ജാതി സർവെ വേണമെന്ന ആവശ്യത്തിൽ ഒരുമിച്ച്; സഖ്യം സംബന്ധിച്ച അഭ്യൂഹങ്ങൾക്കിടെ PMK പരിപാടിയിൽ പങ്കെടുക്കാതെ TVK

വിജയ് സംസ്ഥാന വ്യാപക പര്യടനം ആരംഭിക്കുന്നതിൻ്റെ തലേദിവസം പിഎംകെ സംഘടിപ്പിച്ച പ്രതിഷേധത്തിൽ നിന്നാണ് ടിവികെ വിട്ടുനിന്നത്

ജാതി സർവെ വേണമെന്ന ആവശ്യത്തിൽ ഒരുമിച്ച്;  സഖ്യം സംബന്ധിച്ച അഭ്യൂഹങ്ങൾക്കിടെ PMK പരിപാടിയിൽ പങ്കെടുക്കാതെ TVK
dot image

ചെന്നൈ: പട്ടാണി മക്കൾ കക്ഷിയുടെ നേതാവ് അൻപുമണി രാമദാസിൻ്റെ നേതൃത്വത്തിലുള്ള പ്രതിഷേധ പരിപാടിയിൽ നിന്ന് വിട്ട് നിന്ന് തമിഴക വെട്രി കഴകം. പിഎംകെയും ടിവികെയും സഖ്യമുണ്ടാകുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഡിഎംകെ സർക്കാരിനെതിരെ പിഎംകെ നടത്തിയ പ്രതിഷേധത്തിൽ നിന്ന് ടിവികെ വിട്ടുനിന്നത്. ടിവികെ നേതാവ് വിജയ് സംസ്ഥാന വ്യാപക പര്യടനം ആരംഭിക്കുന്നതിൻ്റെ തലേദിവസം പിഎംകെ സംഘടിപ്പിച്ച പ്രതിഷേധത്തിൽ നിന്നാണ് ടിവികെ വിട്ടുനിന്നത്.

ജാതി അടിസ്ഥാനമായുള്ള സർവെ ആവശ്യപ്പെട്ടായിരുന്നു അൻപുണി രാമദാസിൻ്റെ നേതൃത്വത്തിൽ ചെന്നൈയിൽ പ്രതിഷേധം സംഘടിപ്പിച്ചത്. ജാതി അടിസ്ഥാനപ്പെടുത്തിയുള്ള സർവെ നടപടികൾ ഡിഎംകെ സർക്കാർ തടയുകയാണെന്നാണ് പിഎംകെയുടെ ആരോപണം. ടിടിവി ദിനകരൻ്റെ അമ്മ മക്കൾ മുന്നേറ്റ കഴകവും ബിജെപിയും പരിപാടിയിൽ പങ്കെടുത്തിരുന്നു.

അൻപുമണി രാമദാസിൻ്റെ വിശ്വസ്തനും പിഎംകെ നേതാവുമായ അഡ്വക്കേറ്റ് ബാലു മുതിർന്ന ടിവികെ നേതാക്കളെ സമരത്തിൽ പങ്കെടുക്കാൻ വ്യക്തിപരമായി ക്ഷണിച്ചിരുന്നു. ബിജെപിയുമായുള്ള ബന്ധം വിച്ഛേദിച്ച് ടിവികെയുമായി പിഎംകെ സഖ്യം ചേരാൻ നീക്കം നടത്തുന്നവെന്ന അഭ്യൂഹങ്ങൾക്കിടെയായിരുന്നു ബാലു ടിവികെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്. പിഎംകെയുമായുള്ള സഖ്യത്തോട് വിയോജിപ്പില്ലെങ്കിലും പ്രത്യയശാസ്ത്ര എതിരാളികളായി കാണുന്ന ബിജെപിയുമായി വേദി പങ്കിടാൻ കഴിയാത്തതിനാലാണ് ടിവികെ വിട്ടു നിന്നതെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്.

തമിഴ്നാട്ടിൽ ജാതി സെൻസസ് നടത്തണമെന്ന് പിഎംകെയും ടിവികെയും ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര സർക്കാർ നടത്തിയാൽ മാത്രമേ ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസ് നിയമപരമായി അംഗീകരിക്കാൻ കഴിയൂ എന്നതാണ് ഡിഎംകെ സർക്കാരിൻ്റെ നിലപാട്. ഈ നിലപാട് പ്രതിപക്ഷ പാർട്ടികൾ തള്ളിയിരുന്നു. ഡിഎംകെയുടെ നിലപാട് ഒരു 'കണ്ണുകെട്ടൽ' മാത്രമാണെന്ന് ടിവികെ നേതാവ് ആധവ് അർജുന നേരത്തെ പറഞ്ഞിരുന്നു. ഈ വിഷയത്തിൽ പിഎംകെ ടിവികെക്ക് കത്തെഴുതിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "ഒരു നല്ല കാര്യത്തെക്കുറിച്ച് പിഎംകെ ഞങ്ങൾക്ക് ഒരു കത്ത് നൽകിയിട്ടുണ്ട്. ഞങ്ങൾ ഇത് ഞങ്ങളുടെ നേതാവുമായി പങ്കുവെക്കുകയും ഒരു തീരുമാനം പ്രഖ്യാപിക്കുകയും ചെയ്യുമെന്നും ആധവ് വ്യക്തമാക്കിയിരുന്നു.

തങ്ങളുടെ നേതൃത്വത്തിലുള്ള ഒരു സഖ്യം അധികാരത്തിൽ വന്നാൽ സഖ്യത്തിലുള്ളവരുമായും അധികാരം പങ്കുവെയ്ക്കുമെന്ന് നേരത്തെ ടിവികെ വാഗ്ദാനം ചെയ്തിരുന്നു. ഇതുവരെ ഒരു പ്രധാന പാർട്ടിയും വിജയ്‌യുമായി ഔദ്യോഗികമായി കൈകോർത്തിട്ടില്ല. പിഎംകെയുമായുള്ള ധാരണ ടിവികെയ്ക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തൽ. വടക്കൻ തമിഴ്‌നാട്ടിൽ ശക്തമായ സംഘടനാ ശക്തി പിഎംകെയ്ക്കുണ്ട്. സ്വന്തം നിലയിൽ അധികാരം പിടിക്കാനുള്ള ശേഷി പിഎംകെയ്ക്ക് ഇല്ല. അതിനാൽ തന്നെ ടിവികെയുമായി സഖ്യം ചേരുന്നത് അധികാരത്തിൽ പങ്കാളികളാകാൻ അവസരമുണ്ടാക്കുമെന്നാണ് അൻപുമണി രാമദാസിൻ്റെ വിശ്വസ്തരായ നേതാക്കൾ കണക്കാക്കുന്നത്. നിലവിൽ പിഎംകെയിൽ പിളർപ്പിനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. അൻപുമണി രാമദാസും പാർട്ടി സ്ഥാപകനും പിതാവുമായ ഡോ എസ് രാമദാസുമായുള്ള അഭിപ്രായ ഭിന്നത പിഎംകെയുടെ പിളർപ്പിന് വഴി തുറന്നേക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

Content Highlights: Vijay's TVK Skips PMK Protest Alliance Possibility Hangs In The Balance

dot image
To advertise here,contact us
dot image