യാത്രക്കാർ പെരുവഴിയിലായതോടെ വിവാദവ്യവസ്ഥ പിൻവലിച്ച് ഡിജിസിഎ; വിമാന സർവീസുകൾ സാധാരണനിലയിലാകുമെന്ന് പ്രതീക്ഷ

വ്യവസ്ഥ പിൻവലിച്ചതോടെ വിമാനസർവീസുകൾ ഇനി സാധാരണനിലയിലാകും എന്നാണ് കരുതപ്പെടുന്നത്

യാത്രക്കാർ പെരുവഴിയിലായതോടെ വിവാദവ്യവസ്ഥ പിൻവലിച്ച് ഡിജിസിഎ; വിമാന സർവീസുകൾ സാധാരണനിലയിലാകുമെന്ന് പ്രതീക്ഷ
dot image

ന്യൂഡൽഹി: വിമാനം റദ്ദാക്കലിൽ നിരവധി യാത്രക്കാർ വലഞ്ഞതിന് പിന്നാലെ പൈലറ്റുമാർക്കുള്ള പുതിയ മാർഗനിർദേശം പിൻവലിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ( ഡിജിസിഎ ). പൈലറ്റുമാരുടെ അവധി നിർബന്ധിത പ്രതിവാര വിശ്രമമായി കാണരുതെന്ന വ്യവസ്ഥയാണ് ഡിജിസിഎ പിൻവലിച്ചിരിക്കുന്നത്. നവംബർ ഒന്ന് മുതൽക്ക് നടപ്പിലാക്കിയിരുന്ന ഈ ചട്ടമാണ് ഇൻഡിഗോയെ പ്രതിസന്ധിയിലാക്കിയത്.

പ്രതിസന്ധി രൂക്ഷമായതോടെ ഡിസംബർ 5ന് ഉച്ചയോടെയാണ് പുതിയ വ്യവസ്ഥ പിൻവലിച്ചതായി ഡിജിസിഎ വ്യക്തമാക്കിയത്. വിമാനസർവീസുകളുടെ സ്ഥിരത ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത പരിഗണിച്ചും കമ്പനികളുടെ ആവശ്യങ്ങൾ കണക്കിലെടുത്തും പുതിയ വ്യവസ്ഥയിൽ പുനഃപരിശോധന ആവശ്യമാണ് എന്നതാണ് ഡിജിസിഎയുടെ വിശദീകരണം. യാത്രാ പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെ ഈ നിയമത്തിൽ ഇൻഡിഗോ ഇളവ് ആവശ്യപ്പെട്ടിരുന്നു. വ്യവസ്ഥ പിൻവലിച്ചതോടെ വിമാനസർവീസുകൾ ഇനി സാധാരണനിലയിലാകും എന്നാണ് കരുതപ്പെടുന്നത്.

രാത്രികാല വിമാനസർവീസുകൾക്ക് ഫെബ്രുവരി 10 വരെ ഇളവും നൽകിയിട്ടുണ്ട്. എന്നാൽ ഓരോ 15 ദിവസവും സാഹചര്യങ്ങൾ വിലയിരുത്തണമെന്നും ഒരു മാസം ആകുമ്പോൾ നിർദേശങ്ങൾ കൃത്യമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ റിപ്പോർട്ട് നൽകണമെന്നും ഡിജിസിഎ പറയുന്നുണ്ട്.

നവംബർ ഒന്ന് മുതലാണ് ഫ്ലൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷൻ എന്ന പുതിയ ക്രമീകരണം നടപ്പിലായത്. എന്നാൽ ഇത് പ്രാവർത്തികമാക്കുന്നതിൽ ഇൻഡിഗോയ്ക്ക് വീഴ്ച സംഭവിച്ചതാണ് പ്രതിസന്ധിക്ക് കാരണമായത്. പുതിയ ചട്ടമനുസരിച്ച് പ്രതിവാര വിശ്രമസമയം 36 മണിക്കൂറിൽ നിന്ന് 48 മണിക്കൂറായി വർധിപ്പിക്കുകയായിരുന്നു. രാത്രി ലാൻഡിങ്ങിന്റെ എണ്ണം ആറിൽ നിന്ന് രണ്ടായി കുറയ്ക്കുകയും ചെയ്തു. ഈ വ്യവസ്ഥ പൈലറ്റുമാരുടെ ഷെഡ്യൂളിങ്ങിനെ ബാധിച്ചു. ഇതോടെയാണ് ഇൻഡിഗോ പ്രതിസന്ധിയിലായത്.

