'ജെൻസി' സമരനായകൻ കൊല്ലപ്പെട്ടു; ബംഗ്ലാദേശിൽ വ്യാപക സംഘർഷം; ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങളുമുണ്ടെന്ന് വിവരം

പ്രതിഷേധക്കാരോട് സംയമനം പാലിക്കാൻ ഇടക്കാല ഭരണാധികാരി മുഹമ്മദ് യൂനസ് ആഹ്വാനം ചെയ്‌തു

'ജെൻസി' സമരനായകൻ കൊല്ലപ്പെട്ടു; ബംഗ്ലാദേശിൽ വ്യാപക സംഘർഷം; ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങളുമുണ്ടെന്ന് വിവരം
dot image

ധാക്ക: 'ജെൻസി' നേതാവ് ഷെരീഫ് ഒസ്മാൻ ഹാദിയുടെ മരണത്തെത്തുടർന്ന് ബംഗ്ലാദേശിൽ വ്യാപക സംഘർഷം. യുവാക്കളടക്കം തെരുവിലിറങ്ങുകയും മാധ്യമസ്ഥാപനങ്ങളുടെ ഓഫീസുകൾക്കടക്കം തീയിടുകയും ചെയ്തു. പ്രതിഷേധക്കാരോട് സംയമനം പാലിക്കാൻ ഇടക്കാല ഭരണാധികാരി മുഹമ്മദ് യൂനസ് ആഹ്വാനം ചെയ്‌തു.

വ്യാഴാഴ്ച രാത്രി സിംഗപ്പൂരിലെ ആശുപത്രിയിൽ വെച്ചായിരുന്നു ഒസ്മാൻ ഹാദിയുടെ മരണം സംഭവിച്ചത്. ധാക്കയിലെ ബിജോയ്‌നഗർ പ്രദേശത്ത് തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുന്നതിനിടെ അജ്ഞാതർ ഹാദിയെ വെടിവെക്കുകയായിരുന്നു. മുഖംമൂടി വെച്ചവരാണ് വെടിയുതിർത്തത്. ഇവരെ ഇനിയും കണ്ടെത്താനായിട്ടില്ല. ഹാദിയുടെ തലയിലാണ് വെടിയേറ്റത്. ആരോഗ്യാവസ്ഥ അതീവ ഗുരുതരമായതോടെ കൂടുതൽ ചികിത്സയ്ക്കായി ഹാദിയെ സിംഗപ്പൂരിലേക്ക് കൊണ്ടുപോയിരുന്നു. അവിടെവെച്ചാണ് മരണം സംഭവിച്ചത്.

മുഹമ്മദ് യൂനസ് തന്നെയാണ് ഹാദിയുടെ വിയോഗവർത്ത ജനങ്ങളെ അറിയിച്ചത്. ഹാദിയുടെ വിയോഗം രാജ്യത്തിനുണ്ടാക്കുന്നത് വലിയ നഷ്ടമാണ് എന്നാണ് യൂനസ് പറഞ്ഞത്. രാജ്യത്തെ ജനാധിപത്യ വ്യവസ്ഥയെ ഭയവും അക്രമവും രക്തച്ചൊരിച്ചിലും കൊണ്ട് അട്ടിമറിക്കാനാകില്ലെന്നും യൂനസ് പറഞ്ഞു.

2026ൽ നടക്കാനിരിക്കുന്ന ബംഗ്ലാദേശ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുകയായിരുന്നു ഹാദി. ഷെയ്ഖ് ഹസീനയെ അധികാരത്തിൽ നിന്ന് നിലത്തിറക്കിയ പ്രക്ഷോഭത്തിൽ ഹാദി മുൻനിരയിലുണ്ടായിരുന്നു. ഇത്തരത്തിൽ ബംഗ്ലാദേശിലെ 'ജെൻസി' തലമുറയ്ക്കിടയിലെ പ്രമുഖ നേതാവായിരുന്നു ഹാദി.

ഹാദിയുടെ മരണത്തെത്തുടർന്ന് ബംഗ്ലാദേശിൽ വ്യാപക സംഘർഷം പൊട്ടിപ്പുറപ്പെട്ടു. ജതിയ ഛത്ര ശക്തി എന്ന വിദ്യാർത്ഥി സംഘടന സംഘടിപ്പിച്ച വിലാപയാത്രയ്ക്കിടെയാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. സംഘടന ആഭ്യന്തര മന്ത്രിയുടെ കോലം കത്തിക്കുകയും രാജി ആവശ്യപ്പെടുകയും ചെയ്തു. ബംഗ്ലാദേശ് പത്രമായ പ്രോതോം അലോയുടെ ഓഫീസ് സംഘം അടിച്ചുതകർക്കുകയും മാധ്യമപ്രവർത്തകർ അടക്കം നിരവധി പേരെ ആക്രമിക്കുകയും ചെയ്തു. 'ഡെയ്‌ലി സൂപ്പർസ്റ്റാർ' പത്രത്തിന്റെ ഓഫീസും അക്രമികൾ അടിച്ചുതകർത്തു. അവാമി ലീഗിന്‍റെ ഓഫീസുകളും ആക്രമിക്കപ്പെട്ടിട്ടുണ്ട് എന്നും പ്രതിഷേധത്തില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യവും ഉയർന്നുകേട്ടു എന്നും വിവരമുണ്ട്.

Protests after Sharif Osman Hadis death in Bangladesh

നിരവധി രാഷ്ട്രീയകക്ഷികൾ ഹാദിയുടെ മരണത്തിൽ അനുശോചനവുമായി രംഗത്തെത്തിയിട്ടുണ്ട്. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി, ജമാഅത്തെ ഇസ്‌ലാമി തുടങ്ങിയവർ അനുശോചനവുമായി രംഗത്തെത്തി. സംഭവത്തിൽ ഡിസംബർ 20ന് രാജ്യവ്യാപകമായി ദുഃഖാചരണം ആചരിക്കാൻ ബംഗ്ലാദേശ് സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

Content Highlights: Bangladesh witness violence as youth leader Sharif Osman Hadi dies

dot image
To advertise here,contact us
dot image