പാകിസ്താനെ ഇനി അസിം മുനീർ 'നിയന്ത്രിക്കും'! ആദ്യ ചീഫ് ഓഫ് ഡിഫൻസ് ഫോഴ്സ് ആയി നിയമനം

പാകിസ്താൻ്റെ നാഷണൽ സ്ട്രാറ്റജിക് കമാൻഡിൻ്റെ മേൽനോട്ട ചുമതലയും അസിം മുനീറിൽ നിക്ഷിപ്തമാകുമെന്നാണ് റിപ്പോർട്ട്

പാകിസ്താനെ ഇനി അസിം മുനീർ 'നിയന്ത്രിക്കും'! ആദ്യ ചീഫ് ഓഫ് ഡിഫൻസ് ഫോഴ്സ് ആയി നിയമനം
dot image

ഇസ്ലാമാബാദ്: അസിം മുനീറിനെ ചരിത്രത്തിലെ ആ​ദ്യത്തെ ചീഫ് ഓഫ് ഡിഫൻസ് ഫോഴ്സ് ആയി നിയമിച്ച് പാകിസ്താൻ. ചീഫ് ഓഫ് ദി ആർമി സ്റ്റാഫ്, ചീഫ് ഓഫ് ഡിഫൻസ് ഫോഴ്സ് എന്നീ പദവികളിലേയ്ക്ക് അസിം മുനീറിനെ നിയമിക്കാനുള്ള പാകിസ്താൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫിൻ്റെ നിർദ്ദേശം അം​ഗീകരിച്ചുവെന്ന വിവരം പാകിസ്താൻ പ്രസിഡൻ്റിൻ്റെ ഓഫീസ് എക്സ് പോസ്റ്റിലൂടെ പുങ്കുവെച്ചു. 'പ്രസിഡൻ്റ് ആസിഫ് സർദാരി ഫീൽഡ് മാർഷൽ അസിം മുനീറിനെ COAS, CDF എന്നി പദവികളിൽ നിയോ​ഗിച്ചിരിക്കുന്നു'വെന്നാണ് പാകിസ്താൻ പ്രസിഡൻ്റിൻ്റെ ഓഫീസിൻ്റെ ഔദ്യോ​ഗിക എക്സ് പോസ്റ്റിൽ വ്യക്തമാക്കിയിരിക്കുന്നത്. പാകിസ്താൻ്റെ മൂന്ന് സേനാവിഭാ​ഗങ്ങളെയും നിയന്ത്രിക്കുന്ന പദവിയിൽ അസിം മുനീറിന് അഞ്ച് വർഷം തുടരാനുള്ള അവസരമാണ് ഇതോടെ വഴിതുറന്നിരിക്കുന്നത്.

പാകിസ്താൻ്റെ കര, വ്യോമ, നാവിക സേനാവിഭാ​ഗങ്ങളുടെ സംയുക്തമേധാവി എന്നതിന് പുറമെ പാകിസ്താൻ്റെ നാഷണൽ സ്ട്രാറ്റജിക് കമാൻഡിൻ്റെ മേൽനോട്ട ചുമതലയും അസിം മുനീറിൽ നിക്ഷിപ്തമാകുമെന്നാണ് റിപ്പോർട്ട്. പാകിസ്താൻ്റെ ആണവായുധങ്ങളെയും മിസൈൽ സംവിധാനങ്ങളെയും നിയന്ത്രിക്കുന്ന നാഷണൽ സ്ട്രാറ്റജിക് കമാൻഡിൻ്റെ ചുമതല കൂടി കൈവരുന്നതോടെ രാജ്യത്തെ ഏറ്റവും ശക്തനായ സൈനിക ഉദ്യോ​ഗസ്ഥനായി കൂടി അസിം മുനീർ മാറിയിരിക്കുകയാണ്.

