


 
            സുശാന്ത്: സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തില്‍ പുതിയ വെളിപ്പെടുത്തലുകളുമായി സഹോദരി ശ്വേത സിംഗ് കീര്‍ത്തി. സുശാന്തിന്റേത് ആത്മഹത്യയല്ലെന്ന സംശയം സഹോദരി നേരത്തെ പ്രകടിപ്പിച്ചിരുന്നു. മാധ്യമപ്രവര്‍ത്തകന്‍ ശുഭങ്കര്‍ മിശ്രയുമായുള്ള അഭിമുഖത്തിലാണ് ശ്വേത സിംഗ് ചില വെളിപ്പെടുത്തലുകൾ നടത്തിയത്. സുശാന്തിനെ രണ്ട് പേര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയതാണെന്ന് അമേരിക്കയില്‍ നിന്നും മുംബൈയില്‍ നിന്നുമുള്ള രണ്ട് സൈക്കിക്‌സ് പറഞ്ഞുവെന്ന് ശ്വേത അഭിമുഖത്തില്‍ പറഞ്ഞു.
സുശാന്തിന്റെ മരണം കൊലപാതകമാകാനുള്ള നിരവധി കാരണങ്ങളാണ് സഹോദരി ചൂണ്ടിക്കാണിക്കുന്നത്. ആത്മഹത്യ ചെയ്യാന്‍ തുനിയുന്നവര്‍ ഫാനില്‍ കുരുക്കിടുന്നതിനായി സ്റ്റൂള്‍ ഉപയോഗിക്കില്ലേ എന്നും പക്ഷെ ആ റൂമില്‍ സ്റ്റൂള്‍ ഉണ്ടായിരുന്നില്ലെന്നും ശ്വേത പറഞ്ഞു. കൂടാതെ സുശാന്തിന്റെ കഴുത്തില്‍ കണ്ടത് ഏതെങ്കിലും തുണി ഉപയോഗിച്ച് മുറുക്കിയ പാടല്ല, ചെയിനോ മറ്റോ ഉപയോഗിച്ച് മുറുക്കിയതിന്റെ പാടാണെന്നും ശ്വേത പറഞ്ഞു.
അതേസമയം, സുശാന്തിനെ ആരെങ്കിലും ഭീഷണിപ്പെടുത്തിയതിന്റെയോ, കൊലപാതകത്തിന് ശ്രമിച്ചതിന്റെയോ തെളിവുകളില്ലെന്നാണ് സിബിഐയുടെ ഔദ്യോഗിക റിപ്പോര്‍ട്ടില്‍ പറയുന്നത്. നടി റിയ ചക്രബര്‍ത്തി സുശാന്തിന്റെ പണം കൈക്കലാക്കി എന്നും ആരോപണമുണ്ടായിരുന്നു. ഇതിനും തെളിവില്ലെന്ന് സിബിഐ വ്യക്തമാക്കി. പകരം സുശാന്ത് റിയയെ കുടുംബാംഗത്തെ പോലെയാണ് കരുതിയിരുന്നത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
2020 ജൂണ്‍ മാസത്തിലായിരുന്നു രാജ്യത്തെയാകെ ഞെട്ടിച്ചുകൊണ്ട് സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണ വാര്‍ത്ത പുറത്ത് വന്നത്. ഇതിന് പിന്നാലെ മരണവുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങളും ചര്‍ച്ചകളും ഉണ്ടായിരുന്നു. മുംബൈ പൊലീസ്, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ, സിബിഐ എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണങ്ങള്‍ നടത്തിയിരുന്നു. കൊലപാതക സാധ്യതകള്‍ അന്വേഷണ സംഘങ്ങളെല്ലാം തള്ളിക്കളഞ്ഞിരുന്നു. എന്നാല്‍ ഈ അന്വേഷണങ്ങളിലൊന്നും തനിക്ക് വിശ്വാസമില്ലെന്നാണ് ശ്വേതയുടെ നിലപാട്.
Content Highlight; Sushant Singh Rajput’s sister claims he was murdered
 
                        
                        