പത്രവാഹനങ്ങളെ തടഞ്ഞ് പൊലീസ് പരിശോധന;പഞ്ചാബില്‍ പത്ര വിതരണം വൈകി, സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിപക്ഷ കക്ഷികള്‍

ആപ്പിനെ പഞ്ചാബില്‍ വളര്‍ത്തിയ മാധ്യമങ്ങളെ തന്നെ ആപ് ഇപ്പോള്‍ പീഡിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പത്രവാഹനങ്ങളെ തടഞ്ഞ് പൊലീസ് പരിശോധന;പഞ്ചാബില്‍ പത്ര വിതരണം വൈകി, സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിപക്ഷ കക്ഷികള്‍
dot image

അമൃത്സര്‍: പഞ്ചാബിലെ പല നഗരങ്ങളിലും ഞായറാഴ്ച പത്ര വിതരണം വൈകാനിടയാക്കിയ സംഭവങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രംഗത്തെത്തി പ്രതിപക്ഷ കക്ഷികള്‍. സംസ്ഥാന സര്‍ക്കാരിന്റെ പത്ര സ്വാതന്ത്യത്തിനെതിരെയുള്ള ബോധപൂര്‍വമായ ആക്രമണമാണ് നടക്കുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

ശനിയാഴ്ചയും ഞായറാഴ്ചയും രാത്രി പൊലീസ് ഒരു ചെക്കിങ് കാമ്പയിന്‍ നടത്തിയിരുന്നു. വിവിധ സ്ഥലങ്ങളിലേക്ക് പത്രങ്ങള്‍ കൊണ്ടുപോകുന്ന എല്ലാ വാഹനങ്ങളും തടഞ്ഞുനിര്‍ത്തി പരിശോധിച്ചിരുന്നു. രാത്രി 10 മണിക്ക് ആരംഭിച്ച പരിശോധനകള്‍ പുലര്‍ച്ചെ വരെ തുടര്‍ന്നു. ഇതിനാല്‍ പല നഗരങ്ങളിലും ഗ്രാമങ്ങളിലും രാവിലെ പത്രങ്ങള്‍ കൃത്യസമയത്ത് എത്തിക്കാന്‍ സാധിച്ചില്ല.

പഞ്ചാബിലുടനീളം പത്രവിതരണം നിരോധിച്ചത് പത്ര സ്വാതന്ത്യത്തിന് നേരെയുള്ള ആക്രമണമാണെന്ന് പ്രതിപക്ഷ നേതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പ്രതാപ് സിങ് ബജ്‌വ പറഞ്ഞു. പ്രധാനമന്ത്രി മോദി തന്റെ തീരുമാനങ്ങളെ ചോദ്യം ചെയ്യുന്ന ശബ്ദങ്ങളെ ലക്ഷ്യമിടുന്നത് പോലെ, ആപ്പിനെ പഞ്ചാബില്‍ വളര്‍ത്തിയ മാധ്യമങ്ങളെ തന്നെ ആപ് ഇപ്പോള്‍ പീഡിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി ഭഗവന്ത്മന്‍ പ്രഖ്യാപിച്ച അപ്രഖ്യാപിത അടിയന്തരവാസ്ഥയാണിതെന്ന് സംസ്ഥാന ബിജെപി വര്‍ക്കിങ് പ്രസിഡന്റ് അശ്വിനി ശര്‍മ ആരോപിച്ചു. ശീഷ്മഹല്‍ 2 എന്ന വാര്‍ത്തയില്‍ പരിഭാന്ത്രരായ ആംആദ്മി സര്‍ക്കാര്‍ മാധ്യമങ്ങളെ ആക്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

തങ്ങള്‍ക്കെതിരെ ആരും എഴുതരുതെന്ന് ആഗ്രഹിക്കുന്നതിനാലാണ് സര്‍ക്കാര്‍ പത്ര വാഹനങ്ങള്‍ ലക്ഷ്യമിട്ടതെന്ന് അകാലിദള്‍ പ്രസിഡന്റ് സുഖ്ബീര്‍ സിംഗ് ബാദല്‍ ആരോപിച്ചു. പഞ്ചാബിലെ വിവിധ ജില്ലകളില്‍ പത്രങ്ങള്‍ കൊണ്ടുപോകുന്ന വാഹനങ്ങള്‍ തടഞ്ഞ പൊലീസ് നടപടിയെ ശക്തമായി അപലപിക്കുന്നതായും ചണ്ഡീഗഢ് പ്രസ് ക്ലബ് അറിയിച്ചു.

അതേ സമയം രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നിയമപരമല്ലാത്ത വസ്തുക്കള്‍ കടത്തുന്നതായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വാഹനങ്ങള്‍ പരിശോധിച്ചതെന്നാണ് പൊലീസ് വിശദീകരണം.

ഗസറ്റഡ് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ തിരഞ്ഞെടുത്ത സ്ഥലങ്ങളില്‍ വാഹനപരിശോധന വ്യവസ്ഥാപിതവും സംഘടിതവുമായ രീതിയാണ് നടത്തിയതെന്ന് പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു. അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നിന്ന് അനധികൃത ഡ്രോണുകള്‍ ഉപയോഗിച്ച് കള്ളക്കടത്ത്, ആയുധങ്ങള്‍, സ്‌ഫോടക വസ്തുക്കള്‍ എന്നിവ കടത്താന്‍ സാധ്യതയുണ്ടെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.

dot image
To advertise here,contact us
dot image