

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണക്കോടതിയുടെ വിധിക്കെതിരെ നിയമത്തിന്റെ ഏതറ്റം വരെയും പോകാനാണ് അതിജീവിതയുടെ തീരുമാനമെന്ന് ഭാഗ്യലക്ഷ്മി. അപ്പീൽ പോയിരിക്കുമെന്ന് വിധി വന്ന അന്നുതന്നെ തീരുമാനിച്ചതാണെന്നും അവളെ തളർത്താമെന്ന് പി ആർ വർക്ക് ചെയ്യുന്നവരോ ഈ ക്വട്ടേഷൻ കൊടുത്ത വ്യക്തിയോ അതിനായി പൈസ വാങ്ങിയ വ്യക്തിയോ വിചാരിക്കേണ്ടെന്നും ഭാഗ്യലക്ഷ്മി മാധ്യമങ്ങളോട് പറഞ്ഞു.
കോടതിവിധിയുമായി ബന്ധപ്പെട്ട് അതിജീവിത പുങ്കുവെച്ച കുറിപ്പിലും ഭാഗ്യലക്ഷ്മി പ്രതികരിച്ചു. അടുത്ത അടി മുന്നോട്ട് വയ്ക്കാനുള്ള തയ്യാറെടുപ്പിലാണ് അവൾ. അവൾ തളരുമെന്നാണ് പലരും കരുതുന്നത് എന്നാൽ ഒരു തരി പോലും തളർന്നിട്ടില്ല. രണ്ട് മണിക്കൂർ കാറിനുള്ളിൽ അനുഭവിച്ചതിനേക്കാൾ കൂടുതലാണ് അവൾ കോടതി മുറിയിൽ അനുഭവിച്ചത്. വിധി വന്നതോടെ എല്ലാവർക്കും മനസ്സിലായി ഇയാൾ തന്നെയാണ് ക്വട്ടേഷൻ കൊടുത്തതെന്ന്. വിധി പുറത്ത് വന്നപ്പോൾ അയാൾ പറഞ്ഞത് മറ്റൊരു നടിയുടെ പേരാണ്. അങ്ങനെ പറഞ്ഞത് അയാൾ തെറ്റ് ചെയ്തത് കൊണ്ടാണ്. ഈ വില്ലനിസം അയാൾ നിർത്തില്ല. അതിജീവിത പരാതി കൊടുത്തില്ലായിരുന്നെങ്കിൽ അടുത്ത ഇര മഞ്ജു ആയിരുന്നേനെ. അയാൾ പുറത്തുണ്ട് എന്നത് ആശങ്കയാണ് എന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
വിധി വരുന്ന ദിവസം ആണ് ദിലീപിനൊപ്പമുള്ള സിനിമ പോസ്റ്റർ മോഹൻലാൽ പുറത്ത് വിടുന്നത്. അദ്ദേഹം ഒന്ന് ചിന്തിക്കേണ്ടതായിരുന്നു. ഒരേസമയം അവൾക്ക് വേണ്ടിയും അവനുവേണ്ടിയും പ്രാർത്ഥിക്കും എന്ന് പറയുന്നത് ശരിയല്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
വിചാരണക്കോടതിയുടെ കൂട്ടിൽ നിന്നും അയാൾ രക്ഷപ്പെട്ടു. നാളെ ജനപ്രിയ നായകൻ എന്ന നിലയിൽ ആളുകൾ കൊണ്ടാടുമെന്ന് ഭാഗ്യലക്ഷ്മി ഐഎഫ്എഫ്‌കെ വേദിയിലെ ഓപ്പൺഫോറം പരിപാടിയിൽ പറഞ്ഞു. ഈ വിഷയം ഉണ്ടായപ്പോൾ അതിജീവിതയെ ഒരു സംഘടന പോലും വിളിച്ചില്ല, ആശ്വസിപ്പിച്ചില്ല. അവളോടൊപ്പം എന്ന് പറയുക മാത്രമാണ് അവർ. അവരാരും അവളുടെ കൈ പിടിച്ച് ഞങ്ങൾ കൂടെ എന്ന് ആരും പറഞ്ഞിട്ടില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
Content Highlights: actress attack case; survivor will give appeal on trial court's verdict says Bhagyalakshmi