

മുംബൈ: ഒരുലക്ഷം രൂപയുടെ കടം തീര്‍ക്കാന്‍ കിഡ്‌നി വിറ്റ് കര്‍ഷകന്‍. മഹാരാഷ്ട്രയില്‍ നിന്നുളള റോഷന്‍ സദാശിവ് കുഡെയാണ് കംബോഡിയയിലേക്ക് പോയി കിഡ്‌നി വിറ്റ് കടംവീട്ടിയത്. ഒരുലക്ഷം രൂപയായിരുന്നു റോഷന്റെ കടം. പതിനായിരം രൂപ ദിവസപ്പലിശയും കൂടിച്ചേര്‍ന്നതോടെ കടം 74 ലക്ഷം രൂപയായി ഉയരുകയായിരുന്നു. സംഭവത്തിൽ തനിക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് അധികാരികളെ സമീപിച്ചിരിക്കുകയാണ് അദ്ദേഹമിപ്പോൾ.
മഹാരാഷ്ട്രയിലെ ചന്ദ്രപൂര്‍ ജില്ലയില്‍ നിന്നുളള കര്‍ഷകനായിരുന്നു റോഷന്‍ സദാശിവ് കുടെ. കൃഷിയില്‍ തുടര്‍ച്ചയായി നഷ്ടം മാത്രമായതോടെ അദ്ദേഹം ക്ഷീരവ്യവസായത്തിലേക്ക് കടക്കാന്‍ തീരുമാനിച്ചു. അതിനായി പശുക്കളെ വാങ്ങാന്‍ കൊളളപ്പലിശക്കാരില്‍ നിന്നുമാണ് ഒരുലക്ഷം രൂപ പണം വായ്പ്പയായി വാങ്ങിയത്. രണ്ട് പലിശക്കാരില്‍ നിന്നും അമ്പതിനായിരം രൂപ വീതമാണ് റോഷന്‍ വാങ്ങിയത്. എന്നാല്‍ ബിസിനസ് ആരംഭിക്കുന്നതിന് മുന്‍പേ തന്നെ അദ്ദേഹം വാങ്ങിയ പശുക്കൾ ചത്തു. വിളകളും അപ്പോഴേക്കും നശിച്ചിരുന്നു. ഇതോടെ കര്‍ഷകന്‍ കണക്കെണിയിലായി.
പണം കൊടുത്ത കൊളളപ്പലിശക്കാര്‍ നിരന്തരം ഭീഷണി ആരംഭിച്ചു. രണ്ടേക്കര്‍ കൃഷിഭൂമിയും രണ്ട് ഇരുചക്ര വാഹനങ്ങളും ഒരു ട്രാക്ടറും സ്വര്‍ണാഭരണങ്ങളും വിറ്റ് പണം നല്‍കിയതിന് ശേഷവും കൊളളപ്പലിശക്കാര്‍ അത് മതിയാകില്ലെന്ന് പറഞ്ഞ് ദിവസവും പതിനായിരം രൂപ പിഴ ചുമത്തുന്നത് തുടര്‍ന്നു.
'ഞാന്‍ എന്റെ കൃഷിഭൂമി വിറ്റു, ട്രാക്ടറും രണ്ട് ഇരുചക്രവാഹനങ്ങളും വിറ്റു, ബന്ധുക്കളില്‍ നിന്നും കടം വാങ്ങിയ പണവും നല്‍കി. സ്വര്‍ണം വിറ്റും പണം നല്‍കി. പക്ഷെ അവര്‍ എന്നോട് കിഡ്‌നി വില്‍ക്കാനാണ് ആവശ്യപ്പെട്ടത്. ഒടുവില്‍ 8 ലക്ഷം രൂപയ്ക്ക് ഞാന്‍ എന്റെ കിഡ്‌നി വിറ്റു. കഴിഞ്ഞ നാല് മാസമായി ഞാന്‍ നീതി തേടി അലയുന്നു. പക്ഷെ എനിക്കത് ലഭിച്ചില്ല': സദാശിവ് കുഡെ പറഞ്ഞു. കൊല്‍ക്കത്തയില്‍ പോയി മെഡിക്കല്‍ ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കിയാണ് താന്‍ കംബോഡിയയിലേക്ക് സര്‍ജറിക്കായി പോയതെന്നും അവിടെവെച്ചാണ് കിഡ്‌നി എടുത്തതെന്നും അദ്ദേഹം പറഞ്ഞു.
നീതി തേടി അധികാരികളെ സമീപിച്ചിരിക്കുകയാണ് കുഡെ. പണമിടപാടുകാരെയും കിഡ്‌നി വില്‍പ്പനയ്ക്ക് സൗകര്യമൊരുക്കിയ ഏജന്റിനെയും വൃക്ക വിറ്റ കംബോഡിയയിലെ സ്ഥലവും തിരിച്ചറിയാന്‍ അന്വേഷണം നടത്തണമെന്നും തനിക്ക് നീതി ലഭ്യമാക്കണമെന്നുമാണ് കുഡെയുടെ ആവശ്യം.
Content Highlights: Debt of Rs 1 lakh rises to Rs 74 lakh: Farmer goes to Cambodia and sells kidney to pay off debt