RSSനെ നിരോധിക്കാൻ കോൺഗ്രസ് പല തവണ ശ്രമിച്ചു, എന്നിട്ട് എന്തായി? പൊതുസമൂഹം ഞങ്ങളെ അംഗീകരിച്ചു; ദത്താത്രേയ

രാഷ്ട്രനിർമാണത്തിൽ ഏർപ്പെട്ട സംഘടനയെ നിരോധിക്കണമെന്ന് പറയുമ്പോൾ അതിന് കാരണമുണ്ടാകണമെന്ന് ദത്താത്രേയ

RSSനെ നിരോധിക്കാൻ കോൺഗ്രസ് പല തവണ ശ്രമിച്ചു, എന്നിട്ട് എന്തായി? പൊതുസമൂഹം ഞങ്ങളെ അംഗീകരിച്ചു; ദത്താത്രേയ
dot image

ന്യൂഡൽഹി: കോൺഗ്രസ് പല തവണ ആർഎസ്എസിനെ നിരോധിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും എന്നാൽ രാജ്യത്തെ ജനങ്ങൾ തങ്ങളെ ഏറ്റെടുക്കുകയായിരുന്നുവെന്നും ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലേ. ആർഎസ്എസിനെ നിരോധിക്കണമെന്ന കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പരാമർശത്തോടാണ് ദത്താത്രേയയുടെ പ്രതികരണം.

ആർഎസ്എസിനെ നിരോധിക്കണമെന്ന് പറയുമ്പോൾ അതിന് കൃത്യമായ കാരണം ഉണ്ടാകണം. രാഷ്ട്രനിർമാണത്തിൽ ഏർപ്പെട്ട സംഘടനയെ നിരോധിക്കണമെന്നാണ് ഒരു രാഷ്ട്രീയ നേതാവ് ആവശ്യപ്പെടുന്നത്. എന്നാൽ അതിന്റെ കാരണം എന്താണെന്ന് അദ്ദേഹം പറയുന്നില്ല. അദ്ദേഹം മുൻപും ആർഎസ്എസ് നിരോധനത്തിന് ശ്രമിച്ചിട്ടുണ്ട്. എന്നിട്ട് എന്തായി ഫലം?, പൊതുസമൂഹം ആർഎസ്എസിനെ അംഗീകരിച്ചു. നിരോധനങ്ങൾ നിയമവിരുദ്ധമാണെന്ന് സർക്കാർ പോലും സമ്മതിച്ചുവെന്നും ദത്താത്രേയ പറഞ്ഞു.

സര്‍ദാര്‍ വല്ലഭായ് പട്ടേലിനെ കോണ്‍ഗ്രസ് അവഗണിച്ചുവെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിമര്‍ശനത്തിന് മറുപടി പറയവേയാണ് ഖര്‍ഗെ ആര്‍എസ്എസ് നിരോധനം ആവശ്യപ്പെട്ടത്. കോണ്‍ഗ്രസും യുപിഎ സര്‍ക്കാരും പട്ടേലിന് അര്‍ഹമായ ബഹുമാനം നല്‍കിയിട്ടുണ്ടെന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു. ചരിത്രത്തെ വളച്ചൊടിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും ഗാന്ധിജിയെ കൊലപ്പെടുത്തിയവരാണ് ഇന്ന് കോണ്‍ഗ്രസ് വല്ലഭായ് പട്ടേലിനെ ഓര്‍ക്കുന്നില്ല എന്ന് പറയുന്നതെന്നും മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു. ആര്‍എസ്എസിനെ നിരോധിക്കണമെന്നും രാജ്യത്തെ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം ആര്‍എസ്എസും ബിജെപിയുമാണെന്നും ഖര്‍ഗെ പറഞ്ഞിരുന്നു.

'കോണ്‍ഗ്രസ് രാജ്യത്തിനു വേണ്ടി പോരാടി. നിരവധി നേതാക്കള്‍ രാജ്യത്തിനുവേണ്ടി ജീവന്‍ നല്‍കി. ബിജെപി രാജ്യത്തിനുവേണ്ടി എന്താണ് ചെയ്തതെന്ന് പറയണം. പട്ടേല്‍ രാജ്യത്ത് ഐക്യമുണ്ടാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. ആ ഐക്യം നിലനിര്‍ത്താന്‍ ഇന്ദിരാ ഗാന്ധി ജീവന്‍ നല്‍കി. രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നവര്‍ സര്‍ദാറിന്റെ ഓര്‍മ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയാണ്. ആര്‍എസ്എസിനെ നിരോധിക്കാതെ മറ്റ് വഴിയില്ലെന്ന് പട്ടേല്‍ വ്യക്തമാക്കിയിരുന്നു. ഗാന്ധി വധത്തിന് ഇടയാക്കിയത് ആര്‍എസ്എസ് സൃഷ്ടിച്ച അന്തരീക്ഷമാണ്. അദ്ദേഹത്തെ കോണ്‍ഗ്രസ് മറന്നുവെന്ന് പറയാന്‍ സംഘപരിവാറിന് അവകാശമില്ല'എന്നാണ് മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞത്. ഖാര്‍ഗെ ഉന്നയിച്ച ആവശ്യം സോണിയ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്ന് വിമർശിച്ച് മുതിര്‍ന്ന ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ ശോഭാ കരന്തലജെയും രം​ഗത്തെത്തിയിരുന്നു.

Content Highlights: congress tried to ban RSS many times but people have accepted says Dattatreya Hosabale

dot image
To advertise here,contact us
dot image