സുധാകരന്‍ തികഞ്ഞ കമ്മ്യൂണിസ്റ്റ്; സതീശന്‍ പ്രഗത്ഭനായ നേതാവ്; പരസ്പരം പുകഴ്ത്തി നേതാക്കള്‍

ആരുടെയും പ്രത്യയശാസ്ത്രം പെട്ടെന്ന് അങ്ങ് വയറ്റിളക്കം വന്ന് ഒലിച്ചുപോകുന്നതല്ലെന്ന് ജി സുധാകരൻ

സുധാകരന്‍ തികഞ്ഞ കമ്മ്യൂണിസ്റ്റ്; സതീശന്‍ പ്രഗത്ഭനായ നേതാവ്; പരസ്പരം പുകഴ്ത്തി നേതാക്കള്‍
dot image

തിരുവനന്തപുരം: പരസ്പരം പുകഴ്ത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശനും സിപിഐഎം നേതാവ് ജി സുധാകരനും. സുധാകരന്‍ തികഞ്ഞ കമ്മ്യൂണിസ്റ്റ് എന്നായിരുന്നു വി ഡി സതീശന്റെ പരാമര്‍ശം

വി ഡി സതീശന്‍ പ്രഗത്ഭനായ നേതാവെന്നായിരുന്നു സുധാകരൻ പറഞ്ഞത്. മുന്‍പ് വി ഡി സതീശനെ പ്രശംസിച്ച് സംസാരിച്ചതില്‍ ജി സുധാകരനെതിരെ സിപിഐഎമ്മില്‍ നിന്ന് വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

നീതിമാനായ ഭരണാധികാരിയായിരുന്നു ജി സുധാകരനെന്നും എംഎല്‍എ എന്ന നിലയില്‍ തനിക്ക് അനുഭവമുണ്ട് എന്നും വി ഡി സതീശന്‍ പറഞ്ഞു. 'ഞാന്‍ കണ്ടതില്‍വച്ച് ഏറ്റവും നല്ല പൊതുമരാമത്ത് മന്ത്രിയാണ് സുധാകരന്‍. ഞങ്ങളുടെ കൂട്ടത്തിലും അവരുടെ കൂട്ടത്തിലും ഇതുപോലെ ഒരാളെ കണ്ടിട്ടില്ല. എറണാകുളത്തെ പരിപാടി റദ്ദാക്കിയിട്ടാണ് ഞാന്‍ ജി സുധാകരന് പുരസ്‌കാരം നല്‍കാനായി എത്തിയത്. ജി സുധാകരന് അവാര്‍ഡ് കൊടുക്കുന്നത് എനിക്ക് കൂടിയുള്ള ബഹുമതിയായി കാണുന്നു', വി ഡി സതീശന്‍ പറഞ്ഞു.

ഇന്ത്യയില്‍ മറ്റ് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഒന്നിച്ചാണെന്നും ബംഗാളില്‍ സിപിഐഎം കോണ്‍ഗ്രസുമായി ഐക്യമായിരുന്നെന്നും ജി സുധാകരന്‍ പറഞ്ഞു. രാജ്യത്ത് പല തരത്തിലാണ് രാഷ്ട്രീയം. കേരളത്തിലും അത് വേറെ തലത്തിലാണ്. സംസ്ഥാന സമ്മേളന സെമിനാറിന് ശശി തരൂരിനെ വിളിച്ചു. രാഹുല്‍ ഗാന്ധിയുടെ വോട്ട് ചോരി ക്യാമ്പെയ്നിൽ എം എ ബേബി പങ്കെടുത്തു. സൈബര്‍ പോരാളികളെ ഒരു പാര്‍ട്ടിയും നിയോഗിച്ചിട്ടില്ല. പാര്‍ട്ടി മെമ്പര്‍മാരാണ് സിപിഐഎമ്മിന്റെ സൈന്യം അല്ലാതെ സൈബര്‍ സേന അല്ലെന്നും സുധാകരൻ പറഞ്ഞു.

കോണ്‍ഗ്രസിന്റെ സെമിനാറില്‍ പങ്കെടുത്താല്‍ എന്താണ് പ്രശ്‌നമെന്നും നമ്മളെ എന്താ കൂട്ടില്‍ അടച്ചിരിക്കുകയാണോ എന്നും സുധാകരന്‍ ചോദിച്ചു. ഇൻഡ്യാ സഖ്യത്തില്‍ എല്ലാരും ഒരുമിച്ചല്ലേ?. ബിജെപി വളര്‍ച്ചയെ ആശ്രയിച്ചിരിക്കും കേരളത്തില്‍ സിപിഐഎം-കോണ്‍ഗസ് സഖ്യം. ബിജെപി 25 ശതമാനം വോട്ട് പിടിക്കും എന്നാണ് ഇപ്പഴത്തെ കണക്ക്. കേരള രാഷ്ട്രീയം എങ്ങനെ വളരുമെന്ന് പറയാൻ കഴിയില്ലെന്നും സുധാകരൻ പറഞ്ഞു.

രാഷ്ട്രീയമായി പരസ്പരം ഏറ്റുമുട്ടുമ്പോള്‍ കാലുഷ്യം പാടില്ല, തെറിവിളിക്കാന്‍ പാടില്ല, തന്തയ്ക്ക് വിളിക്കാന്‍ പാടില്ല എന്നൊക്കെയാണ്. ആരുടെയും പ്രത്യയശാസ്ത്രം പെട്ടെന്ന് അങ്ങ് വയറ്റിളക്കം വന്ന് ഒലിച്ചുപോകുന്നതല്ല. പ്രത്യയശാസ്ത്രം പ്രത്യയശാസ്ത്രമാണ്. വേറെ ഏതെങ്കിലും പാര്‍ട്ടിയില്‍ പോകുകയാണെങ്കില്‍ അന്തസായി പറഞ്ഞിട്ട് പോകാമല്ലോ. അധികാരം ഉണ്ടെങ്കില്‍ മാത്രമേ ജീവിക്കാന്‍ പറ്റു എന്ന് ഉണ്ടോ എന്നും ജി സുധാകരന്‍ ചോദിച്ചു.

Content Highlight; Opposition leader V.D. Satheesan and CPIM leader G. Sudhakaran praise each other

dot image
To advertise here,contact us
dot image