

അണ്ടർ 19 ഏഷ്യ കപ്പിൽ പാകിസ്താനെ 90 റൺസിന് തോൽപ്പിച്ച് ഇന്ത്യ. ഇന്ത്യ ഉയർത്തിയ 240 റൺസ് പിന്തുടർന്ന പാകിസ്താൻ 41.2 ഓവറിൽ ഓൾ ഔട്ടായി. പാക് നിരയിൽ ഹുസൈഫ അഹ്സാൻ 70 റൺസെടുത്ത് പൊരുതി. മറ്റാർക്കും തിളങ്ങാനായില്ല. ഇന്ത്യയ്ക്ക് വേണ്ടി ദീപേഷ് ദേവാന്ദ്രൻ, കനിഷ്ക് ചൗഹാൻ എന്നിവർ മൂന്ന് വിക്കറ്റ് വീതം നേടി. കിഷൻ കുമാർ രണ്ട് വിക്കറ്റ് നേടി.
.നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യൻ നിരയിൽ വൈഭവ് സൂര്യവംശി നേരത്തെ മടങ്ങിയപ്പോൾ മലയാളി താരം ആരോൺ ജോർജാണ് ഇന്ത്യയ്ക്ക് മാന്യമായ സ്കോർ സമ്മാനിച്ചത്. 88 പന്തിൽ 12 ഫോറുകളൂം ഒരു സിക്‌സറും അടക്കം 85 റൺസാണ് ആരോൺ നേടിയത്. കഴിഞ്ഞ മത്സരത്തിലും താരം അർധ സെഞ്ച്വറി നേടിയിരുന്നു.
ക്യാപ്റ്റൻ ആയുഷ് മാത്രെ 38 റൺസ് നേടി. ഏഴാമതിറങ്ങി 46 പന്തിൽ മൂന്ന് സിക്‌സറും രണ്ട് ഫോറുകളും അടക്കം 46 റൺസ് നേടി കനിഷ്ക് ചൗഹാനും നിർണായക സംഭാവന നൽകി. അഭിഗായൻ അഭിഷേക് 22 റൺസ് നേടി. 5 റൺസ് മാത്രം നേടിയ വൈഭവ് ഉൾപ്പടെ മറ്റാർക്കും ഇന്ത്യൻ നിരയിൽ തിളങ്ങാനായില്ല. പാകിസ്താന് വേണ്ടി മുഹമ്മദ് സയ്യാം, അബ്ദുൽ സുബ്ഹാൻ എന്നിവർ മൂന്ന് വിക്കറ്റ് വീതവും നിഖാബ് ഷാഫിഖ് രണ്ട് വിക്കറ്റും നേടി.
Content highlights: Aaron George Innings help india to big win vs pakistan under 19 asia cup