

ന്യൂഡൽഹി: വോട്ട് കൊള്ളയ്‌ക്കെതിരെ പ്രതിഷേധവുമായി കോൺഗ്രസ്. ന്യൂഡൽഹിയിലെ രാം ലീല മൈതാനത്ത് നടന്ന പ്രതിഷേധ പരിപാടിയിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ സി വേണുഗോപാൽ തുടങ്ങിയ മുതിർന്ന നേതാക്കൾ പങ്കെടുത്തു.
കേന്ദ്ര സർക്കാരിനും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ രൂക്ഷ വിമർശനമാണ് നേതാക്കൾ പ്രതിഷേധ പരിപാടിയിൽ ഉന്നയിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര സർക്കാരിനൊപ്പം ചേർന്ന് പ്രവർത്തിക്കുകയാണെന്നും കമ്മീഷൻ എന്ത് ചെയ്താലും അതിൽ ശിക്ഷ ഒഴിവാക്കാൻ കേന്ദ്രം നിയമം കൊണ്ടുവന്നുവെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ത്യയുടെതാണ് മോദിയുടേതല്ല. ഹരിയാനയിൽ വോട്ട് കൊള്ള നടന്നു. ബ്രസീൽ വനിത ഹരിയാനയിലെ വോട്ടർ പട്ടികയിൽ ഇടം പിടിച്ചു. ഇതിലെല്ലാം ഉന്നയിച്ച ചോദ്യങ്ങൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി നൽകിയില്ല. വോട്ട് കൊള്ളയെ കുറിച്ച് ചോദിച്ചപ്പോൾ അമിത് ഷായ്ക്ക് പാർലമെന്റിൽ കൈ വിറച്ചുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
അമിത് ഷായെ ചർച്ചയ്ക്ക് വെല്ലുവിളിച്ച രാഹുൽ, മോദിയും ഷായും രണ്ടു മൂന്ന് കോടീശ്വരന്മാർക്ക് വേണ്ടിയാണ് ജോലി ചെയ്യുന്നതെന്നും ആരോപിച്ചു. സത്യം രാജ്യം കാണട്ടെ. വോട്ട് കൊള്ള പുറത്ത് വന്നതോടെ ബിജെപിയുടെ ആത്മവിശ്വാസം നഷ്ടമായി. ആർഎസ്എസിന്റെ ഡിഎൻഎയിൽ വോട്ട് കൊള്ള ഉണ്ടെന്നും അദ്ദേഹം തുറന്നടിച്ചു.
മോദിയും അമിത് ഷായും വോട്ട് കൊള്ള നടത്തുന്നുവെന്നത് കൊച്ചു കുട്ടികൾക്ക് വരെ അറിയാം. രാജ്യത്ത് സത്യം ജയിക്കും. സത്യം ഏറ്റവും പ്രധാനം എന്ന് മഹാത്മാ ഗാന്ധി പറഞ്ഞു. എന്നാൽ മോഹൻ ഭാഗവത് പറയുന്നത് ലോകം സത്യത്തെയല്ല ശക്തിയാണ് നോക്കുന്നത് എന്നാണ്. ഇവിടെ സത്യവും അസത്യവും തമ്മിലാണ് പോരാട്ടമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
വോട്ട് കൊള്ളയുടെ കാലത്ത് വോട്ടിന്റെ പ്രാധാന്യം മനസ്സിലാക്കേണ്ടത് അത്യാവശ്യമാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. ഭരണഘടന നൽകിയ വലിയ അവകാശമാണ് വോട്ട്.
രാജ്യത്ത് ഓരോ പൗരനും നേരെ ആക്രമണം നടക്കുകയാണ്. അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നു. വോട്ട് കൊള്ളയിൽ ചർച്ച നടത്താൻ സർക്കാരിന് ധൈര്യം ഇല്ല. ബാലറ്റ് പേപ്പറിലേക്ക് മടങ്ങിയാൽ ബിജെപി വിജയിക്കില്ല. ജനം കേന്ദ്ര സർക്കാരിൽ അസംതൃപ്തരാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ സഹായം ഇല്ലാതെ ബിജെപി വിജയിക്കില്ല. തെരഞ്ഞെടുപ്പ് പ്രക്രിയ മുഴുവൻ സംശയത്തിന്റെ നിഴലിലാണ്. ഉത്തർപ്രദേശിൽ മൂന്ന് കോടി വോട്ട് വെട്ടി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായ ഗ്യാനേഷ് കുമാർ ഉൾപ്പെടെയുള്ള മൂന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻമാരോടും ജനം കണക്ക് ചോദിക്കുന്ന ദിവസം ഉണ്ടാവും. അവരുടെ പേരുകൾ ജനം ഒരിക്കലും മറക്കരുത്. ഇവർ ഒരുനാൾ രാജ്യത്തോട് മറുപടി പറയണം. നമ്മുടെ വോട്ടുകൾ അവർ മോഷ്ടിച്ചുവെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ പോരാട്ടത്തിന് ശക്തി നൽകാനാണ് ഇവിടെ എത്തിയിരിക്കുന്നതെന്ന് മല്ലികാർജുൻ ഖർഗെ പറഞ്ഞു. വോട്ട് നഷ്ടമായാൽ ജനങ്ങളുടെ ശക്തി നഷ്ടമാകും.
ഭരണഘടനയെ തകർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. വോട്ട് കൊള്ള ചെയ്യുന്നവരെ പുറത്താക്കണം. പാർലമെന്റിൽ ചോദ്യങ്ങൾക്ക് കേന്ദ്രം മറുപടി നൽകുന്നില്ലെന്നും ഖർഗെ പറഞ്ഞു. അതേസമയം തദ്ദേശതെരഞ്ഞെടുപ്പിലെ കേരളത്തിലെ യുഡിഎഫ് വിജയം ഖർഗെ പ്രസംഗത്തിൽ പരാമർശിച്ചു. കേരളത്തിലെ നേതാക്കൾക്ക് അഭിനന്ദനം അറിയിക്കുകയും ചെയ്തു.
Content Highlights: vote chori congress rally at newdelhi