

പട്‌ന: ബിഹാറിന്റെ വിധിയറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ നടക്കും. രാവിലെ എട്ടുമണിയോടെ വോട്ടെണ്ണൽ ആരംഭിക്കും. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ പൂർണചിത്രം അറിയാൻ കഴിയും. വോട്ടെണ്ണലിനുളള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. റെക്കോര്‍ഡ് പോളിംഗായിരുന്നു രണ്ടുഘട്ട വോട്ടെടുപ്പിലും നടന്നത്. നവംബര്‍ ആറിന് നടന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ 64.7 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. രണ്ടാംഘട്ടത്തില്‍ 67.14 ശതമാനം പോളിംഗും രേഖപ്പെടുത്തി. ബിഹാറിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പോളിംഗ് ശതമാനമായിരുന്നു അത്. ബിഹാറില്‍ എന്‍ഡിഎയ്ക്ക് മുന്‍തൂക്കം നല്‍കുന്ന തരത്തിലാണ് പുറത്തുവന്ന എക്‌സിറ്റ് പോള്‍ സര്‍വേകളും. ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ ഫലം എന്‍ഡിഎയ്ക്ക് 121 മുതല്‍ 141 സീറ്റ് വരെയും മഹാസഖ്യത്തിന് 98 മുതല്‍ 118 വരെ സീറ്റുകളുമാണ് പ്രവചിച്ചത്.
ആര്‍ജെഡിയും കോണ്‍ഗ്രസും ഉള്‍പ്പെട്ട മഹാസഖ്യം ഉന്നയിച്ച വോട്ടുകൊളള ആരോപണവും തൊഴിലില്ലായ്മയും ബിഹാറിലെ വോട്ടര്‍മാര്‍ക്കിടയില്‍ ഫലം കണ്ടില്ലെന്നാണ് എക്‌സിറ്റ് പോളുകള്‍ അവകാശപ്പെടുന്നത്. തൊഴില്‍രഹിതരുടെയും വിദ്യാര്‍ത്ഥികളുടെയും പിന്തുണ മഹാസഖ്യത്തിനാണ്. എന്നാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സര്‍ക്കാര്‍ പദ്ധതികളുടെ പ്രയോജനം ലഭിച്ച സ്ത്രീകള്‍, സ്വകാര്യ ജീവനക്കാര്‍ എന്നിവരുടെ പിന്തുണ എന്‍ഡിഎയ്ക്കാണ് എന്നാണ് ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നത്.
130-ലേറെ സീറ്റുകളാണ് മറ്റ് പല എക്‌സിറ്റ് പോളുകളും എന്‍ഡിഎയ്ക്ക് പ്രവചിക്കുന്നത്. 122 സീറ്റാണ് ബിഹാറില്‍ കേവല ഭൂരിപക്ഷത്തിന് ആവശ്യം. മഹാസഖ്യം നൂറിലേറെ സീറ്റ് കടക്കുമെന്നു പ്രവചിക്കുന്നത് നാല് എക്സിറ്റ് പോളുകള്‍ മാത്രമാണ്. ചില എക്സിറ്റ് പോളുകള്‍ ജന്‍ സുരാജിന് പരമാവധി അഞ്ച് സീറ്റ് പ്രവചിക്കുമ്പോള്‍ മറ്റു ചിലത് ഒരു സീറ്റ് പോലും ലഭിക്കില്ലെന്ന ഫലമാണ് പുറത്തുവിട്ടത്. ചാണക്യ സ്ട്രാറ്റജീസ്, ദൈനിക് ഭാസ്‌കര്‍, ഡി വി റിസേര്‍ച്ച്, ജെവിസി, മാട്രിസ്, പി മാര്‍ക്, പീപ്പിള്‍ ഇന്‍സൈറ്റ്, പീപ്പിള്‍സ് പള്‍സ്, എന്‍ഡിടിവി പോള്‍ ഓഫ് പോള്‍സ്, ന്യൂസ് 18 മെഗാ എക്‌സിറ്റ് പോള്‍ അടക്കം പുറത്തുവന്ന സര്‍വ്വേ ഫലങ്ങളെല്ലാം പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി നിതീഷ് കുമാറും മുഖമായ എന്‍ഡിഎ സഖ്യത്തിന് 130 ല്‍ കുറയാത്ത സീറ്റ് നിലയാണ് പ്രവചിക്കുന്നത്.
എക്സിറ്റ് പോളുകളെല്ലാം എൻഡിഎയ്ക്ക് മുൻതൂക്കം പ്രഖ്യാപിക്കുന്നുണ്ടെങ്കിലും വോട്ടെണ്ണൽ ആരംഭിക്കുമ്പോൾ ചിത്രം മാറുമെന്നാണ് മഹാസഖ്യത്തിന്റെ നേതാക്കൾ പറയുന്നത്. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെയും ആർജെഡി നേതാവ് തേജസ്വി യാദവിന്റെയും നേതൃത്വത്തിൽ വൻ പ്രചാരണമാണ് മഹാസഖ്യം ബിഹാറിൽ നടത്തിയത്. രാഹുലിന്റെയും പ്രിയങ്കാ ഗാന്ധിയുടെയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെയും മറ്റ് സഖ്യ കക്ഷികളിലെ നേതാക്കളുടെയും നിരവധി തെരഞ്ഞെടുപ്പ് റാലികൾ നടന്നു. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന വോട്ടർ അധികാർ യാത്ര സംസ്ഥാനത്തെ മിക്ക ജില്ലകളിലൂടെയും കടന്നുപോയി. തേജസ്വി യാദവിന് പുറമേ ഇൻഡ്യാ സഖ്യത്തിലെ ദേശീയ നേതാക്കളെല്ലാം ആ യാത്രയിൽ പങ്കെടുത്തു.
മഹാസഖ്യം അധികാരത്തിലെത്തിയാൽ എല്ലാ കുടുംബങ്ങളിലും ഒരാൾക്ക് സർക്കാർ ജോലി എന്നതാണ് ഇൻഡ്യാ സഖ്യത്തിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഏറ്റവും പ്രധാന വാഗ്ദാനം. എന്നാൽ നിതീഷ് കുമാറിന്റെ സൗജന്യ പ്രഖ്യാപനങ്ങള്‍ സ്ത്രീ വോട്ടർമാരെ ഉന്നമിട്ടായിരുന്നു. സ്ത്രീകളെ ലക്ഷ്യമിട്ട് നിരവധി ക്ഷേമപദ്ധതികള്‍ നിതീഷ് കുമാര്‍ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാന സര്‍ക്കാര്‍ സേവനങ്ങളിലെ എല്ലാ വിഭാഗങ്ങളിലേക്കും, തലങ്ങളിലേക്കും, തരങ്ങളിലേക്കും നേരിട്ടുള്ള നിയമനങ്ങളില്‍ ബിഹാറിലെ സ്ഥിര താമസക്കാരായ വനിതകള്‍ക്ക് മാത്രമായി 35 ശതമാനം സംവരണം, മഹിള റോസ്ഗാര്‍ യോജന തുടങ്ങിയവയാണ് നിതീഷ് കുമാറിന്റെ പ്രഖ്യാപനങ്ങളിൽ പ്രധാനപ്പെട്ടവ. ഇതിൽ ഏത് സഖ്യത്തെ ജനം തെരഞ്ഞെടുക്കുമെന്ന് നാളെ അറിയാം.
Content Highlights: Bihar Assembly Election results tomorrow: NDA and INDIA Alliance in Hope