

ഷെയ്ൻ നിഗത്തിനെ നായകനാക്കി രാഹുൽ സദാശിവൻ ഒരുക്കിയ ഹൊറർ ചിത്രമാണ് ഭൂതകാലം. ഒടിടി റിലീസായി എത്തിയ സിനിമയ്ക്ക് മികച്ച അഭിപ്രായങ്ങൾ ആയിരുന്നു ലഭിച്ചത്. ഇപ്പോഴിതാ സിനിമയുടെ ക്ലൈമാക്സിനെക്കുറിച്ച് മനസുതുറക്കുകയാണ് ഷെയ്ൻ. സിനിമയ്ക്ക് മറ്റൊരു ക്ലൈമാക്സ് കൂടി ഉണ്ടായിരുന്നു എന്നും എന്നാൽ പിന്നീട് അത് റീഷൂട്ട് ചെയ്‌തെന്നും ഷെയ്ൻ നിഗം പറഞ്ഞു.
'സിനിമ കഴിഞ്ഞ് ക്ലൈമാക്സ് വീണ്ടും നമ്മൾ റീ ഷൂട്ട് ചെയ്തിരുന്നു. നിങ്ങൾ ഇപ്പോൾ കാണുന്ന ക്ലൈമാക്സ് ആയിരുന്നില്ല ആദ്യം. വേറെയൊരു ക്ലൈമാക്സ് ആയിരുന്നു ആദ്യം. ഒരു പാരലൽ റിയാലിറ്റിയിലേക്ക് മാറുന്ന ഒരു കോൺസെപ്റ്റ് ആയിരുന്നു അത്. പക്ഷേ അത് നമുക്കെല്ലാവർക്കും ദഹിക്കണമെന്നില്ല. പിന്നീട് അംബൂക്കയുടെ സഹായത്തോടെ നമ്മൾ വേറൊരു കാര്യം ചിന്തിച്ചു. അങ്ങനെ രാഹുലേട്ടൻ കൊണ്ടുവന്ന ഒരാശയമാണ് നിങ്ങളിപ്പോൾ കാണുന്ന ക്ലൈമാക്സ്. അതിന് പിന്നിൽ ഒരുപാട് എഫേർട്ട് ഉണ്ട്. അത്രയും സമയം ആ സിനിമയ്ക്ക് വേണ്ടി എടുത്തുതു കൊണ്ടാണ് അങ്ങനെ സംഭവിച്ചത്. ഭ്രമയുഗം ഇറങ്ങിയപ്പോഴും ഡീയസ് ഈറെ റിലീസായപ്പോഴും ഭൂതകാലത്തെക്കുറിച്ച് ആളുകൾ സംസാരിച്ചിരുന്നു. അതിൽ ഒരുപാട് സന്തോഷമുണ്ട്. എല്ലാത്തിലുമപരി അത് എന്റെ ആദ്യത്തെ നിർമാണ സംരംഭം കൂടിയായിരുന്നു', ഷെയ്ൻ നിഗം.
അതേസമയം, ഹാൽ ആണ് ഇപ്പോൾ തിയേറ്ററിലുള്ള സിനിമ. ഒരു സീരിയസ് ലവ് സ്റ്റോറി ആകും സിനിമ ചർച്ചചെയ്യുന്നത് എന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. പ്രണയത്തിനോടൊപ്പം ശക്തമായ ഒരു വിഷയവും സിനിമ ചർച്ചചെയ്യുന്നുണ്ട്. ചിത്രം തിയേറ്ററിൽ വലിയ വിജയം നേടുമെന്ന് തന്നെയാണ് പ്രതീക്ഷ. സിനിമയിലെ ചില രംഗങ്ങൾ നീക്കം ചെയ്യണമെന്ന നിർദ്ദേശവുമായി സെൻസർ ബോർഡ് എത്തിയതോടെയാണ് ചിത്രം ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നത്. ചിത്രത്തിൽ ബീഫ് ബിരിയാണി കഴിക്കുന്ന രംഗം ഉൾപ്പെടെ ആറിടങ്ങളാണ് ചിത്രത്തിൽ നിന്ന് ഒഴിവാക്കണമെന്ന് സെൻസർബോർഡ് നിർദ്ദേശിക്കുകയുണ്ടായത്. സെൻസർ ബോർഡിന്‍റെ ഈ നീക്കത്തിനെതിരെ ചിത്രത്തിന്‍റെ അണിയറപ്രവർത്തകർ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ഹാലിന് പ്രദർശനാനുമതി നൽകണമെങ്കിൽ ആറിടങ്ങളിൽ വെട്ടിക്കുറയ്ക്കലുകൾ വരുത്തണമെന്നായിരുന്നു സിബിഎഫ്സിയുടെ നിലപാട്. എന്നാൽ ഇതിൽ നാല് കട്ടുകൾ സിംഗിൾ ബെഞ്ച് റദ്ദാക്കിയിരുന്നു. ഇത് ചോദ്യം ചെയ്ത് കൊണ്ട് സിബിഎഫ്‌സിയും കാത്തലിക് കോൺഗ്രസും സമർപ്പിച്ച അപ്പീലുകൾ ഹൈക്കോടതി ഇന്ന് തള്ളുകയുണ്ടായി. സിംഗിള്‍ ബെഞ്ച് വിധി ഡിവിഷന്‍ ബെഞ്ച് ശരിവെച്ചു. അപ്പീലിൽ തീരുമാനമെടുക്കാൻ ജഡ്ജിമാര്‍ ഹാല്‍ സിനിമ നേരിട്ട് കണ്ടിരുന്നു. സിനിമ ആസ്വദിച്ചു എന്നായിരുന്നു ഡിവിഷന്‍ ബെഞ്ച് അംഗങ്ങളുടെ നിരീക്ഷണം.
Content Highlights: Shane Nigam about Bhoothakalam climax