പുതിയ നിയമനത്തോടെ പാകിസ്താൻ പ്രസിഡൻ്റിന് ലഭിക്കുന്ന നിയമപരമായ പരിരക്ഷയും അസിം മുനീറിന് ലഭിക്കും. പാകിസ്താൻ പ്രസിഡൻ്റിനെപ്പോലെ ഏതെങ്കിലും തരത്തിലുള്ള നിയമപരമായ പ്രോസിക്യൂഷനിൽ നിന്നും ഫീൽഡ് മാർഷലിനും ആജീവനാന്തകാല പരിരക്ഷ ലഭിക്കും. വ്യോമ, നാവിക സേന തലവന്മാർക്കും ഈ പരിരക്ഷ ബാധകമാക്കിയിട്ടുണ്ട്. പുതിയ നിയമഭേദ​ഗതിയോടെ ചീഫ് ഓഫ് ഡിഫൻസ് ഫോഴ്സിന് വൈസ് ചീഫ് ഓഫ് ആർമി സ്റ്റാഫ് പോസ്റ്റിലേയ്ക്കുള്ള നിയമനത്തിന് നാമനിർദ്ദേശം നടത്താനുള്ള അധികാരവും നൽകിയിട്ടുണ്ടെന്ന് പാകിസ്താൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നേരത്തെ സർക്കാരിനായിരുന്നു ഇതിനുള്ള അധികാരം.

ഏറെ അനിശ്ചിതത്വങ്ങൾക്ക് ഒടുവിലാണ് അസിം മുനീറിനെ ചീഫ് ഓഫ് ഡിഫൻസ് ഫോഴ്സ് പദവിയിലേയ്ക്ക് നിയമിച്ചിരിക്കുന്നത്. പാകിസ്താൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫിന് ഈ പദവിയിലേയ്ക്ക് അസിം മുനീറിനെ നിയോ​ഗിക്കുന്നതിൽ വിയോജിപ്പുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. കഴിഞ്ഞ നവംബർ 29ന് അസിം മുനീറിനെ CDF പദവിയിലേയ്ക്ക് നിയോ​ഗിക്കുമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. കരസേന മേധാവിയായുള്ള അസിം മുനീറിൻ്റെ മൂന്ന് വർഷ കാലാവധി അന്നായിരുന്നു അവസാനിച്ചത്. കഴിഞ്ഞ മാസമായിരുന്നു 27-മാത് ഭരണഘടനാ ഭേദ​ഗതിയുടെ അടിസ്ഥാനത്തിൽ CDF പദവി നിലവിൽ വന്നത്. ജോയിൻ്റ് ചീഫ്സ് ഓഫ് സ്റ്റാഫ് കമ്മിറ്റിയുടെ ചെയർമാൻ പദവിയ്ക്ക് പകരമായാണ് ചീഫ് ഓഫ് ഡിഫൻസ് ഫോഴ്സ് പദവി നിലവിൽ വന്നത്. ജോയിൻ്റ് ചീഫ്സ് ഓഫ് സ്റ്റാഫ് കമ്മിറ്റിയുടെ ചെയർമാൻ പദവി ഇതോടെ ഇല്ലാതായിരുന്നു.

ഈ വർഷം ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ സൈനിക നടപടിക്ക് പിന്നാലെയായിരുന്നു അസിം മുനീറിനെ ഫീൽഡ് മാർഷൽ പദവിയിലേയ്ക്ക് പാകിസ്താൻ ഉയർത്തിയത്. ഫൈവ് സ്റ്റാ‍ർ റാങ്കിലുള്ള ഫീൽഡ് മാർഷൽ പദവിയും COAS, CDF സംയുക്ത മേധാവി സ്ഥാനവും ഒരുമിച്ച് വഹിക്കുന്ന പാകിസ്താൻ്റെ ചരിത്രത്തിലെ ആദ്യ സൈനിക ഉദ്യോ​ഗസ്ഥനാണ് അസിം മുനീർ. ജനറൽ അയൂബ് ഖാന് ശേഷം ഫീൽഡ് മാർഷൽ പദവിയിലേയ്ക്ക് വരുന്ന രണ്ടാമത്തെ ഉദ്യോ​ഗസ്ഥൻ കൂടിയാണ് അസിം മുനീ‍ർ.

Content Highlights: Asim Munir appointed as the first Chief of Defence Forces

dot image
To advertise here,contact us
dot image