അതേസമയം, 2024 ജൂണ്‍ 1ന് നടപ്പാക്കേണ്ടിയിരുന്ന നിയമം പ്രാബല്യത്തില്‍ വരാന്‍ ആവശ്യത്തിലധികം സമയം ലഭിച്ചിട്ടും ഇത്തരമൊരു സാഹചര്യമുണ്ടായതില്‍ ഒരു വശത്ത് വിമര്‍ശനം ശക്തമാകുന്നുണ്ട്. ഇതിനിടെ വിമാനങ്ങൾ റദ്ദാക്കിയതിൽ ഇൻഡിഗോ സിഇഒയുടെ മെയിലും പുറത്തുവന്നിരുന്നു. സാങ്കേതികമായ പ്രശ്‌നങ്ങള്‍, ഷെഡ്യൂളുകളില്‍ വന്ന മാറ്റം, കാലാവസ്ഥയിലുണ്ടായ പ്രതികൂലമായ മാറ്റങ്ങള്‍, ഏവിയേഷന്‍ വ്യവസ്ഥയിലുണ്ടായ അതിരൂക്ഷമായ തിരക്ക്, പുതിയതായി പുറത്ത് വന്ന വിമാനയാത്ര സമയക്രമീകരണങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങള്‍ എന്നിവയാണ് വിമാനയാത്രകള്‍ റദ്ദാക്കാനുള്ള കാരണങ്ങളായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.

'കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ ഇന്‍ഡിഗോ യാത്രക്കാര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ബുദ്ധിമുട്ട് നിറഞ്ഞതായിരുന്നു. ഓരോ ദിവസവും 3,80,000 യാത്രക്കാര്‍ക്ക് സേവനം നല്‍കി വരുന്ന ഇന്‍ഡിഗോ എല്ലാവര്‍ക്കും മികച്ച അനുഭവം നല്‍കാനാണ് ആഗ്രഹിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ഈ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ സാധിച്ചില്ല. അതില്‍ പരസ്യമായി മാപ്പ് പറയുന്നു' എന്നാണ് പീറ്റര്‍ എല്‍ബേർസ് ഇമെയിലില്‍ പറയുന്നു. മുമ്പും ബുദ്ധിമുട്ടേറിയ സാഹചര്യത്തിലൂടെ കടന്നുപോയിട്ടുണ്ട്. എന്നാല്‍ വെല്ലുവിളികളെല്ലാം വിജയമാക്കി തീര്‍ത്തുകൊണ്ട് നമ്മുടെ ശക്തിയും ഐക്യവും സ്ഥിരതയും തെളിയിച്ചിട്ടുണ്ട്. ഇവിടെയും വ്യത്യസ്തമായി ഒന്നും സംഭവിക്കില്ല എന്നും ജീവനക്കാര്‍ക്ക് അയച്ച മെയിലില്‍ അദ്ദേഹം പറയുന്നുണ്ട്.രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളില്‍ നിന്നുള്ള മുന്നൂറോളം ഇന്‍ഡിഗോ വിമാനങ്ങളാണ് വ്യാഴാഴ്ച മാത്രം റദ്ദാക്കിയത്. ബുധനാഴ്ച 150ഓളം വിമാനങ്ങളും റദ്ദാക്കിയിരുന്നു.

Content Highlights: DCGA revokes controversial order after indigo crisis

dot image
To advertise here,contact us
dot image