

കിഷ്കിന്ധാ കാണ്ഡം, എക്കോ എന്നീ സിനിമകളിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച സംഗീത സംവിധായകനാണ് മുജീബ് മജീദ്. ഇന്ന് പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമായ കളങ്കാവലിനും സംഗീതം നൽകിയിരിക്കുന്നത് മുജീബ് മജീദ് ആണ്. സിനിമയുടെ ആദ്യ ഷോ കഴിയുമ്പോൾ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മമ്മൂട്ടിയുടെ പ്രകടനത്തിനൊപ്പം മുജീബിന്റെ മ്യൂസിക്കിനും നല്ല റെസ്പോൺസ് ആണ് ലഭിക്കുന്നത്. ഇപ്പോഴിതാ ആദ്യ ഷോയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയാണ് മുജീബ്.
'മമ്മൂക്കയ്ക്കും വിനായകനും വേണ്ടിയല്ല സ്കോർ ചെയ്തിരിക്കുന്നത് കഥാപാത്രങ്ങൾക്കാണ്. പടത്തിന് എന്താണോ ആവശ്യം അത് ചെയ്യുക എന്നതാണ് ലക്ഷ്യം. തിയേറ്ററിൽ 'നിലാ കായും' എന്ന പാട്ടിന് നല്ല കയ്യടി ഉണ്ടായിരുന്നു', മുജീബ് മജീദിന്റെ വാക്കുകൾ. സിനിമയിലെ നായകന്റെയും പ്രതിനായകന്റെയും പ്രകടനങ്ങള്‍ ഗംഭീരമായിട്ടുണ്ടെന്നാണ് പ്രേക്ഷക പ്രതികരണം. അഭിനയത്തില്‍ വീണ്ടും വീണ്ടും തേച്ചുമിനുക്കിയെത്തുന്ന മമ്മൂക്കയ്ക്ക് അഭിനന്ദനങ്ങള്‍ എന്ന കമന്റുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നുണ്ട്. വിനായകന്‍ പതിവ് പോലെ മികച്ച പ്രകടനം കാഴ്ചവെച്ചു എന്നാണ് കമന്‍റുകള്‍. ചിത്രത്തിന്റെ തിരക്കഥയ്ക്കും കഥ പറച്ചില്‍ രീതിയും മികച്ച അഭിപ്രായം തന്നെയാണ് നേടുന്നത്.
പുതുമ നിറഞ്ഞ രീതിയില്‍ ത്രില്ലിങ്ങായ സ്റ്റൈലിലാണ് ചിത്രം കഥ പറയുന്നതെന്നും ജിതിന്റെ സംവിധാന മികവ് എടുത്തുകാണാമെന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു. സിനിമയിലെ സ്ത്രീ കഥാപാത്രങ്ങളുടെ പ്രകടനത്തിനും കയ്യടികള്‍ ഉയരുന്നുണ്ട്. മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ഈ ചിത്രം വേഫറര്‍ ഫിലിംസ് ആണ് കേരളത്തില്‍ വിതരണം ചെയ്യുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിന്‍ കെ ജോസും ചേര്‍ന്ന് തിരക്കഥ രചിച്ച കളങ്കാവല്‍, മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ്. കേരളത്തിന് പുറത്തും ചിത്രത്തിന് മികച്ച ബുക്കിംഗ് ലഭിക്കുന്നുണ്ട്. റസ്റ്റ് ഓഫ് ഇന്ത്യ മാര്‍ക്കറ്റിലും ഗള്‍ഫിലും മികച്ച പ്രീ സെയില്‍സ് ആണ് ചിത്രം നേടിക്കൊണ്ടിരിക്കുന്നത്.

ട്രൂത് ഗ്ലോബല്‍ ഫിലിംസ് ആണ് ചിത്രത്തിന്റെ ഓവര്‍സീസ് ഡിസ്ട്രിബൂഷന്‍ പാര്‍ട്ണര്‍. 'ലോക' ഉള്‍പ്പെടെയുള്ള മലയാള ചിത്രങ്ങള്‍ തമിഴ്നാട്ടില്‍ എത്തിച്ച ഫ്യുച്ചര്‍ റണ്ണപ് ഫിലിംസ് ആണ് ചിത്രം തമിഴ്‌നാട് വിതരണം ചെയ്യുന്നത്. ചിത്രം തെലുങ്കില്‍ വിതരണം ചെയ്യുന്നത് സിതാര എന്റെര്‍റ്റൈന്മെന്റ്‌സ്, കര്‍ണാടകയില്‍ എത്തിക്കുന്നത് ലൈറ്റര്‍ ബുദ്ധ ഫിലിംസ്, നോര്‍ത്ത് ഇന്ത്യയില്‍ റിലീസ് ചെയ്യുന്നത് പെന്‍ മരുധാര്‍ എന്നിവരാണ്.
Content Highlights: Mujeeb majeed about Kalamkaval music