

ഒമാനിലെ ഇന്ത്യന്‍ സമൂഹത്തെ മലയാളത്തില്‍ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. സുഖമാണോ എന്നായിരുന്നു പ്രവാസി മലയാളികളോടുള്ള മോദിയുടെ ചോദ്യം. നിറഞ്ഞ കരഘോഷത്തോടെയാണ് മോദിയുടെ സ്‌നേഹാന്വേഷണം സദസ് ഏറ്റുവാങ്ങിയത്.
ഒമാന്‍ എക്സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷണല്‍ സെന്ററില്‍ ഇന്ത്യന്‍ പ്രവാസികള്‍ തിങ്ങിനിറഞ്ഞ പൊതുസമ്മേളനമായിരുന്നു മോദിയുടെ അഭിസംബോധന. വിവിധ വിഷയങ്ങളിലൂന്നിയുള്ള പ്രസംഗത്തിനിടയിലായിരുന്നു മലയാളികളെ മോദി പ്രത്യേകം അഭിസംബോദന ചെയ്ത്. ധാരാളം മലയാളികളെ ഇവിടെ കാണാന്‍ കഴിയുന്നുണ്ടെന്ന് പറഞ്ഞ ശേഷമായിരുന്നു കേരളീയരോടുള്ള പ്രധാനമന്ത്രിയുടെ സ്‌നേഹാന്വേഷണം.
ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രവാസികളെയും മോദി അഭിസംബോധന ചെയ്തു. മലയാളികള്‍ മാത്രമല്ല തമിഴ്, തെലുങ്ക്, കന്നട, ഗുജറാത്ത്, ഭാഷകള്‍ സംസാരിക്കുന്നവരും ഇവിടെയുണ്ടെന്നും മിനി ഇന്ത്യയെ ഒമാനില്‍ കാണാനായതില്‍ ഏറെ സന്തോഷമുണ്ടെന്നും നരേന്ദ്രമോദി പറഞ്ഞു. രാജ്യത്തിന്റെ പുരോഗതിയില്‍ പ്രവാസികള്‍ നല്‍കിയ സംഭാവകളെയും അദ്ദേഹം പ്രകീര്‍ത്തിച്ചു. പ്രധാനമന്ത്രിയുടെ ഓരോ വാക്കും കരഘോഷത്തോടെയാണ് സദസ് ഏറ്റുവാങ്ങിയത്.
ഒമാന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മൂവായിരത്തോളം ഇന്ത്യന്‍ പ്രവാസികളാണ് ഒമാന്‍ എക്സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷണല്‍ സെന്ററില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തത്.
നരേന്ദ്ര മോദിയുടെ ഒമാൻ സന്ദർശനത്തിന്റെ ഭാഗമായി ഇന്ത്യയും ഒമാനും തമ്മില്‍ സ്വതന്ത്ര സാമ്പത്തിക പങ്കാളിത്ത കരാരില്‍ ഒപ്പുവച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഒമാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് സുപ്രധാന കരാര്‍ യാഥാര്‍ത്ഥ്യമായത്. വിവിധ മേഖലകളിലെ കയറ്റുമതിക്ക് ഇന്ത്യക്ക് വലിയ അവസരങ്ങള്‍ തുറക്കും.
ഇന്ത്യയില്‍ നിന്നുള്ള 98 ശതമാനം ഉത്പനങ്ങൾക്കും ഒമാനിലേക്ക് നികുതിയില്ലാതെ കയറ്റുമതി സാധ്യമാകുമെന്നാണ് കറാറിന്റെ പ്രധാന നേട്ടം. തുണിത്തരങ്ങള്‍, തുകല്‍, പാദരക്ഷകള്‍, രത്നങ്ങള്‍, ആഭരണങ്ങള്‍, എഞ്ചിനീയറിംഗ് ഉത്പന്നങ്ങള്‍, പ്ലാസ്റ്റിക്കുകള്‍, ഫര്‍ണിച്ചര്‍, കാര്‍ഷിക ഉത്പ്പന്നങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, മെഡിക്കല്‍ ഉപകരണങ്ങള്‍, ഓട്ടോമൊബൈലുകള്‍ എന്നീ ഉത്പ്പാദന മേഖലകളില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനും കരാര്‍ വഴിവെക്കും.
കരകൗശല വിദഗ്ധര്‍, സ്ത്രീകള്‍ നയിക്കുന്ന സംരംഭങ്ങള്‍, എംഎസ്എംഇ സംരഭങ്ങള്‍ എന്നിവയെ ശാക്തീകരിക്കാനും സ്വതന്ത്ര വ്യാപാര കരാര്‍ സഹായിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. ഒമാനിലെ പ്രധാന സേവന മേഖലകളില്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് 100 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കുന്നതിനും കരാറില്‍ വ്യവസ്ഥയുണ്ട്.
ഇന്ത്യയിലെ ആയുര്‍വേദ മേഖലക്കും ഒമാനുമായുള്ള സ്വതന്ത്ര വ്യാപാര കരാറിന്റെ ഗുണഫലങ്ങള്‍ ലഭിക്കും. യുകെക്ക് ശേഷം കഴിഞ്ഞ ആറു മാസത്തിനിടെ ഇന്ത്യയുമായി സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പിടുന്ന രണ്ടാമത്തെ രാജ്യമാണ് ഒമാന്‍. രണ്ട് പതിറ്റാണ്ടിന് ശേഷം ഒമാന്‍ മറ്റൊരു രാജ്യവുമായി ഒപ്പുവക്കുന്ന ആദ്യ സ്വതന്ത്ര വ്യാപാര കരാരാര്‍ എന്നതും പ്രത്യേകതയാണ്. 2006 ല്‍ അമേരിക്കയുമായാണ് ഇതിനു മുന്‍പ് ഒമാന്‍ സ്വതന്ത്ര വ്യാപാര കാരാറില്‍ ഏര്‍പ്പെട്ടത്.
Content Highlights: Prime Minister Narendra Modi addresses the Indian community in Oman in Malayalam