ഭാഗ്യലക്ഷ്മിയുടെ രാജി അംഗീകരിച്ച് ഫെഫ്ക; വ്യസനത്തോടെ അംഗീകരിക്കുന്നുവെന്ന് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് യൂണിയന്‍

നടിയെ ആക്രമിച്ച കേസില്‍ നിന്നും കുറ്റവിമുക്തനാക്കിയ ദിലീപിനെ തിരികെ കൊണ്ടുവരാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണ് ഭാഗ്യലക്ഷ്മി രാജിവെച്ചത്

ഭാഗ്യലക്ഷ്മിയുടെ രാജി അംഗീകരിച്ച് ഫെഫ്ക; വ്യസനത്തോടെ അംഗീകരിക്കുന്നുവെന്ന് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് യൂണിയന്‍
dot image

കൊച്ചി: ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ രാജി അംഗീകരിച്ച് ഫെഫ്ക. വ്യസനത്തോടെ രാജി അംഗീകരിക്കുന്നുവെന്ന് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് യൂണിയന്‍ പറഞ്ഞു. നടിയെ ആക്രമിച്ച കേസില്‍ നിന്നും കുറ്റവിമുക്തനാക്കിയ ദിലീപിനെ തിരികെ കൊണ്ടുവരാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണ് ഭാഗ്യലക്ഷ്മി രാജിവെച്ചത്. ഗൂഢാലോചന കുറ്റം ഉള്‍പ്പെടെ തെളിയിക്കപ്പെടാതിരുന്നതിനെ തുടര്‍ന്നായിരുന്നു നടി ആക്രമിക്കപ്പെട്ട കേസില്‍ നിന്നും എട്ടാം പ്രതിയായ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയത്.

ഫെഫ്കയുടെ രൂപീകരണ കാലം മുതല്‍ സംഘടയനയുടെ നേതൃനിരയിലുണ്ടായിരുന്ന ഭാഗ്യലക്ഷ്മി നിലവില്‍ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗമാണ്. നടി ആക്രമിക്കപ്പെട്ട കേസില്‍ തുടക്കം മുതല്‍ തന്നെ അതിശക്തമായ നിലപാട് സ്വീകരിച്ച വ്യക്തിയായിരുന്നു ഭാഗ്യലക്ഷ്മി. ദിലിപിനെ കുറ്റവിമുക്തനാക്കിയ കോടതി വിധി വന്നതിന് പിന്നാലെയും തന്റെ വിമര്‍ശനം ശക്തമായ ഭാഷയില്‍ തന്നെ അവര്‍ രേഖപ്പെടുത്തി. 'വിധിയില്‍ ഒട്ടും ഞെട്ടലില്ല. ഇത് മുന്‍പേ എഴുതിവെച്ച വിധിയാണെന്ന് താന്‍ നാല് വര്‍ഷം മുന്‍പ് പറഞ്ഞിട്ടുണ്ട്' എന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ പ്രതികരണം.

കോടതി വിധി വന്നതിന് പിന്നാലെയായിരുന്നു ദിലീപിനെ സംഘടനയിലേക്ക് തിരികെ കൊണ്ടുവരുമെന്ന നിലപാട് ബി ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കിയത്. '2 മണിക്കൂറിനുള്ളില്‍ ദിലീപിനെ പുറത്താക്കിയ സംഘടനയാണ് ഫെഫ്ക. അന്ന് വിശേഷിച്ച് ഒരു കമ്മിറ്റിയും കൂടാതെയാണ് തീരുമാനം എടുത്തത്, ഫെഫ്കയുടെ ഭരണഘടന ജനറല്‍ സെക്രട്ടറിയ്ക്ക് നല്‍കുന്ന അധികാരങ്ങളെ ആദ്യമായി ഉപയോഗപ്പെടുത്തിയ സന്ദര്‍ഭം അതാണ്. ട്രേഡ് യൂണിയന്‍ എന്ന നിലയില്‍ ഞങ്ങള്‍ ദിലീപിനെ കുറ്റാരോപിതനായ സമയം അംഗ്വത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. ഇന്ന് വിധിയിലൂടെ അദ്ദേഹം കുറ്റവിമുക്തമായി. ആ സാഹചര്യത്തില്‍ തീര്‍ച്ചയായും അദ്ദേഹത്തിന്റെ അംഗ്വത്വത്തെ സംബന്ധിച്ചുള്ള തുടര്‍ നടപടികള്‍ എന്തായിരിക്കണമെന്ന് ആലോചിക്കാന്‍ യൂണിയനോട് ആവശ്യപ്പെടുന്നുണ്ട്' എന്നായിരുന്നു ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞത്.

Content Highlight; FEFKA accepts Bhagyalakshmi's resignation; Dubbing Artists Union says Acknowledges It with Sadness

dot image
To advertise here,contact us
dot image