'ട്രെയിനിൽ നിന്നും തള്ളിയിട്ട പെൺകുട്ടി അപകടനില തരണം ചെയ്തിട്ടില്ല; ചികിത്സിക്കുന്നത് പ്രഗത്ഭരായ ഡോക്ടർമാർ'

തലച്ചോറിനാണ് പരിക്കേറ്റിരിക്കുന്നതെന്നും തലച്ചോറില്‍ ചതവുണ്ടെന്ന് കണ്ടെത്തിയെന്നും മെഡിക്കല്‍ കോളേജ് സൂപ്രണ്ട്

'ട്രെയിനിൽ നിന്നും തള്ളിയിട്ട പെൺകുട്ടി അപകടനില തരണം ചെയ്തിട്ടില്ല; ചികിത്സിക്കുന്നത് പ്രഗത്ഭരായ ഡോക്ടർമാർ'
dot image

തിരുവനന്തപുരം: ട്രെയിനില്‍ നിന്നും മധ്യവയസ്‌കന്‍ തള്ളിയിട്ടതിനെ തുടര്‍ന്ന് ഗുരുതര പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടി അപകടനില തരണം ചെയ്തിട്ടില്ലെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ജയചന്ദ്രന്‍. ഇന്നലെ രാത്രി 11 മണിയോടെയാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. ന്യൂറോ ഉള്‍പ്പെടെ എല്ലാ വിഭാഗങ്ങളും ചേര്‍ന്നുള്ള ചികിത്സയാണ് നിലവില്‍ നല്‍കുന്നത്. തലച്ചോറിനാണ് പരിക്കേറ്റിരിക്കുന്നതെന്നും തലച്ചോറില്‍ ചതവുണ്ടെന്ന് കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു.

വെന്റിലേറ്ററിന്റെ സഹായം ഇപ്പോഴും നല്‍കുന്നുണ്ട്. സര്‍ജിക്കല്‍ ഐസിയുവിലാണ് പെണ്‍കുട്ടി ഇപ്പോഴുള്ളതെന്നും ഡോ. ജയചന്ദ്രന്‍ വ്യക്തമാക്കി. ചികിത്സയില്‍ തൃപ്തയല്ലെന്ന പെണ്‍കുട്ടിയുടെ അമ്മയുടെ പ്രതികരണത്തിലും അദ്ദേഹം വിശദീകരണം നല്‍കി. പ്രഗത്ഭരായ ഡോക്ടര്‍മാരുടെ സംഘമാണ് പെണ്‍കുട്ടിയെ ചികിത്സിക്കുന്നത്. എന്തുകൊണ്ടാണ് അങ്ങനെ ഒരു പ്രതികരണം നടത്തിയത് എന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മെഡിക്കല്‍ കോളേജിന്റെ ചികിത്സ തൃപ്തികരമല്ലെന്ന് ചികിത്സയിലുള്ള ശ്രീക്കുട്ടിയുടെ അമ്മ പ്രിയദര്‍ശിനി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മെഡിക്കല്‍ കോളേജില്‍ എത്തിച്ചു എന്നറിഞ്ഞപ്പോൾ തന്നെ പേടിയായെന്നും പ്രിയദര്‍ശിനി പറഞ്ഞു. മകളുടെ നില അതീവഗുരുതരമാണെന്നും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്നും അമ്മ കൂട്ടിച്ചേര്‍ത്തു.

'ഒരു മണിക്ക് മെഡിക്കല്‍ ബോര്‍ഡ് കൂടിയിട്ട് അറിയിക്കാം എന്നാണ് പറഞ്ഞത്. മൃതദേഹം കിടക്കുന്നതുപോലെയാണ് എന്റെ മകള്‍ കിടക്കുന്നത്. മകള്‍ക്ക് നല്ല ചികിത്സ കിട്ടണം. എന്റെ കുഞ്ഞിനെ തിരികെ വേണം. അവള്‍ക്ക് 19 വയസ് കഴിഞ്ഞിട്ടില്ല. തലയില്‍ രണ്ട് മുറിവുകള്‍ ഉണ്ട്. ആകെ 20 മുറിവുകള്‍ ഉണ്ട്. വെന്റിലേറ്ററിന്റെ സഹായത്തോടുകൂടിയാണ് ശ്വാസം എടുക്കുന്നത്', പ്രിയദര്‍ശിനി പറഞ്ഞു.

ഇന്നലെ രാത്രി കേരള എക്സ്പ്രസില്‍ യാത്ര ചെയ്യവെയാണ് മദ്യപിച്ചെത്തിയ സുരേഷ് കുമാര്‍ 19കാരിയായ ശ്രീക്കുട്ടിയെ ചവിട്ടി പുറത്തേക്കിട്ടത്. വര്‍ക്കല സ്റ്റേഷനില്‍ നിന്നും രണ്ട് കിലോമീറ്റര്‍ ദൂരം മാറി അയന്തി മേല്‍പ്പാലത്തിനടുത്തുവെച്ച് രാത്രി 8.40ന് ജനറല്‍ കോച്ചിലായിരുന്നു ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. രണ്ട് പെണ്‍കുട്ടികള്‍ ശുചിമുറിയില്‍ പോയിവരുമ്പോള്‍ വാതിലിനടുത്തുണ്ടായിരുന്ന പ്രതി ശ്രീക്കുട്ടിയെ ചവിട്ടിപുറത്തേക്ക് ഇടുകയായിരുന്നു. കൂടെയുള്ള പെണ്‍കുട്ടിയെയും ഇയാള്‍ ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു.

ഇയാള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. റെയില്‍വെ പൊലീസാണ് സുരേഷ് കുമാറിനെതിരെ കേസെടുത്തത്. റെയില്‍വെ ആക്ട് പ്രകാരമുള്ള വകുപ്പുകളും ഇയാള്‍ക്കെതിരെ ചുമത്തും. വാതിലിനടുത്ത് നിന്ന് മാറാത്തതാണ് പ്രകോപന കാരണമെന്നും മാറാന്‍ ആവശ്യപ്പെട്ടിട്ടും പെണ്‍കുട്ടി മാറിയില്ലെന്നും പ്രതി മൊഴി നല്‍കിയിരുന്നു. മദ്യലഹരിയിലാണ് ചവിട്ടിയതെന്നും പെണ്‍കുട്ടികളെ മുന്‍പരിചയമില്ലെന്നും സുരേഷ് കുമാര്‍ പൊലീസിനോട് പറഞ്ഞു.

Content Highlights: Medical College superintendent reaction over varkala train incident

dot image
To advertise here,contact us
dot image