

ന്യൂഡല്‍ഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേരും ചട്ടങ്ങളും മാറ്റാനുള്ള ബില്ലിനെതിരെ രാജ്യ വ്യാപക പ്രതിഷേധം സംഘടിപ്പിക്കാന്‍ കോണ്‍ഗ്രസ്. ബിജെപിയും ആര്‍എസ്എസും അവകാശങ്ങളുടെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ക്ക് നല്‍കുന്ന ക്ഷേമ പ്രവര്‍ത്തനങ്ങളെ ഇല്ലാതാക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. രാജ്യത്തെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പ്രതിഷേധ പ്രകടനം സംഘടിപ്പിക്കാന്‍ സംസ്ഥാന യൂണിറ്റുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മഹാത്മാഗാന്ധിയുടെ പേരും ആദര്‍ശങ്ങളും ജനങ്ങളുടെ മനസില്‍ ഊട്ടിയുറപ്പിക്കാനുള്ള ഈ പ്രതിഷേധത്തില്‍ ഗാന്ധിയുടെ ചിത്രങ്ങളും ബോര്‍ഡുകളും ഉപയോഗിക്കുമെന്ന് ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ് വ്യക്തമാക്കി. 'ഗാന്ധിജിയുടെ മൂല്യങ്ങളെയും ആശയങ്ങളെയും ഉയര്‍ത്തിപ്പിടിക്കുന്നതിനും ജനങ്ങള്‍ക്ക് തൊഴിലവകാശം ഉറപ്പാക്കുന്നതിനുമുള്ള പദ്ധതിയെ കേന്ദ്ര നിയന്ത്രണത്തിലുള്ള ഒരു ചാരിറ്റിയാക്കാന്‍ ബിജെപിയും ആര്‍എസ്എസും ശ്രമിക്കുന്നു.' എന്ന് കോണ്‍ഗ്രസ് എക്‌സില്‍ കുറിച്ചു. ഇത് കണക്കിലെടുത്ത് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഡിസംബര്‍ 17ന് പ്രതിഷേധം സംഘടിപ്പിക്കാനാണ് കോൺഗ്രസ് അഖിലേന്ത്യാ നേതൃത്വത്തിൻ്റെ ആഹ്വാനം.
'പാര്‍ട്ടിയുടെ സ്ഥാപക ദിനമായ ഡിസംബര്‍ 28ന് എല്ലാ മണ്ഡലങ്ങളിലും ഗാന്ധിജിയുടെ ഛായാചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. അദ്ദേഹത്തിന്റെ ആദര്‍ശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനും സാമൂഹ്യ നീതിക്കും തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നതിനും വേണ്ടിയാണിത്. കോണ്‍ഗ്രസ് നടത്തുന്ന പ്രതിഷേധം ഇക്കാര്യങ്ങള്‍ ഊട്ടിയുറപ്പിക്കാനാണ്.' കോൺഗ്രസ് വ്യക്തമാക്കി. പ്രതിഷേധത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, സിവില്‍ സൊസൈറ്റി സംഘടനകള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, പൊതുജനങ്ങള്‍ എന്നിവരുടെ പിന്തുണയും ഉണ്ടാവണമെന്നും കോൺഗ്രസ് നേതൃത്വം അഭ്യർത്ഥിച്ചിട്ടുണ്ട്. ബിജെപി സര്‍ക്കാര്‍ ജനകീയ നയങ്ങളെ എങ്ങനെ ഇല്ലാതാക്കുന്നു, ഉപജീവനമാര്‍ഗത്തെ എങ്ങനെ തകര്‍ക്കുന്നു, ഗാന്ധിജിയുടെ ദര്‍ശനങ്ങളെ എങ്ങനെ ഇല്ലായ്മ ചെയ്യുന്നു തുടങ്ങിയ കാര്യങ്ങള്‍ എടുത്ത് കാണിക്കാന്‍ കോണ്‍ഗ്രസിന് കഴിയുമെന്നും നേതൃത്വം എടുത്ത് പറഞ്ഞു.
'ഇത് രാഷ്ട്രീയവും ധാര്‍മികവുമായ പോരാട്ടമാണ്. ഗാന്ധിജിയുടെ പൈതൃകവും ദരിദ്രരെ സംരക്ഷിക്കുമെന്ന ഭരണഘടനയുടെ വാഗ്ദാനവും നിറവേറ്റാനുള്ളതാണ് തൊഴിലുറപ്പ് പദ്ധതി. അതിനെ സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് മുന്നിട്ടിറങ്ങുമെന്നും' കോൺഗ്രസ് കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ (എംജിഎന്‍ആര്‍ഇജിഎ) പേരും ഘടനയും മാറ്റാനുള്ള ബില്‍ കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചത്. വികസിത് ഭാരത് ഗ്യാരന്റി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍ ഗ്രാമീണ്‍ എന്നാണ് പുതിയ പേര്. വിബി ജി റാം ജി എന്നാണ് പദ്ധതിയുടെ ചുരുക്കപ്പേര്. തൊഴില്‍ ദിനങ്ങള്‍ നൂറില്‍ നിന്ന് 125 ആക്കി ഉയര്‍ത്തിയേക്കും. പദ്ധതിയില്‍ കേന്ദ്രവിഹിതം കുറയും. 60 ശതമാനം തുക കേന്ദ്രം നല്‍കും. ബാക്കി 40 ശതമാനം സംസ്ഥാനസര്‍ക്കാരുകള്‍ നല്‍കണം. നിലവില്‍ 75 ശതമാനമാണ് കേന്ദ്രം നല്‍കുന്നത്. പ്രതിപക്ഷ എതിര്‍പ്പിനെ തുടര്‍ന്ന് ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതിക്ക് വിടുമെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു.
Content Highlight; Congress to Hold Nationwide Protest Against Decision to Rename MGNREGA