200 രൂപയുമായി വീടുവിട്ടിറങ്ങി, വെയ്റ്റർ ആയി ജോലി ചെയ്തു; ഇന്ന് 100 കോടിയിലേക്ക് കുതിക്കുന്ന സിനിമയിലെ നായകൻ

ഒരു ദിവസം 10 മുതൽ 20 രൂപ വരെ മാത്രമാണ് അദ്ദേഹത്തിന് വരുമാനമായി അന്ന് ലഭിച്ചിരുന്നത്

200 രൂപയുമായി വീടുവിട്ടിറങ്ങി, വെയ്റ്റർ ആയി ജോലി ചെയ്തു; ഇന്ന് 100 കോടിയിലേക്ക് കുതിക്കുന്ന സിനിമയിലെ നായകൻ
dot image

സനം തേരി കസം എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ മനസ്സിൽ കയറിക്കൂടിയ നടനാണ് ഹർഷവർദ്ധൻ റാണെ. നടന്റേതായി അവസാനം പുറത്തിറങ്ങിയ 'ഏക് ദീവാനേ കി ദീവാനിയത്ത്' ബോക്സ് ഓഫീസിൽ 100 കോടിയിലേക്ക് കുതിക്കുകയാണ്. എന്നാൽ സിനിമയുടെ വെളിച്ചത്തിലേക്ക് എത്തുന്നതിന് മുൻപ് നിറയെ കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു ഹർഷവർദ്ധൻ റാണെയുടെ ജീവിതം.

ആന്ധ്രാപ്രദേശിലെ രാജമഹേന്ദ്രവാരത്ത് ജനിച്ച ഹർഷവർദ്ധൻ റാണെയ്ക്ക് സിനിമയോട് അതിയായ താല്പര്യമുണ്ടായിരുന്നു. 16 വയസ്സുള്ളപ്പോൾ, അദ്ദേഹം തന്റെ ബാഗ് പായ്ക്ക് ചെയ്ത്, വെറും 200 രൂപയുമായി അഭിനയമോഹത്തെ പിന്തുടരാൻ വീടുവിട്ടിറങ്ങി. ഹോസ്റ്റൽ മെസ്സിലും വെയ്റ്റർ ആയും ജോലി ചെയ്തുമൊക്കെ അദ്ദേഹം തന്റെ ദിനങ്ങൾ തള്ളിനീക്കി. ഒരു ദിവസം 10 മുതൽ 20 രൂപ വരെ മാത്രമാണ് അദ്ദേഹത്തിന് വരുമാനമായി ലഭിച്ചിരുന്നത്. 'ഒരു ഭക്ഷണവും ഒരു ടോയ്‌ലറ്റും കണ്ടെത്തുക എന്നതായിരുന്നു എന്റെ ഏറ്റവും വലിയ പോരാട്ടം' എന്ന് ഒരു അഭിമുഖത്തിൽ ഹർഷവർദ്ധൻ റാണെ പറഞ്ഞിരുന്നു. 'ഒരു ചെറിയ മുറിയിൽ ഞാൻ അഞ്ച് പുരുഷന്മാരുടെ കൂടെ ആയിരുന്നു ഉറങ്ങിയിരുന്നത്. ഈ അഞ്ച് പേരും ഒരു സോപ്പ് ആയിരുന്നു ഉപയോഗിച്ചിരുന്നത്', ഹർഷവർദ്ധൻ റാണെയുടെ വാക്കുകൾ. ഇന്ന് എനിക്ക് ഭക്ഷണവും, വൃത്തിയുള്ള കിടക്കയും, ചൂടുവെള്ളവും ലഭിച്ചാൽ ഞാൻ അതിനെ ഒരിക്കലും ഒരു ബുദ്ധിമുട്ട് എന്ന് വിളിക്കില്ല.

ഇരുപത് സിനിമകളോളം അഭിനയിച്ചു കഴിഞ്ഞിട്ടും ഇന്നും താൻ നിർമാതാക്കളുടെ അടുത്ത് അവസരം ചോദിച്ചു പോകാറുണ്ടെന്ന് അദ്ദേഹം പറയുന്നു. തെലുങ്ക് ചിത്രമായ തകിട തകിടയാണ് ഹർഷവർദ്ധൻ റാണെയുടെ ആദ്യ സിനിമ. തുടർന്ന് നിരവധി തെലുങ്ക് സിനിമകളിൽ നടൻ വേഷമിട്ടു. സനം തേരി കസം ആണ് ബോളിവുഡിൽ ഹർഷവർദ്ധൻ റാണെയ്ക്ക് ബ്രേക്ക് നൽകിയ സിനിമ. 2016 ൽ പുറത്തിറങ്ങിയ സിനിമ തിയേറ്ററുകളിൽ പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല. എന്നാൽ ഒമ്പതുവർഷങ്ങൾക്കിപ്പുറം യുവ പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നായി സനം തേരി കസം മാറി. ചിത്രം ഒടിടിയിലെത്തിയതോടെ പ്രേക്ഷകർ ഏറ്റെടുത്തു.

'ഏക് ദീവാനേ കി ദീവാനിയത്ത്' ആണ് ഇപ്പോൾ തിയേറ്ററിലുള്ള ഹർഷവർദ്ധൻ റാണെ ചിത്രം. കഴിഞ്ഞ വാരം തിയേറ്ററുകളിൽ എത്തിയ സിനിമയ്ക്ക് വളരെ മോശം അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. എന്നാൽ ഏവരെയും ഞെട്ടിച്ചുകൊണ്ട് ബോക്സ് ഓഫീസിൽ കളക്ഷൻ വാരിക്കൂട്ടുകയാണ് സിനിമ. ഇതുവരെ 60 കോടിയോളമാണ് സിനിമ നേടിയത്. സിനിമയുടെ കഥയ്ക്കും തിരക്കഥയ്ക്കും പ്രകടനത്തിനും വലിയ വിമർശനങ്ങളാണ് ലഭിക്കുന്നത്. സിനിമയുടെ ഇന്റർവെൽ സീൻ ഞെട്ടിച്ചെന്നും കമന്റുകളുണ്ട്.

Content Highlights: Harshvardhan Rane lifestory goes viral

dot image
To advertise here,contact us
dot image