നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാതെ തുടർച്ചയായി മുഖ്യമന്ത്രി;ഇത്തവണയും അങ്കത്തിനിറങ്ങാതെ കസേര പിടിക്കാൻ നിതീഷ്

101 സ്ഥാനാർത്ഥികളെ ഭരണം തുടർച്ച ലക്ഷ്യമിട്ട് കളത്തിലിറക്കിയ ജെഡിയുവിന് പക്ഷെ മുഖ്യമന്ത്രി നിതീഷ് കുമാറിനെ പറ്റി ആകുലതയില്ല

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാതെ തുടർച്ചയായി മുഖ്യമന്ത്രി;ഇത്തവണയും അങ്കത്തിനിറങ്ങാതെ കസേര പിടിക്കാൻ നിതീഷ്
dot image

ബിഹാറിൽ നിതീഷ് സർക്കാർ ഭരണത്തുടർച്ച നേടുമോ എന്ന ആകാംക്ഷ അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ശേഷിക്കുന്നത്. ബിഹാറിലെ രണ്ടാം ഘട്ട പോളിംഗും അവസാനിച്ചതിന് പിന്നാലെ പുറത്ത് വന്ന എക്‌സിറ്റ് പോളുകൾ എൻഡിഎ മുന്നണി ഭരണത്തുടർച്ച നേടുമെന്നാണ് പ്രവചിക്കുന്നത്. ബിഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിനായി രാജ്യം മുഴുവൻ കാത്തിരിക്കുമ്പോൾ ബിഹാറിൽ ആരെല്ലാം വീഴും ആരെല്ലാം നേടും എന്ന ചർച്ചയും സജീവമാണ്. 101 സ്ഥാനാർത്ഥികളെ ഭരണം തുടർച്ച ലക്ഷ്യമിട്ട് കളത്തിലിറക്കിയ ജെഡിയുവിന് പക്ഷെ മുഖ്യമന്ത്രി നിതീഷ് കുമാറിനെ പറ്റി ആകുലതയില്ല. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ വിമുഖത കാണിക്കുന്ന നിതീഷ് കുമാർ ഇത്തവണയും മത്സരരംഗത്തില്ല. നിലവിൽ എംഎൽസി അംഗമെന്ന നിലയിൽ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്ന നിതീഷ് തൽസ്ഥിതി തുടരുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തവണയും തെരഞ്ഞെടുപ്പിന് അഭിമുഖീകരിക്കാതിരിക്കുന്നത്.

Nitish Kumar is an Indian politician who has been serving as the chief minister of Bihar since 2015, having previously held the office from 2005 to 2014 and for a short period in 2000
നിതീഷ് കുമാർ

ബിഹാറിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന നിതീഷ് കുമാർ ഒരിക്കലും സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ സ്ഥിരമായി മത്സരിച്ചിട്ടില്ല. വളരെ ഹ്രസ്വമാണ് നിതീഷിന്റെ നിയമസഭാ തെരഞ്ഞെടുപ്പ് മത്സരങ്ങളുടെ ചരിത്രം. 1977ൽ ആദ്യമായി നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരത്തിനിറങ്ങിയ നിതീഷിന് പക്ഷെ വിജയിക്കാൻ സാധിച്ചിരുന്നില്ല. തുടർന്ന് 1980, 1985 വർഷങ്ങളിലും നിതീഷ് നിയമസഭാ തെരഞ്ഞെടുപ്പിലും മത്സരിച്ചിരുന്നു. എന്നാൽ 1985ലെ തെരഞ്ഞെടുപ്പിൽ മാത്രമാണ് നിതീഷിന് വിജയിക്കാൻ കഴിഞ്ഞത്. പിന്നീട് ദേശീയ രാഷ്ട്രീയത്തിലേയ്ക്ക് തിരിഞ്ഞ നിതീഷ് 1989നും 2004നും ഇടയിൽ ആറ് തവണ ലോക്‌സഭയിലേയ്ക്ക് മത്സരിച്ചു. 1989ൽ ബാർഹിൽ നിന്ന് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നിതീഷ് കുമാർ തുടർച്ചയായി നാല് തവണ ബാർഹിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടു. 2004ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നിതീഷ് ബാർഹിലും നളന്ദയിലും മത്സരിച്ചു. എന്നാൽ നളന്ദയിൽ മാത്രമേ നിതീഷിന് വിജയിക്കാൻ സാധിച്ചിരുന്നുള്ളു. ഇതിന് ശേഷം നിതീഷ് മറ്റൊരു തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടില്ല. എന്നാൽ ബിഹാറിൽ നിതീഷിന്റെ ജെഡിയുവിന്റെയും ജനപ്രീതിയ്ക്ക് ഇതൊന്നും ഇടിവുണ്ടാക്കിയിട്ടില്ലെന്നാണ് പിന്നീടുള്ള തെരഞ്ഞെടുപ്പുകളെല്ലാം നൽകുന്ന സൂചന.

