

കൊളംബോ: സമുദ്രാതിര്‍ത്തി കടന്നതിന് 35 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്ത് ശ്രീലങ്കന്‍ നാവികസേന. തമിഴ്നാട് സ്വദേശികളായ 3 മത്സ്യത്തൊഴിലാളികളെയും പുതുച്ചേരിയില്‍ നിന്നുളള നാലുപേരെയുമാണ് ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തത്. രാമേശ്വരത്തിനടുത്തുളള ഇന്റര്‍നാഷണല്‍ മാരിടൈം ബൗണ്ടറി ലൈന്‍ (ഐഎംബിഎല്‍) കടന്നതിനാണ് നടപടി.
മത്സ്യത്തൊഴിലാളികളുടെ മോചനത്തിനായി കേന്ദ്രസര്‍ക്കാരില്‍ കൂടുതല്‍ സമ്മര്‍ദം ചെലുത്തണമെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിനോട് പട്ടാളി മക്കള്‍ കച്ചി (പിഎംകെ) നേതാവ് അന്‍പുമണി രാമദോസ് ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങളുണ്ടാകുമ്പോള്‍ കേന്ദ്രത്തിന് കത്തയച്ചാല്‍ മാത്രം പോരെന്നും തമിഴ്നാട്ടുകാരായ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്യുന്നത് പതിവായിരിക്കുകയാണെന്നും അന്‍പുമണി രാമദോസ് പറഞ്ഞു. ' തമിഴ് മത്സ്യത്തൊഴിലാളികളെ ആക്രമിക്കുന്നതും അറസ്റ്റ് ചെയ്യുന്നതും ശ്രീലങ്കന്‍ നേവിയുടെ പതിവായിരിക്കുകയാണ്. എന്നിട്ടും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വിഷയത്തില്‍ ശാശ്വത പരിഹാരം കാണാനായി നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. മുഖ്യമന്ത്രി മന്ത്രിമാരുമായും മത്സ്യത്തൊഴിലാളികളുടെ പ്രതിനിധികളുമായും യോഗം വിളിച്ച്, പ്രധാനമന്ത്രിയെ കണ്ട് വിഷയത്തില്‍ ശാശ്വത പരിഹാരം കാണുകയായിരുന്നു വേണ്ടത്': അന്‍പുമണി പറഞ്ഞു.
തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ്യും വിഷയത്തില്‍ ആശങ്ക പ്രകടിപ്പിച്ച് രംഗത്തെത്തി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വിഷയത്തില്‍ എത്രയും വേഗം നടപടികള്‍ എടുക്കണമെന്ന് വിജയ് അഭ്യര്‍ത്ഥിച്ചു. 'തമിഴ്നാട്ടില്‍ നിന്നും പുതുച്ചേരിയില്‍ നിന്നുമുളള 35 മത്സ്യത്തൊഴിലാളി സഹോദരന്മാരെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തിരിക്കുകയാണ്. അവരുടെ ബോട്ടുകള്‍ പിടിച്ചെടുക്കുകയും ചെയ്തു. ഈ വാര്‍ത്ത ഹൃദയത്തില്‍ ആഴത്തിലുളള വേദന ഉണ്ടാക്കുന്നതാണ്. അവരെ ഉടന്‍ മോചിപ്പിക്കുകയും പിടിച്ചുവെച്ച അവരുടെ ബോട്ടുകള്‍ തിരികെ നല്‍കുകയും വേണം. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപടികള്‍ സ്വീകരിക്കണം': വിജയ് പറഞ്ഞു.
Content Highlights: Sri Lankan Navy arrests 35 Indian fishermen for crossing sea border