

ന്യൂഡല്‍ഹി: അല്‍ ഫലാ സര്‍വകലാശാലയ്ക്ക് നാക് അംഗീകാരമില്ല. സര്‍വകലാശാലാ വെബ്‌സൈറ്റില്‍ വ്യാജ നാക് അംഗീകാരം കാണിച്ചതില്‍ നാക് കൗണ്‍സില്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. അല്‍ ഫലാഹ് സര്‍വകലാശാല നാകിന് വേണ്ടി അപേക്ഷിച്ചിട്ടില്ലെന്നും അംഗീകാരം ലഭിച്ചിട്ടില്ലെന്നും നാകിന്റെ നോട്ടീസില്‍ പറയുന്നു.
നാക് അംഗീകാരമുണ്ടെന്ന് വെബ്‌സൈറ്റില്‍ നല്‍കുന്നതിലൂടെ അവിടെ പഠിക്കുന്ന വിദ്യാര്‍ത്ഥികളെയും മാതാപിതാക്കളെയും പൊതുജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് നാക് വ്യക്തമാക്കി. 'അല്‍ ഫലാ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴിലുള്ള അല്‍ ഫലാ സര്‍വകലാശാല, അല്‍ ഫലാ സ്‌കൂള്‍ ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്‌നോളജി (1997 നാക് എ ഗ്രേഡ്), ബ്രൗണ്‍ ഹില്‍ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്‌നോളജി (2008), അല്‍ ഫലാ സ്‌കൂള്‍ ഓഫ് എഡ്യുക്കേഷന്‍ ആന്റ് ട്രെയിനിംഗ് (2006, നാക് എ ഗ്രേഡ്) എന്നീ സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്ന ക്യാമ്പസാണ്', എന്നാണ് വെബ്‌സൈറ്റ് സൂചിപ്പിക്കുന്നത്. നിലവില്‍ ഈ വെബ്‌സൈറ്റ് ലഭ്യമല്ല.
സര്‍വകലാശാലയോട് വിശദീകരണം ആവശ്യപ്പെട്ട നാക് കൗണ്‍സില്‍ വെബൈസ്റ്റില്‍ നിന്നും നാക് യോഗ്യതയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു. പൊതുവായി ലഭ്യമാകുന്ന എല്ലാ ഡോക്യുമെന്റുകളില്‍ നിന്നും ഈ വിവരം നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം അറസ്റ്റിലായ മുസമില്‍ താമസിച്ച സര്‍വകലാശാലയിലെ 17ാം കെട്ടിടത്തിലെ 13ാം നമ്പര്‍ മുറിയാണ് അറസ്റ്റിലായ ഷഹീനിന്റെയും അദീലിന്റെയും അടക്കം രഹസ്യ കേന്ദ്രമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇവിടെ നിന്നും കോഡ് വാക്കുകളും എന്‍ക്രിപ്റ്റഡ് സന്ദേശങ്ങളും അടങ്ങുന്ന രണ്ട് ഡയറികള്‍ കണ്ടെത്തിയിട്ടുണ്ട്. ചെങ്കോട്ട സ്‌ഫോടനം നടത്തിയ ഡോ. ഉമര്‍ മുഹമ്മദിന്റെയും മുസമിലിന്റേതുമാണ് ഡയറികള്‍.
Content Highlights: Naac council send show-cause notice to Al Falah university for fake information