നിയമസഭയിലേയ്ക്ക് മത്സരിക്കുന്നതിന് പകരം ലെജിസ്ലേറ്റീവ് കൗൺസിൽ (എംഎൽസി) അംഗം എന്ന നിലയിൽ മുഖ്യമന്ത്രിയാകുന്ന രീതിയാണ് 2005 മുതൽ നിതീഷ് കുമാർ പിന്തുടരുന്നത്. നിയമസഭാ അംഗമല്ലാതെയാണ് 2000ത്തിൽ ആദ്യമായി നിതീഷ് ബിഹാർ മുഖ്യമന്ത്രിയാകുന്നത്. എന്നാൽ കേവല ഭൂരിപക്ഷം തെളിയിക്കാൻ സാധിക്കാതെ ഏഴാം ദിവസം നിതീഷ് രാജിവെച്ചു. പീന്നീട് 2005ൽ വീണ്ടും മുഖ്യമന്ത്രി ആകുമ്പോഴും നിതീഷ് നിയമസഭാ അംഗമായിരുന്നില്ല. പിന്നാലെ നിതീഷ് ബിഹാർ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായി. തുടർന്ന് 2012ൽ കാലാവധി അവസാനിച്ചെങ്കിലും തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാതെ വീണ്ടും എംഎൽസിയായി തുടരാനായിരുന്നു നീതിഷിന്റെ തീരുമാനം. കൂടുതൽ വിശാലമായി ഇടപെടാൻ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗത്വം ഗുണകരമാണ് എന്നായിരുന്നു നിതീഷിന്റെ ന്യായം. മുഖ്യമന്ത്രി എന്ന നിലയിൽ ഒരു നിയോജക മണ്ഡലത്തിന്റെ പ്രതിനിധിയായി അവിടേയ്ക്ക് മാത്രം ഒതുങ്ങാതെ സംസ്ഥാനം മുഴുവനായി കേന്ദ്രീകരിച്ച് ഭരണത്തിൽ ഇടപെടാൻ എംഎൽസി പദവി സഹായിക്കുന്നുണ്ട് എന്നും നീതീഷ് അവകാശപ്പെട്ടിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്ല എന്ന തീരുമാനത്തിൽ രാഷ്ട്രീയ നിർബന്ധബുദ്ധി ഇല്ലെന്നും തീർത്തും വ്യക്തിപരമായ തീരുമാനമാണെന്നും നിതീഷ് കുമാർ വ്യക്തമാക്കിയിരുന്നു. ഉപരിസഭയുടെ പ്രാധാന്യത്തിലും അത് നൽകുന്ന വിശാലമായ രാഷ്ട്രീയ അവസരങ്ങളിലുമുള്ള വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് തന്റെ തീരുമാനമെന്ന് 2012 ജനുവരിയിൽ ബിഹാർ ലെജിസ്ലേറ്റീവ് കൗൺസിലിന്റെ ശതാബ്ദി ആഘോഷങ്ങളിൽ സംസാരിക്കുമ്പോൾ നിതീഷ് ചൂണ്ടിക്കാണിച്ചിരുന്നു.

പിന്നീട് 2012ലും, 2018ലും 2024ലും തുടർച്ചയായി നിതീഷ് കുമാർ സംസ്ഥാന ലെജിസ്ലേറ്റീവ് കൗൺസിലിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. നിലവിൽ 2030വരെ എംഎൽസിയായി തുടരാൻ നിതീഷ് കുമാറിന് അവസരമുണ്ട്. അതിനാൽ ആ കാലയളവിൽ നിയമസഭാ അംഗമല്ലെങ്കിൽ പോലും അദ്ദേഹത്തിന് മുഖ്യമന്ത്രി പദവി വഹിക്കുന്നതിൽ തടസ്സങ്ങളില്ല. സംസ്ഥാന നിയമസയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടാതെ തന്നെ മുഖ്യമന്ത്രി പദവിയോ മന്ത്രിപദവിയോ വഹിക്കാൻ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗത്തിന് സാധിക്കും. ഇത്തരത്തിൽ ലെജിസ്ലേറ്റീവ് കൗൺസിലുകൾ ഉള്ള ആറ് സംസ്ഥാനങ്ങളാണ് രാജ്യത്തുള്ളത്. ബിഹാറിന് പുറമെ ആന്ധ്രാ പ്രദേശ്, തെലങ്കാന, കർണാടക, മഹാരാഷ്ട്ര, ഉത്തർ പ്രദേശ് എന്നിവയാണ് ഈ സംസ്ഥാനങ്ങൾ.

ബഹുതല സംവിധാനത്തിലൂടെയാണ് ബിഹാർ ലെജിസ്ലേറ്റീവ് കൗൺസിൽ അം​ഗങ്ങളെ തെരഞ്ഞെടുക്കുന്നത്. ലെജിസ്ലേറ്റീവ് കൗൺസിലിലെ മൂന്നിൽ ഒന്ന് അം​ഗങ്ങളെ സംസ്ഥാന നിയമസഭയാണ് തെരഞ്ഞെടുക്കുക. എംഎൽഎമാർ‌ അല്ലാത്തവരെയാണ് എംഎൽസിമാരായി പരി​ഗണിക്കുക. 27 എംഎൽസിമാരെയാണ് സംസ്ഥാന നിയമസഭ തെരഞ്ഞെടുക്കുക. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് 24 എംഎൽസിമാരെ തെരഞ്ഞെടുക്കുക. ​​ബിരുദധാരികളിൽ നിന്നും അധ്യാപകരിൽ നിന്നുമാണ് 6 വീതം എംഎൽസിമാരെ തെരഞ്ഞെടുക്കുന്നത്. 12 എംഎൽസിമാരെ ​ഗവർണർ നോമിനേറ്റ് ചെയ്യുന്നു.

Content Highlights:  Nitish Kumar become the chief minister without contesting the Bihar assembly elections

dot image
To advertise here,contact us
dot image