

ന്യൂ ഡൽഹി: ഗോവ നിശാക്ലബ് തീപിടിത്തത്തിൽ ക്ലബ് ഉടമകളായ ലുത്ര സഹോദരന്മാരെ ഇന്ത്യയിലേക്ക് എത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു. തീപിടിത്തം ഉണ്ടായ ഉടൻ തായ്‌ലൻഡിലേക്ക് മുങ്ങിയ ഇവരെ ഇന്നുതന്നെ ഇന്ത്യയിലെത്തിച്ചേക്കുമെന്നാണ് വിവരം. സൗരഭ് ലുത്ര, ഗൗരവ് ലുത്ര എന്നിവരെ തായ്‌ലൻഡിൽ നിന്ന് പിടികൂടിയിരുന്നു.
ഇവരെ ഇന്ത്യയിലേക്കെത്തിക്കാനുള്ള നടപടികൾക്ക് തുടക്കമായി എന്നാണ് വിവരം. സംഭവം നടന്നയുടൻ രാജ്യം വിട്ട ഇരുവരുടെയും പാസ്പോർട്ടുകൾ കേന്ദ്രസർക്കാർ റദ്ദാക്കിയിരുന്നു. ബ്ലൂ കോർണർ നോട്ടീസ് നൽകുകയും ചെയ്തിരുന്നു. ഡൽഹി കോടതി ഇരുവരുടെയും മുൻകൂർ ജാമ്യ ഹർജിയും തള്ളിയിരുന്നു.
തായ്‌ലന്‍ഡിലെ ഫുക്കറ്റില്‍ നിന്നാണ് ഇരുവരും പിടിയിലായത്. മനഃപ്പൂര്‍വ്വമല്ലാത്ത നരഹത്യാക്കുറ്റമാണ് ലുത്ര സഹോദന്മാര്‍ക്കെതിരെ ചുമത്തിയത്. ഇവരെ പാസ്‌പോര്‍ട്ട് നിയമം ഉപയോഗിച്ചാണ് ഇന്ത്യ കുടുക്കിയത്.
ഡിസംബര്‍ ആറിനാണ് അര്‍പോറയിലെ നിശാക്ലബില്‍ തീപ്പിടുത്തമുണ്ടായത്. അഗ്നിരക്ഷാസേന തീ അണയ്ക്കാന്‍ ശ്രമിക്കുന്ന സമയത്ത് ലുത്ര സഹോദരന്മാര്‍ തായ്‌ലാന്‍ഡിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്ത് രാജ്യംവിട്ടു. പിന്നാലെ പാസ്‌പോര്‍ട്ട് നിയമത്തിലെ 10എ ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ ഇവരുടെ പാസ്‌പോര്‍ട്ട് താല്‍ക്കാലികമായി റദ്ദാക്കി. പാസ്‌പോര്‍ട്ട് സാധുത നഷ്ടമായതോടെ ഇവരുടെ തായ്‌ലാന്‍ഡിലെ താമസം നിയമവിരുദ്ധമായി. തുടര്‍ന്ന് സിബി ഐ തായ്‌ലന്‍ഡ് പൊലീസുമായി ബന്ധപ്പെട്ട് ഇവരെ അറസ്റ്റ് ചെയ്ത് ഇന്ത്യയ്ക്ക് കൈമാറാന്‍ ആവശ്യപ്പെടുകയായിരുന്നു. ഡിസംബര്‍ ആറിന് അര്‍ധരാത്രിയോടെയാണ് നിശാക്ലബില്‍ തീപ്പിടുത്തമുണ്ടായത്. 25 പേരാണ് അപകടത്തില്‍ മരിച്ചത്. സംഭവത്തില്‍ മാനേജര്‍മാരും ജീവനക്കാരും ഉള്‍പ്പെടെ അഞ്ച് പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 8 ദിവസത്തിനുളളില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവരുമെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചിരുന്നു.
Content Highlights: luthra brothers to be brought back to india soon