

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി സെല്‍വമണി സെല്‍വരാജ് തിരക്കഥയും സംവിധാനവും നിര്‍വഹിച്ച സിനിമയാണ് കാന്ത. തിയേറ്ററില്‍ സൂപ്പര്‍ ഹിറ്റായ ചിത്രം ഒടിടിയില്‍ പ്രദര്‍ശനം ആരംഭിച്ചിരിക്കുകയാണ്. ഗംഭീര പ്രകടനമാണ് സിനിമയ്ക്ക് ഒടിടിയിലും ലഭിക്കുന്നത്. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം പുറത്തിറങ്ങിയത്. ദുല്‍ഖറിന്റെ പ്രകടനത്തിനും വലിയ കയ്യടികളാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ഒടിടിയില്‍ എത്തിയതിന് പിന്നാലെ നെറ്റ്ഫ്ലിക്സില്‍ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് കാന്ത.
രശ്മിക മന്ദാന ചിത്രം ദി ഗേള്‍ഫ്രണ്ട്, ഹോളിവുഡ് ചിത്രം വേക്ക് അപ്പ് ഡെഡ് മാന്‍: എ നൈവ്‌സ് ഔട്ട് മിസ്റ്ററി, അക്ഷയ് കുമാറിന്റെ ജോളി എല്‍എല്‍ബി 3, വരുണ്‍ ധവാന്‍ ചിത്രം സണ്ണി സംസ്‌കാരി കി തുളസി കുമാരി എന്നീ സിനിമകളെ പിന്നിലാക്കിയാണ് കാന്ത ഒന്നാം സ്ഥാനത്തെത്തിയത്. എല്ലാ കോണില്‍ നിന്നും സിനിമയ്ക്ക് മികച്ച അഭിപ്രയമാണ് ലഭിക്കുന്നത്. ദുല്‍ഖറിന്റെ കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സ് ആണ് ചിത്രത്തിലേതെന്നും ദുല്‍ഖറിന് നാഷണല്‍ അവാര്‍ഡ് വരെ ലഭിക്കാന്‍ സാധ്യതയുണ്ടെന്നുമാണ് ആരാധകര്‍ പറയുന്നത്. ജേക്‌സ് ബിജോയുടെ മ്യൂസിക്കിനും കയ്യടികള്‍ ലഭിക്കുന്നുണ്ട്.
ദുല്‍ഖര്‍ സല്‍മാന്‍, ജോം വര്‍ഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്‌ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. ചിത്രം കേരളത്തിലെത്തിച്ചത് ദുല്‍ഖറിന്റെ ഉടമസ്ഥതിയിലുള്ള വേഫറെര്‍ ഫിലിംസ് ആണ്. നടിപ്പ് ചക്രവര്‍ത്തി എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ടി കെ മഹാദേവന്‍ എന്ന നടന്‍ ആയി ദുല്‍ഖര്‍ വേഷമിട്ട ഈ ചിത്രം, 1950 കളിലെ മദ്രാസിന്റെയും തമിഴ് സിനിമയുടെയും പശ്ചാത്തലത്തില്‍ കഥ പറയുന്ന ഒരു പീരീഡ് ഡ്രാമ ആയാണ് ഒരുക്കിയിരിക്കുന്നത്.

ആദ്യ പകുതിയില്‍ ക്ലാസിക് ഡ്രാമ ആയി സഞ്ചരിക്കുന്ന ചിത്രം രണ്ടാം പകുതിയില്‍ ഇന്‍വെസ്റ്റിഗേഷന് പ്രാധാന്യമുള്ള ഒരു ക്ലാസിക് ത്രില്ലര്‍ ഫോര്‍മാറ്റില്‍ ആണ് മുന്നോട്ട് നീങ്ങുന്നത്. ദുല്‍ഖര്‍ കൂടാതെ സമുദ്രക്കനി, റാണ ദഗ്ഗുബതി, ഭാഗ്യശ്രീ ബോര്‍സെ, രവീന്ദ്ര വിജയ്, ഭഗവതി പെരുമാള്‍, നിഴല്‍കള്‍ രവി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. ഒരുപിടി മികച്ച ചിത്രങ്ങള്‍ മലയാളത്തില്‍ നിര്‍മ്മിച്ചിട്ടുള്ള വേഫേറര്‍ ഫിലിംസ് നിര്‍മ്മിച്ച ആദ്യ അന്യഭാഷാ ചിത്രമാണ് 'കാന്ത'. നേരത്തെ ദുല്‍ഖര്‍ ചിത്രമായ ലക്കി ഭാസ്‌കറും ഒടിടിയിലെത്തിയപ്പോള്‍ വലിയ വിജയമായിരുന്നു.
Content Highlights: Dulquer salmaan film Kaantha tops at number one in netflix list