പ്രതിഷേധച്ചൂടറിഞ്ഞു: യാത്രക്കാർക്ക് ഇൻഡിഗോ പണം തിരിച്ചുനൽകും; താമസസൗകര്യം ഒരുക്കും

പൈലറ്റുമാരുടെ വിശ്രമസമയം സംബന്ധിച്ച വ്യവസ്ഥ മൂലം വലിയ പ്രതിസന്ധിയാണ് ഇൻഡിഗോ കഴിഞ്ഞ ദിവസങ്ങളിൽ നേരിട്ടത്

പ്രതിഷേധച്ചൂടറിഞ്ഞു: യാത്രക്കാർക്ക് ഇൻഡിഗോ പണം തിരിച്ചുനൽകും; താമസസൗകര്യം ഒരുക്കും
dot image

ന്യൂ ഡൽഹി: വിമാനങ്ങൾ റദ്ദാക്കുകയും യാത്രാ പ്രതിസന്ധി മൂർച്ഛിക്കുകയും ചെയ്തതിന് പിന്നാലെ യാത്രക്കാരെ ആശ്വസിപ്പിക്കാനുള്ള നടപടികളുമായി ഇൻഡിഗോ രംഗത്ത്. ഡിസംബർ അഞ്ച് മുതൽ പതിനഞ്ച് വരെയുള്ള ദിവസങ്ങളിൽ ബുക്ക് ചെയ്ത ടിക്കറ്റുകളുടെ പണം യാത്രക്കാർക്ക് ഇൻഡിഗോ മടക്കിനൽകും. കാൻസൽ ചെയ്തതും റീഷെഡ്യൂൾ ചെയ്തതുമായ സർവീസുകളുടെ പണമാണ് ഇൻഡിഗോ മടക്കിനൽകുക. എയർപോർട്ടിൽ കുടുങ്ങിയ യാത്രക്കാർക്ക് താമസസൗകര്യം ഒരുക്കിനൽകാനും ഭക്ഷണവും വെള്ളവും അടക്കമുള്ള പ്രാഥമിക സൗകര്യങ്ങൾ നൽകാനും ഇൻഡിഗോ തീരുമാനിച്ചു. സാധ്യമാകുന്നിടത്തെല്ലാം മുതിർന്ന പൗരന്മാരായ യാത്രക്കാർക്ക് ലോഞ്ച് അക്സസും ഇൻഡിഗോ നൽകും.

പൈലറ്റുമാരുടെ വിശ്രമസമയം സംബന്ധിച്ച വ്യവസ്ഥ മൂലം വലിയ പ്രതിസന്ധിയാണ് ഇൻഡിഗോ കഴിഞ്ഞ ദിവസങ്ങളിൽ നേരിട്ടത്. നിരവധി വിമാനങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ റദ്ദാക്കപ്പെട്ടത്. ഡൽഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് എന്നീ നഗരങ്ങളെയാണ് പ്രതിസന്ധി രൂക്ഷമായി ബാധിച്ചത്. നിരവധി യാത്രക്കാർ എയർപോർട്ടിൽ കുടുങ്ങുകയും പരസ്യപ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.

നവംബർ ഒന്ന് മുതലാണ് ഫ്ലൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷൻ എന്ന പുതിയ ക്രമീകരണം നടപ്പിലായത്. എന്നാൽ ഇത് പ്രാവർത്തികമാക്കുന്നതിൽ ഇൻഡിഗോയ്ക്ക് വീഴ്ച സംഭവിച്ചതാണ് പ്രതിസന്ധിക്ക് കാരണമായത്. പുതിയ ചട്ടമനുസരിച്ച് പ്രതിവാര വിശ്രമസമയം 36 മണിക്കൂറിൽ നിന്ന് 48 മണിക്കൂറായി വർധിപ്പിക്കുകയായിരുന്നു. രാത്രി ലാൻഡിങ്ങിന്റെ എണ്ണം ആറിൽ നിന്ന് രണ്ടായി കുറയ്ക്കുകയും ചെയ്തു. ഈ വ്യവസ്ഥ പൈലറ്റുമാരുടെ ഷെഡ്യൂളിങ്ങിനെ ബാധിച്ചു. ഇതോടെയാണ് ഇൻഡിഗോ പ്രതിസന്ധിയിലായത്.

അതേസമയം, പ്രതിസന്ധി രൂക്ഷമായതോടെ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ വിവാദവ്യവസ്ഥ പിൻവലിച്ചിരുന്നു. ഡിസംബർ 5ന് ഉച്ചയോടെയാണ് പുതിയ വ്യവസ്ഥ പിൻവലിച്ചതായി ഡിജിസിഎ വ്യക്തമാക്കിയത്. വിമാനസർവീസുകളുടെ സ്ഥിരത ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത പരിഗണിച്ചും കമ്പനികളുടെ ആവശ്യങ്ങൾ കണക്കിലെടുത്തും പുതിയ വ്യവസ്ഥയിൽ പുനഃപരിശോധന ആവശ്യമാണ് എന്നതാണ് ഡിജിസിഎയുടെ വിശദീകരണം. യാത്രാ പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെ ഈ നിയമത്തിൽ ഇൻഡിഗോ ഇളവ് ആവശ്യപ്പെട്ടിരുന്നു. വ്യവസ്ഥ പിൻവലിച്ചതോടെ വിമാനസർവീസുകൾ ഇനി സാധാരണനിലയിലാകും എന്നാണ് കരുതപ്പെടുന്നത്.

Content Highways: indigo offers refund and stay facilities to those who were affected by indigo crisis

dot image
To advertise here,contact us
dot image