

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യൻ വ്യോമസേന അവിശ്വസനീയമായ നേട്ടം സ്വന്തമാക്കിയിരുന്നതായി റഷ്യൻ സുരക്ഷാ തന്ത്രജ്ഞൻ അലക്സി മിഖൈലോവ്. 314 കിലോമീറ്റർ അകലെയുള്ള പാകിസ്താൻ്റെ AWAC വിമാനത്തെ തകർത്ത ഇന്ത്യൻ വ്യോമസേനയുടെ S-400 'ട്രയംഫ്' സിസ്റ്റത്തിൻ്റെ മികവ് ചൂണ്ടിക്കാണിച്ചാണ് അലക്സിയുടെ വിശകലനം. പാകിസ്താൻ്റെ AWACS വിമാനത്തിന് നേരെ ഇന്ത്യ നടത്തിയ ആക്രമണത്തെ സാങ്കേതികമായി കൃത്യവുമായ നീക്കമെന്നാണ് അലക്സി ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
മെയ് 9-10 തീയതികളിൽ നടത്തിയ ആക്രമണങ്ങളെക്കുറിച്ച് ഐഎഎഫ് ചീഫ് എയർ ചീഫ് മാർഷൽ അമർ പ്രീത് സിംഗ് വിശദീകരിച്ച് ദിവസങ്ങൾക്ക് ശേഷമാണ് റഷ്യൻ വിദഗ്ദ്ധൻ ഇന്ത്യൻ ആക്രമണങ്ങൾ സ്ഥിരീകരിക്കുന്നത്. 2022-ൽ റഷ്യൻ S-300V4 സിസ്റ്റം 217 കിലോമീറ്റർ അകലെയുള്ള ഒരു യുക്രേനിയൻ യുദ്ധവിമാനം വെടിവച്ചു വീഴ്ത്തിയ സമാനമായ സംഭവം പരാമർശിച്ചു കൊണ്ടാണ് അലക്സി ഇന്ത്യൻ വ്യോമസേന കൈവരിച്ച അവിശ്വസനീയ നേട്ടത്തെ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
314 കിലോമീറ്റർ അകലെയുള്ള AWACS തകർത്തതായാണ് എയർ ചീഫ് മാർഷൽ സിംഗ് നേരത്തെ വ്യക്തമാക്കിയിരുന്നത്. 314 കിലോമീറ്റർ അകലെയുണ്ടായിരുന്ന പാകിസ്താൻ വ്യോമസേനയുടെ സാബ് 2000 'എറിയേ' AWACS വിമാനത്തെ ലക്ഷ്യംവെച്ച് പഞ്ചാബിൽ നിലയുറപ്പിച്ചിരിക്കുന്ന IAF ന്റെ S-400 യൂണിറ്റ് മിസൈൽ തൊടുക്കുകയായിരുന്നു എന്നാണ് എയർ ചീഫ് മാർഷൽ വ്യക്തമാക്കിയത്. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ഡിംഗ മേഖലയ്ക്ക് മുകളിലൂടെ പറക്കുകയായിരുന്നു AWACS വിമാനമാണ് വ്യോമസേന തകർത്തത്. AWACS നെ സംരക്ഷിക്കാൻ നിയോഗിക്കപ്പെട്ട പാകിസ്താൻ്റെ JF-17 യുദ്ധവിമാനങ്ങളെ ലക്ഷ്യമിട്ട് മറ്റൊരു ഓപ്പറേഷനും ഇതേ കാലയളവിൽ നടത്തിയതായി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. 200 കിലോമീറ്ററിലധികം അകലെയുള്ള സിയാൽകോട്ടിനടുത്ത് ഈ നിലയിൽ ഒരു JF-17 നശിപ്പിക്കപ്പെട്ടിരുന്നു.
ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഉപരിതല-വിമാന മിസൈൽ ആക്രമണങ്ങളിൽ ഒന്നായാണ് ഇന്ത്യൻ വ്യോമസേനയുടെ നേട്ടം ചൂണ്ടിക്കാണിക്കപ്പെടുന്നത്. നാല് ദിവസം നീണ്ടുനിന്ന ഓപ്പറേഷൻ സിന്ദൂർ പാകിസ്താൻ വ്യോമസേനയ്ക്ക് കനത്ത നഷ്ടം വരുത്തിയതായാണ് റിപ്പോർട്ടുകൾ. S-400 സിസ്റ്റം ഉപയോഗിച്ച് ആറ് വിമാനങ്ങൾ നശിപ്പിക്കപ്പെട്ടുവെന്നും ബ്രഹ്മോസ് മിസൈൽ ആക്രമണം ബൊളാരി എയർബേസിലെ മറ്റൊരു AWACS-നെ നശിപ്പിച്ചുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Content Highlights: Indian Air Force Shoots Down Pakistani AWACS From Unbelievable Distance During Operation Sindoor