

തിരുവനന്തപുരം: 'പോറ്റിയേ കേറ്റിയേ…' എന്ന വിവാദ പാരഡി ഗാനത്തില്‍ പരാതിക്കാരന് തിരിച്ചടി. പ്രതികള്‍ക്കെതിരെ ഉടന്‍ കടുത്ത നടപടി ഉണ്ടാകില്ല. കേസ് കോടതിയിലെത്തിയാല്‍ തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് പൊലീസ്. കേസില്‍ ചോദ്യം ചെയ്യല്‍ അടക്കമുള്ള പ്രാഥമിക നടപടികള്‍ പൂര്‍ത്തീകരിക്കും. പ്രതികള്‍ക്ക് നോട്ടീസ് അയച്ചശേഷമായിരിക്കും തുടര്‍നടപടി. പ്രതിപ്പട്ടികയില്‍ ഇല്ലാത്ത അണിയറ പ്രവര്‍ത്തകരുടെ മൊഴിയെടുക്കാനും നീക്കമുണ്ട്. പരാതിക്കാരന്റെ മൊഴി നാളെയോ മറ്റന്നാളോ രേഖപ്പെടുത്തും.
ഗാനം അയ്യപ്പഭക്തിഗാനത്തെ അവഹേളിക്കുന്നതായി കാണിച്ച് തിരുവാഭരണപാത സംരക്ഷണ സമിതിയാണ് ഡിജിപിക്ക് പരാതി നല്‍കിയത്. രാഷ്ട്രീയ ലാഭത്തിനുവേണ്ടി പാരഡി ഗാനം പ്രചരിപ്പിക്കുന്നത് അയ്യപ്പഭക്തര്‍ക്ക് അംഗീകരിക്കാന്‍ കഴിയില്ല എന്ന് പരാതിയില്‍ പറയുന്നു. പാരഡി ഗാനം പിന്‍വലിക്കുകയും പാരഡി ഗാനം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നുമാണ് തിരുവാഭരണ പാത സംരക്ഷണ സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രസാദ് കുഴികാല ആവശ്യപ്പെട്ടത്.
അയ്യപ്പഭക്തരെ സംബന്ധിച്ച് ഏറ്റവും ഭക്തിയുള്ള ഗാനത്തെയാണ് പാരഡി ഗാനമായി ഉപയോഗിച്ചത്, പാരഡി ഗാനത്തിനകത്ത് അയ്യപ്പ എന്ന വാക്ക് ഉപയോഗിച്ചത് ഭക്തരെ സംബന്ധിച്ച് പ്രയാസമുണ്ടാക്കിയതായും പരാതിയില്‍ പറയുന്നു. കേരളത്തിലെ എംപിമാര്‍ പാര്‍ലമെന്റിനു മുന്നില്‍ പാരഡി ഗാനം പാടി സമരം ചെയ്തത് ലോകം മുഴുവന്‍ പ്രചരിച്ചു, പാരഡി ഗാനത്തിന് പിന്നിലുള്ള ഉദ്ദേശശുദ്ധിയെക്കുറിച്ച് അന്വേഷണം നടത്തണമെന്നും പരാതിയില്‍ ആലോപിച്ചിരുന്നു. എന്നാല്‍ ഗാനം സംബന്ധിച്ച് ഡിജിപിക്ക് പരാതി നല്‍കിയത് സമിതി അല്ലെന്ന് ആരോപിച്ച് തിരുവാഭരണ പാത സംരക്ഷണ സമിതി ചെയര്‍മാന്‍ കെ ഹരിദാസ് വ്യക്തമാക്കിയിരുന്നു.
Content Highlights: pottiye kettiye song police will not take immediate action