സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്സിൽ; കരാറിൽ ഔദ്യോ​ഗികമായി ഒപ്പുവെച്ചു

അടുത്ത സീസൺ ഐപിഎല്ലിൽ സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്സിൽ കളിക്കും

സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്സിൽ; കരാറിൽ ഔദ്യോ​ഗികമായി ഒപ്പുവെച്ചു
dot image

ഐപിഎൽ അടുത്ത സീസണിൽ ഇന്ത്യൻ ക്രിക്കറ്റിലെ മലയാളി സാന്നിധ്യം സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്സിൽ കളിക്കും. സഞ്ജുവിന് പകരമായി രവീന്ദ്ര ജഡേജ, സാം കരൺ എന്നീ താരങ്ങൾ രാജസ്ഥാൻ റോയൽസ് സ്വന്തമാക്കി. മൂന്ന് താരങ്ങളും കൈമാറ്റ കരാറിൽ ഔദ്യോ​ഗികമായി ഒപ്പുവെച്ചു. തന്റെ ആദ്യ ക്ലബ് കൂടിയായ രാജസ്ഥാൻ റോയൽസിനോട് ജഡേജ ക്യാപ്റ്റൻ സ്ഥാനവും ആവശ്യപ്പെട്ടിട്ടുണ്ട്.

നായകസ്ഥാനം നൽകാമെന്ന ഉറപ്പിലാണ് ജഡേജ രാജസ്ഥാനിലേക്ക് മാറാൻ തയ്യാറാകുന്നതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ 37കാരനായ ജഡേജയുടെ ഐപിഎല്ലിൽ ക്യാപ്റ്റൻസി റെക്കോർഡുകൾ മോശമാണ്. 2002ൽ ചെന്നൈ സൂപ്പർ കിങ്സിന്റെ നായകസ്ഥാനം ധോണിയിൽ നിന്ന് ഏറ്റെടുത്ത ജഡേജയ്ക്ക് എട്ട് മത്സരങ്ങളിൽ രണ്ടിൽ മാത്രമാണ് ടീമിനെ വിജയിപ്പിക്കാനായത്. തുടർന്ന് ജഡേജ ക്യാപ്റ്റൻ സ്ഥാനം ധോണിക്ക് തന്നെ കൈമാറി. ഇന്ത്യൻ ടീമിൽ ഓൾറൗണ്ടറായ ജഡേജയെ ഒരിക്കൽ പോലും ക്യാപ്റ്റൻ സ്ഥാനം തേടിവന്നിട്ടുമില്ല.

സ‍ഞ്ജു സാംസൺ പോകുമ്പോൾ മൂന്ന് താരങ്ങളായിരുന്നു ക്യാപ്റ്റനായി രാജസ്ഥാൻ റോയൽസിന്റെ മനസിലുണ്ടായിരുന്നത്. ഇന്ത്യൻ ഓപണിങ് ബാറ്റർ യശസ്വി ജയ്സ്വാൾ, വിക്കറ്റ് കീപ്പർ ബാറ്റർ ധ്രുവ് ജുറേൽ, മധ്യനിര താരം റിയാൻ പരാ​ഗ് തുടങ്ങിയവരിൽ ഒരാളെ നായകസ്ഥാനത്തെത്തിക്കാനായിരുന്നു റോയൽസിന്റെ നീക്കം. കഴി‍ഞ്ഞ സീസണിൽ സഞ്ജു സാംസൺ പരിക്കിനെ തുടർന്ന് കളിക്കാതിരുന്നപ്പോൾ റിയാൻ പരാ​ഗ് ആയിരുന്നു രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനായുണ്ടായിരുന്നത്. എന്നാൽ ടീമിനെ വിജയത്തിലെത്തിക്കാൻ പരാ​ഗിന് കഴിഞ്ഞില്ല. സീസണിൽ ഒമ്പതാം സ്ഥാനത്താണ് റോയൽസ് ഫിനിഷ് ചെയ്തത്.

മറുവശത്ത് ചെന്നൈ സൂപ്പർ കിങ്സിലും ക്യാപ്റ്റൻ ആരാകുമെന്നതിൽ ആകാംഷയുണ്ട്. നിലവിൽ റുതുരാജ് ഗെയ്ക്ക്‌വാദാണ് ചെന്നൈയുടെ ക്യാപ്റ്റൻ. കഴിഞ്ഞ സീസണിൽ പരിക്കിനെ തുടർന്ന് റുതുരാജ് സീസൺ പകുതിക്ക് വെച്ച് പിന്മാറിയിരുന്നു. പിന്നീട് ധോണിയായിരുന്നു ചെന്നൈയുടെ ക്യാപ്റ്റൻ. കഴിഞ്ഞ സീസണിൽ ചെന്നൈ പോയിന്റ് ടേബിളിൽ അവസാന സ്ഥാനക്കാരായാണ് ഫിനിഷ് ചെയ്തത്. റുതുരാജ് ക്യാപ്റ്റനായിരുന്ന 2024ലെ സീസണിലും ചെന്നൈയുടെ മികച്ച പ്രകടനം നടത്താൻ കഴിഞ്ഞില്ല. അഞ്ചാം സ്ഥാനത്താണ് ചെന്നൈ ഫിനിഷ് ചെയ്തത്.

Content Highlights: Sanju Samson traded to Chennai Super Kings

dot image
To advertise here,contact us
dot image