

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണക്കോടതിക്കെതിരായ അതിജീവിതയുടെ പ്രതികരണം പങ്കുവെച്ച് നടൻ പൃഥ്വിരാജ് സുകുമാരൻ. തന്റെ സമൂഹമാധ്യമ അക്കൗണ്ടിലൂടെയാണ് അതിജീവിതയുടെ കുറിപ്പ് പൃഥ്വിരാജ് പങ്കുവെച്ചത്
അതിജീവിതയ്ക്കായി ആദ്യം മുതൽ അചഞ്ചലം നിലയുറപ്പിച്ചിരുന്ന താരങ്ങളിലൊരാളാണ് പൃഥ്വിരാജ്. അമ്മ സംഘടനയ്ക്ക് അകത്തും പുറത്തും അതിജീവിതയ്ക്കായി ശബ്ദം ഉയർത്തിയ ആളാണ് പൃഥ്വി. കേസിൽ എട്ടാം പ്രതിയായിരുന്ന ദിലീപിനെ പിന്തുണയ്ക്കുന്ന നിലപാട് അമ്മയെന്ന സംഘടന സ്വീകരിച്ചപ്പോൾ കർശന നിലപാട് സ്വീകരിക്കണമെന്ന് നിലപാട് സംഘടനയ്ക്ക് ഉള്ളിൽ ഉയർത്തിയവരിലൊരാളാണ് പൃഥ്വിരാജ്.
നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയുമായി ബന്ധപ്പെട്ട് അതിജീവിത പങ്കുവെച്ച പോസ്റ്റിന് പിന്തുണയുമായി വനിതാ ചലച്ചിത്ര പ്രവര്‍ത്തകരും രംഗത്തെത്തി നടി പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, രമ്യാ നമ്പീശന്‍, അഹാന കൃഷ്ണ, ഷഫ്‌ന, ഡബ്ബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി, പ്രൊഡ്യൂസര്‍ സുപ്രിയ മേനോന്‍, സയനോര ഫിലിപ്പ്, ലീലാ സന്തോഷ്, തുടങ്ങിയവര്‍ അതിജീവിതയുടെ പോസ്റ്റുകള്‍ റീഷെയർ ചെയ്തു. കേസിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും ഇക്കാര്യത്തില്‍ നീതി പൂര്‍ണമായി നടപ്പായി എന്ന് പറയാന്‍ ആവില്ലെന്നും എന്നും എപ്പോഴും അതിജീവിതയ്ക്കൊപ്പമായിരിക്കുമെന്ന് വ്യക്തമാക്കിയാണ് നടി മഞ്ജു വാര്യരുടെ കുറിപ്പ്.
വിചാരണക്കോടതിക്ക് എതിരെ രൂക്ഷ വിമർശനമുന്നയിച്ചാണ് അതിജീവിത പ്രതികരിച്ചത്. ഈ വിധി പലരെയും ഒരുപക്ഷേ നിരാശപ്പെടുത്തിയിരിക്കാം എന്നാൽ തനിക്കിതിൽ അത്ഭുതമില്ലെന്നും 2020 ന്റെ അവസാനം തന്നെ ചില അന്യായമായ നീക്കങ്ങൾ തനിക്ക് ബോധ്യപ്പെട്ടിരുന്നുവെന്നും നടി പറയുന്നു. നിരന്തരമായ വേദനകൾക്കും കണ്ണീരിനും കടുത്ത മാനസിക സംഘർഷങ്ങൾക്കും ഒടുവിൽ താനിപ്പോൾ തിരിച്ചറിയുന്നു, 'നിയമത്തിന്റെ മുൻപിൽ ഈ രാജ്യത്തെ എല്ലാ പൗരന്മാരും തുല്യരല്ല'. തിരിച്ചറിവ് നൽകിയതിന് നന്ദി. ഉയർന്ന നീതി ബോധമുള്ള ന്യായിധിപൻമാർ ഉണ്ടാകുമെന്ന് തന്നെയാണ് ഇപ്പോഴും വിശ്വസിക്കുന്നതെന്നും അതിജീവിത ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
Content Highlights: Actress attack case; Prithviraj Sukumaran share survivor's reaction