

പട്‌ന: ബിഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് വിചിത്ര മറുപടികള്‍ നല്‍കുകയാണ് ബിജെപി സ്ഥാനാര്‍ത്ഥിയും ഗായികയുമായ മൈഥിലി താക്കൂര്‍. നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ താരമൂല്യമുള്ള സ്ഥാനാര്‍ത്ഥികളിലൊരാളാണ് മൈഥിലി താക്കൂര്‍. എന്നാല്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇവര്‍ നല്‍കുന്ന മറുപടികള്‍ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളാവുകയാണ്. താന്‍ 'മിഥിലയുടെ മകളാ'ണ് എന്ന് സ്വയം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു മൈഥിലിയുടെ ബിജെപിയിലേക്കുള്ള രംഗപ്രവേശം. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ബിഹാര്‍ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടികയിലും മൈഥിലി ഉള്‍പ്പെട്ടിരിക്കുന്നത്. ബിഹാറിലെ അലിനഗറില്‍ നിന്നാണ് ബിജെപി ടിക്കറ്റില്‍ മൈഥിലി മത്സരിക്കുന്നത്.
'നിങ്ങളുടെ നിയമസഭാ മണ്ഡലത്തെക്കുറിച്ചുള്ള ബ്ലൂ പ്രിന്റ് എന്താണ്' തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മൈഥിലിയോട് മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. ചോദ്യത്തിന് പിന്നാലെ തന്നെ മൈഥിലിയുടെ ഉത്തരവും വന്നു. 'ക്യാമറയ്ക്കും പബ്ലിക്കിനും മുന്നില്‍ ഞാന്‍ ഇതൊക്കെ എങ്ങനെ പറയും. അത് തീര്‍ത്തും സ്വകാര്യമായ കാര്യമല്ലെ' എന്നുമായിരുന്നു മൈഥിലിയുടെ മറുപടി.
വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി നിരവധി ആളുകള്‍ രംഗത്തെത്തി. രാഷ്ട്രീയമോ, സാമൂഹികമോ ആയി യാതൊരു അറിവും ഇല്ലാത്ത സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നത് എന്ത് തരം രാഷ്ട്രീയമാണെന്നായിരുന്നു ചിലരുടെ ചോദ്യം.
നാടോടി, ക്ലാസിക്കല്‍ ഗായിക എന്ന നിലയില്‍ പ്രശസ്തയാണ് മൈഥിലി താക്കൂര്‍. 2017-ലെ യുവ ഗായിക റൈസിംഗ് സ്റ്റാര്‍ എന്ന റിയാലിറ്റി ഷോയില്‍ റണ്ണര്‍ അപ്പ് ആയതോടെ താരമൂല്യം ഏറി. സമൂഹ മാധ്യമങ്ങളില്‍ ഏറെ പിന്തുണ ലഭിച്ചിരുന്ന മൈഥിലിയെ ബിജെപി പാര്‍ട്ടിയിലേക്ക് ക്ഷണിക്കുകയായിരുന്നു. പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയുമാക്കി.
Content Highlight; Mythili Thakur’s reply to question on her constituency blueprint goes viral