

മൂംബൈ: സുഹൃത്തുക്കളുടെ സഹായത്തോടെ വിഷപ്പാമ്പിനെ ഉപയോഗിച്ച് പാമ്പിനെ കൊലപ്പെടുത്തിയയാള്‍ അറസ്റ്റില്‍. മഹാരാഷ്ട്രയിൽ മൂന്ന് വർഷങ്ങൾക്ക് മുൻപായിരുന്നു സംഭവം. രൂപേഷ് എന്നയാളാണ് ഭാര്യ നീരജയെ പാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്തിയത്.
2022 ജൂലായ് 11ന് മുംബൈ ബദലാപൂര്‍ ഈസ്റ്റിലായിരുന്നു സംഭവം നടന്നത്. അപകടമരണമെന്ന് കരുതിയിരുന്ന സംഭവത്തില്‍ ചില സംശയങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് പൊലീസ് അന്വേഷണം ശക്തമാക്കുകയായിരുന്നു.
ബന്ധുക്കളുടെയും ദൃക്‌സാക്ഷികളുടെയും മൊഴിയില്‍ വൈരുദ്ധ്യമുണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അരുംകൊല വ്യക്തമായത്. ഇരുവരും തമ്മില്‍ വീട്ടില്‍ വഴക്ക് പതിവായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഭാര്യയെ ഇല്ലാതാക്കാന്‍ രൂപേഷ് പദ്ധതിയിട്ടത്. സുഹൃത്തുക്കളായ റിതികേഷ് രമേഷ് ചല്‍ക്കെ, കുനാല്‍ വിശ്വനാഥ് ചൗധരി എന്നിവരുമായി ചേര്‍ന്നാണ് രൂപേഷ് പദ്ധതി തയ്യാറാക്കിയത്. തുടര്‍ന്ന് പാമ്പുകളെ രക്ഷപ്പെടുത്തുന്ന വൊളന്റിയറായ ചേതന്‍ വിജയ് ദുധാനെന്ന ആളില്‍ നിന്നുമാണ് രൂപേഷ് വിഷപ്പാമ്പിനെ സംഘടിപ്പിച്ചത്. ഇതിനെ ഉപയോഗിച്ചാണ് നീരജയെ കൊലപ്പെടുത്തിയത്. സംഭവത്തില്‍ രൂപേഷിനെയും സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.
ബദ്‌ലാപൂരിലെ കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകയാണ് നീരജ. ആറു മാസം മുമ്പ് സംഭവവുമായി ബന്ധപ്പെട്ട് ലഭിച്ച ചില വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് റീഓപ്പണ്‍ ചെയ്ത് വിശദമായ അന്വേഷണം നടത്തിയത്. പുനരന്വേഷണത്തില്‍ പൊലീസ് യുവതിയുടെ കുടുംബാംഗങ്ങളെയും ബന്ധുക്കളെയും പ്രദേശവാസികളെയും ചോദ്യം ചെയ്തു. അന്വേഷണത്തില്‍ രൂപേഷിന്റെ സ്വഭാവം, സാമ്പത്തികം, വീട്ടിലെ വഴക്കുകള്‍ എന്നിവയെ കുറിച്ചും ഇയാള്‍ക്ക് പാമ്പുപിടിത്തക്കാരനായ ആളുമായുള്ള ബന്ധവുമെല്ലാം പൊലീസ് മനസിലാക്കി. കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് ഇയാള്‍ കാര്യങ്ങള്‍ തുറന്ന് പറഞ്ഞത്.
പാമ്പിനെ വാങ്ങിയ ശേഷം ഇയാള്‍ മൂന്നു നാല് ദിവസം അതിനെ വീട്ടില്‍ തന്നെ സൂക്ഷിച്ചു. സംഭവ ദിവസം നീരജയുടെ കാലു വേദനയുമായി ബന്ധപ്പെട്ട് മസാജ് ചെയ്യാന്‍ ഒരു തെറാപ്പിസ്റ്റിനെ വിളിച്ചിട്ടുണ്ടെന്ന് അവരെ അറിയിച്ചു. തുടര്‍ന്ന് ഹാളില്‍ ഒരു പായയില്‍ കമഴ്ന്നു കിടക്കാന്‍ നീരജയോട് പറഞ്ഞു. മസാജ് നല്‍കുന്നെന്ന വ്യാജേന പ്രതികളിലൊരാള്‍ നീരജയുടെ കാലുകളില്‍ പിടിച്ചു. ഇതിനിടെ അടുക്കളയില്‍ ചാക്കില്‍ സൂക്ഷിച്ചിരുന്ന പാമ്പിനെ ഒരു കമ്പ് ഉപയോഗിച്ച് പാമ്പുപിടത്തക്കാരന്‍ മറ്റൊരു പ്രതിക്ക് കൈമാറി. നീരജയുടെ പിന്നിലായി ഇരുന്ന ഭര്‍ത്താവ് രൂപേഷ് അവരെ മുറുകെ പിടിച്ചുവച്ചു. പിന്നാലെ മൂന്നു തവണ പാമ്പിനെ കൊണ്ട് അവരുടെ ഇടത് കണങ്കാലില്‍ പ്രതികള്‍ ചേർന്ന് കടിപ്പിക്കുകയാണ് ചെയ്തത്.
Content highlights: Woman Brutally killed by a planned snake bite in Maharashtra