

ഇന്ത്യ അടക്കമുള്ള ഏഷ്യൻ വിപണിയിലേക്കുള്ള ക്രൂഡ് ഓയിൽ വിൽപ്പന വില അഞ്ച് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കുറച്ച് സൗദി അറേബ്യ. ജനുവരിയിൽ അറബ് ലൈറ്റ് ക്രൂഡ് ഓയിലിൻ്റെ ഏഷ്യയിലേക്കുള്ള ഔദ്യോഗിക വിൽപ്പന വില ഒമാൻ/ദുബായ് ശരാശരിയേക്കാൾ ഒരു ബാരലിന് 0.60 ഡോളർ അധികമായി കുറഞ്ഞു. 2025 ഡിസംബറിലെ ഔദ്യോഗിക വിൽപ്പന വിലയുടെ പ്രീമിയം ഒരു ബാരലിന് ഒരു ഡോളർ ആയിരുന്നു. ക്രൂഡ് ഓയിൽ വിലനിർണയ രേഖകൾ ഉദ്ധരിച്ച് റോയിറ്റേഴ്സ് ആണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.
തുടർച്ചയായ രണ്ടാം മാസമാണ് ക്രൂഡ് ഓയിലിന്റെ വിൽപ്പന നിരക്കിൽ കുറവുണ്ടാകുന്നത്. 2021 ജനുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന വിലയുമാണിത്. ആഗോള എണ്ണ വിപണിയിൽ ഓയിൽ ഉത്പാദനത്തിന്റെ ശേഖരം വർദ്ധിച്ചുവരുന്നതിനിടെയാണ് ക്രൂഡ് ഓയിൽ വിലയിൽ കുറവ് വരുത്തിയിരിക്കുന്നത്.
ലോകമെമ്പാടും എണ്ണ വിതരണം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ഈ വിലക്കുറവ് വരുന്നത്. റഷ്യയുടെ നേതൃത്വത്തിലുള്ള ഒപെകും അതിൻ്റെ മറ്റ് അംഗരാജ്യങ്ങളും ഓയിൽ ഉത്പാദനം വർദ്ധിപ്പിച്ചിട്ടുമുണ്ട്. എന്നാൽ 2026ന്റെ ആദ്യപാദത്തിൽ എണ്ണ ഉത്പാദനം വർദ്ധിപ്പിക്കുന്നത് ഒപെക് രാജ്യങ്ങൾ നിർത്തിവെയ്ക്കാൻ തീരുമാനിച്ചിട്ടുണ്ട്.
അതിനിടെ അമേരിക്ക, ബ്രസീൽ തുടങ്ങിയ മറ്റ് എണ്ണ ഉത്പാദക രാജ്യങ്ങളും വിതരണം വർദ്ധിപ്പിക്കുന്നുണ്ട്. ഇത് എണ്ണ വിപണിയിൽ കൂടുതൽ ഉത്പാദനമുണ്ടാകുവാൻ കാരണമായേക്കും. 2026ൽ ക്രൂഡ് ഓയിൽ പ്രതിദിനം ഒരു ലക്ഷം ബാരൽ വിൽക്കേണ്ടിവരുമെന്നാണ് ഒപെക് രാജ്യങ്ങളുടെ കണക്കുകൂട്ടൽ. വില കുറയ്ക്കുന്നതോടെ കൂടുതൽ ഓയിൽ വിൽക്കാൻ കഴിഞ്ഞേക്കാമെന്നാണ് പ്രതീക്ഷ.
Content Highlights: Saudi Arabia Reduces Crude Oil Prices For Asian Countries: India Can Also Be Happy