡ ഗ്രാമത്തിലെ സർപഞ്ചായ രാജ്മാൻ സലാമിന്റെ മൃതദേഹം ക്രൈസ്തവ മതാചാരപ്രകാരം അടക്കം ചെയ്തതാണ് പ്രശ്നങ്ങൾക്ക് കാരണം. ഇത് ഹിന്ദുത്വവാദികൾ തടയുകയും മേഖലയിൽ വലിയ സംഘർഷത്തിന് കാരണമാകുകയും ചെയ്തിരുന്നു.
ഒഡീഷയില്‍ സാന്താക്ലോസിന്റെ തൊപ്പിയും മറ്റും വില്‍ക്കുകയായിരുന്ന വഴിയോരക്കച്ചവടക്കാരെ ഒരു സംഘം ഭീഷണിപ്പെടുത്തിയിരുന്നു. ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്നും ഇവിടെ ക്രിസ്ത്യന്‍ വസ്തുക്കള്‍ വില്‍ക്കാന്‍ അനുവദിക്കില്ലെന്നും പറഞ്ഞായിരുന്നു ഭീഷണി. ഡല്‍ഹി ലജ്പത് നഗര്‍ മാര്‍ക്കറ്റില്‍ സാന്താക്ലോസിന്റെ തൊപ്പിയണിഞ്ഞെത്തിയ സ്ത്രീകളെ ബജറംഗ്ദള്‍ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയും ചെയ്തിരുന്നു. ഇത്തരമാഘോഷങ്ങള്‍ വീട്ടിലിരുന്ന് മതിയെന്നായിരുന്നു ഭീഷണി. സാന്താക്ലോസ് തൊപ്പി ധരിച്ചതിനാല്‍ മതപരിവര്‍ത്തനത്തില്‍ ഏര്‍പ്പെടുത്തുമെന്ന് ആരോപിക്കുകയും പ്രദേശം വിട്ടുപോകാന്‍ നിര്‍ബന്ധിക്കുകയും ചെയ്തിരുന്നു. ഇതിനിടെ രാജസ്ഥാനിൽ ഒരു വിവാദ നിർദേശവും ഉണ്ടായിരുന്നു. ശ്രീഗംഗാനഗര്‍ ജില്ലയിലെ വിദ്യാഭ്യാസ വകുപ്പ് ഇവിടം ഹിന്ദു-സിഖ് ഭൂരിപക്ഷ പ്രദേശമാണെന്നും അതിനാൽ കുട്ടികളെ സാന്താക്ലോസിന്റെ വസ്ത്രം നിര്‍ബന്ധിച്ച് ധരിപ്പിക്കരുതെന്ന് നിര്‍ദേശം നൽകിയിരുന്നു.
Content Highlights: hindu group allegedly recited Hanuman Chalisa outside Bareilly church before christmas