

ദക്ഷിണാഫ്രിക്ക എയ്ക്കെതിരായ ഒന്നാം അനൗദ്യോഗിക ഏകദിനത്തിൽ ഇന്ത്യ എയ്ക്ക് നാല് വിക്കറ്റ് വിജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക എ നിശ്ചിത 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 285 റൺസെടുത്തിരുന്നു. മറുപടി ബാറ്റിങ്ങിൽ മൂന്ന് പന്ത് അവശേഷിക്കെയാണ് ഇന്ത്യ എ ടീം വിജയത്തിലെത്തിയത്.
മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക എ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഒരു ഘട്ടത്തിൽ അഞ്ചിന് 53 എന്ന നിലയിൽ തകർന്ന ശേഷമാണ് പ്രോട്ടിയാസ് മികച്ച സ്കോറിലേക്കെത്തിയത്. ഇന്നിങ്സിലെ ആദ്യ പന്തിൽ തന്നെ റൺസൊന്നമെടുക്കാത്ത റൂബൻ ഹെർമനെ തിലക് വർമയുടെ കൈകളിലെത്തിച്ച് അർഷ്ദീപ് സിങ് ഇന്ത്യയ്ക്ക് മികച്ച തുടക്കം നൽകി. പിന്നാലെ ജോർദാൻ ഹെർമാൻ, മാർക്വസ് അക്കർമാൻ എന്നിവരും പൂജ്യത്തിന് പുറത്തായി. ദക്ഷിണാഫ്രിക്കയ്ക്ക് റൺസെടുക്കും മുമ്പ് രണ്ട് വിക്കറ്റുകളും ഒരു റൺസിൽ മൂന്ന് വിക്കറ്റുകളും നഷ്ടമായിരുന്നു.
നാലാം വിക്കറ്റ് 16 റൺസിലും പിന്നീട് അഞ്ചിന് 53 എന്ന നിലയിലും പ്രോട്ടീയാസ് തകർന്നു. അവിടെ നിന്നാണ് ഡയാൻ ഫോറസ്റ്റർ - ഡെലാനോ പോട്ട്ഗീറ്റർ എന്നിവർ ഒന്നിച്ചത്. 83 പന്തിൽ നാല് ഫോറും നാല് സിക്സറും സഹിതം ഫോറസ്റ്റർ 77 റൺസെടുത്തു. 105 പന്തിൽ 10 ഫോറും ഒരു സിക്സറും സഹിതം 90 റൺസെടുത്ത ഡെലാനോ പോട്ട്ഗീറ്റർ ദക്ഷിണാഫ്രിക്ക എയുടെ ടോപ് സ്കോററായി. ഇരുവരും ചേർന്ന ആറാം വിക്കറ്റിൽ 113 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി.
ഫോറസ്റ്ററിനെ പുറത്താക്കി റിയാൻ പരാഗാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ ബ്യോൺ ഫോർട്ടുയിൻ 56 പന്തിൽ എട്ട് ഫോറുകളുമായി 59 റൺസ് നേടി. ഡെലാനോ പോട്ട്ഗീറ്ററുമായി ചേർന്ന് ഏഴാം വിക്കറ്റിൽ ഫോർട്ടുയിൻ 87 റൺസ് കൂട്ടിച്ചേർത്തു. ഇന്ത്യൻ ബൗളിങ് നിരയിൽ അർഷ്ദീപ് സിങ്, ഹർഷിത് റാണ എന്നിവർ രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി. പ്രസിദ്ധ് കൃഷ്ണ, നിഷാന്ത് സിന്ധു, റിയാൻ പരാഗ്, നിതീഷ് കുമാർ റെഡ്ഡി എന്നിവർ ഓരോ വിക്കറ്റുകളും സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിൽ ഇന്ത്യയ്ക്കായി അഭിഷേക് ശർമയും റുതുരാജ് ഗെയ്ക്ക്‌വാദും മികച്ച തുടക്കമാണ് നൽകിയത്. ആദ്യ വിക്കറ്റിൽ ഇരുവരും 64 റൺസ് കൂട്ടിച്ചേർത്തു. 31 റൺസുമായി അഭിഷേക് ശർമയാണ് ആദ്യം പുറത്തായത്. പിന്നീട് റുതുരാജ് ഒരറ്റത്ത് ഉറച്ചുനിന്നു. റിയാൻ പരാഗ് എട്ട്, ക്യാപ്റ്റൻ തിലക് വർമ 39, ഇഷാൻ കിഷൻ 17 എന്നിങ്ങനെ സംഭാവന നൽകി.
അഞ്ചാമനായി പുറത്താകുമ്പോൾ 129 പന്തിൽ 12 ഫോറുകളുടെ അകമ്പടിയോടെ റുതുരാജ് 117 റൺസ് നേടിയിരുന്നു. പിന്നാലെ നിതീഷ് കുമാർ റെഡ്ഡി 37, നിഷാന്ത് സിന്ധു പുറത്താകാതെ 29 എന്നിവർ ചേർന്ന് ഇന്ത്യ വിജയത്തിലെത്തിച്ചു.
Content Highlights: India A clinched a 4-wicket win against South Africa A