


 
            ന്യൂഡല്‍ഹി: സര്‍ദാര്‍ വല്ലഭായ് പട്ടേലിനെ കോണ്‍ഗ്രസ് അവഗണിച്ചുവെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിമര്‍ശനത്തിന് മറുപടിയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. കോണ്‍ഗ്രസും യുപിഎ സര്‍ക്കാരും പട്ടേലിന് അര്‍ഹമായ ബഹുമാനം നല്‍കിയിട്ടുണ്ടെന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു. ചരിത്രത്തെ വളച്ചൊടിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും ഗാന്ധിജിയെ കൊലപ്പെടുത്തിയവരാണ് ഇന്ന് കോണ്‍ഗ്രസ് വല്ലഭായ് പട്ടേലിനെ ഓര്‍ക്കുന്നില്ല എന്ന് പറയുന്നതെന്നും മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു. ആര്‍എസ്എസിനെ നിരോധിക്കണമെന്നും രാജ്യത്തെ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം ആര്‍എസ്എസും ബിജെപിയുമാണെന്നും ഖര്‍ഗെ പറഞ്ഞു.
'കോണ്‍ഗ്രസ് രാജ്യത്തിനു വേണ്ടി പോരാടി. നിരവധി നേതാക്കള്‍ രാജ്യത്തിനുവേണ്ടി ജീവന്‍ നല്‍കി. ബിജെപി രാജ്യത്തിനുവേണ്ടി എന്താണ് ചെയ്തതെന്ന് പറയണം. പട്ടേല്‍ രാജ്യത്ത് ഐക്യമുണ്ടാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. ആ ഐക്യം നിലനിര്‍ത്താന്‍ ഇന്ദിരാ ഗാന്ധി ജീവന്‍ നല്‍കി. രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നവര്‍ സര്‍ദാറിന്റെ ഓര്‍മ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയാണ്. ആര്‍എസ്എസിനെ നിരോധിക്കാതെ മറ്റ് വഴിയില്ലെന്ന് പട്ടേല്‍ വ്യക്തമാക്കിയിരുന്നു. ഗാന്ധി വധത്തിന് ഇടയാക്കിയത് ആര്‍എസ്എസ് സൃഷ്ടിച്ച അന്തരീക്ഷമാണ്. അദ്ദേഹത്തെ കോണ്‍ഗ്രസ് മറന്നുവെന്ന് പറയാന്‍ സംഘപരിവാറിന് അവകാശമില്ല', മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു.
സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മദിനത്തില്‍ അഹമ്മദാബാദില്‍ സംസാരിക്കവെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചത്. കോണ്‍ഗ്രസ് കാലം ഉണ്ടാക്കിയ പിഴവുകളുടെ തടവറയിലാണ് ഇന്നും രാജ്യമെന്നാണ് മോദി പറഞ്ഞത്. ജനങ്ങളെ ഭിന്നിപ്പിച്ച് ഐക്യം തകര്‍ത്തത് കോണ്‍ഗ്രസാണെന്നും അനധികൃത നുഴഞ്ഞുകയറ്റക്കാര്‍ക്ക് ഇടംനല്‍കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചതെന്നും മോദി പറഞ്ഞു. 'മഹത്തായ വ്യക്തിത്വങ്ങളെ കോണ്‍ഗ്രസ് അവഗണിച്ചു. സര്‍ദാര്‍ പട്ടേലിനെയും സുഭാഷ് ചന്ദ്രബോസിനെയും അംബേദ്കറെയുമൊക്കെ കോണ്‍ഗ്രസ് അവഗണിച്ചു. കര്‍പുരി ഠാക്കൂറിന് ഭാരതരത്നം കിട്ടാന്‍ ബിജെപി അധികാരത്തില്‍ വരേണ്ടിവന്നു. അനധികൃത നുഴഞ്ഞുകയറ്റക്കാര്‍ക്ക് ഇടംനല്‍കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചത്. അനധികൃതമായി രാജ്യത്ത് നുഴഞ്ഞുകയറിയ മുഴുവന്‍പേരെയും നാടുകടത്തും. കോണ്‍ഗ്രസ് ബ്രിട്ടീഷുകാരുടെ അടിമകളായിരുന്നു'എന്നാണ് മോദി പറഞ്ഞത്.
Content Highlights: Those who killed Gandhi are saying that Congress doesn't remember Patel today: Kharge
 
                        
                        