ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസ് കുറച്ച് കൂടി ഇടതുപക്ഷമായി: ശശി തരൂര്‍

മന്‍മോഹന്‍ സിങ്ങിനെ പോലുള്ളവരുടെ കാലഘട്ടത്തില്‍ കോണ്‍ഗ്രസ് കുറച്ച് കൂടി കേന്ദ്രീകൃതമായിരുന്നുവെന്ന് ശശി തരൂര്‍

ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസ് കുറച്ച് കൂടി ഇടതുപക്ഷമായി: ശശി തരൂര്‍
dot image

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടി അടുത്ത കാലത്തായി കുറച്ച് കൂടി ഇടതുപക്ഷമായതായി എംപി ശശി തരൂര്‍. ബിജെപിയുടെ ഭിന്നിപ്പിക്കല്‍ രാഷ്ട്രീയത്തെ നേരിടാന്‍ കോണ്‍ഗ്രസ് അടുത്തിടെ ഇടതുപക്ഷമാകുന്നുവെന്നായിരുന്നു ശശി തരൂരിന്റെ പരാമര്‍ശം. ഹൈദരാബാദില്‍ ജ്യോതി കോമിറെഡ്ഡി സ്മാരക പ്രഭാഷണത്തില്‍ 'റാഡിക്കല്‍ സെന്‍ട്രിസം: മൈ വിഷന്‍ ഫോര്‍ ഇന്ത്യ' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു ശശി തരൂര്‍. കോണ്‍ഗ്രസും ഇടതുപക്ഷ പാര്‍ട്ടികളും ബിജെപിക്കെതിരെ ഒരുമിച്ച് വരുന്നത് റാഡിക്കല്‍ സെന്‍ട്രിസത്തിന്റെ പ്രയോഗമാണോയെന്ന ചോദ്യത്തിന് മറുപടിയായാണ് ശശി തരൂരിന്റെ പരാമര്‍ശം.

തന്റെ പരാമര്‍ശങ്ങള്‍ പ്രായോഗിക രാഷ്ട്രീയത്തെ ഊന്നിയല്ലെന്നും പ്രത്യയ ശാസ്ത്രത്തിലൂന്നിയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. 'തന്ത്രപരമായ ക്രമീകരണങ്ങള്‍ കുറച്ചധികം ഈ കാലയളവില്‍ നടത്തിയിട്ടുണ്ട്. വാസ്തവത്തില്‍ അടുത്തിടെ ഇടതുപക്ഷ പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയിരിക്കുന്നു. ഡോ. മന്‍മോഹന്‍ സിങ്ങിനെ പോലുള്ളവരുടെ കാലഘട്ടത്തില്‍ കോണ്‍ഗ്രസ് കുറച്ച് കൂടി കേന്ദ്രീകൃതമായിരുന്നു. തൊട്ടുമുമ്പ് അധികാരത്തിലുണ്ടായിരുന്ന ബിജെപി സര്‍ക്കാരിന്റെ ചില നയങ്ങള്‍ യുപിഎ സര്‍ക്കാര്‍ കടം കൊണ്ടിരുന്നു', ശശി തരൂര്‍ പറഞ്ഞു.

Also Read:

1990കളില്‍ അന്നത്തെ പ്രധാനമന്ത്രി നരസിംഹ റാവുവിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രാബല്യത്തില്‍ വരുത്തിയ ചില നയങ്ങള്‍ ഓര്‍മിപ്പിച്ച ശശി തരൂര്‍ ഇവ പിന്നീട് അധികാരത്തില്‍ വന്ന ബിജെപിയും പിന്തുടര്‍ന്നിരുന്നുവെന്ന് കൂട്ടിച്ചേര്‍ത്തു. 1991 മുതല്‍ 2009 വരെ ഒരു കേന്ദ്രീകൃത സമീപനമുണ്ടായിരുന്നുവെന്ന് വാദിക്കാമെന്നും പിന്നീടത് മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പ്രതിപക്ഷത്തുള്ള കോണ്‍ഗ്രസ് കുറച്ച് കൂടി ഇടതുപക്ഷമായി മാറിയിരിക്കുകയാണ്. ഇത് തന്ത്രപ്രരമായ ക്രമീകരണമാണോ തത്വചിന്താപരമായ ബോധ്യമാണോ അതോ മറ്റെന്തെങ്കിലുമാണോയെന്ന് കാണാം', ശശി തരൂര്‍ പറഞ്ഞു. എഐസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് ഇനിയും മത്സരിക്കുമോയെന്ന ചോദ്യത്തിന് സാഹചര്യങ്ങള്‍ വ്യത്യസ്തമല്ലെങ്കിലും താന്‍ ഇനി മത്സരിക്കുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ പുറത്ത് പറയാന്‍ താല്‍പര്യമില്ലാത്ത ചില അനുഭവം എനിക്ക് മത്സരിക്കുമ്പോള്‍ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മത്സരിക്കാനുള്ള ഒരു സംവിധാനം കോണ്‍ഗ്രസിലുണ്ടായിരുന്നതില്‍ താന്‍ ഇപ്പോഴും സന്തോഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് കോണ്‍ഗ്രസിന് മാത്രമല്ല, മറ്റ് പാര്‍ട്ടികളിലും ഉള്‍പാര്‍ട്ടി ജനാധിപത്യത്തിന് പ്രാധാന്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Content Highlights:  Shashi Tharoor says Congress become more leftist party

dot image
To advertise here,contact us
dot image