ഒരുകോടി യുവാക്കൾക്ക് സർക്കാർ ജോലി, സ്ത്രീകൾക്ക് 2 ലക്ഷം രൂപയുടെ സ്വയം തൊഴിൽ കേന്ദ്രങ്ങൾ; എൻഡിഎ പ്രകടന പത്രിക

എല്ലാ ജില്ലകളിലും വ്യവസായ പാര്‍ക്കുകള്‍ നിര്‍മിക്കുമെന്നും എന്‍ഡിഎയുടെ പ്രകടന പത്രികയില്‍ പറയുന്നു

ഒരുകോടി യുവാക്കൾക്ക് സർക്കാർ ജോലി, സ്ത്രീകൾക്ക് 2 ലക്ഷം രൂപയുടെ സ്വയം തൊഴിൽ കേന്ദ്രങ്ങൾ; എൻഡിഎ പ്രകടന പത്രിക
dot image

പാട്‌ന: വരാനിരിക്കുന്ന ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിനായി സംയുക്ത പ്രകടന പത്രിക പുറത്തിറക്കി എന്‍ഡിഎ. 25 വാഗ്ദാനങ്ങള്‍ ഉള്‍പ്പെടുത്തി 69 പേജുളള പ്രകടന പത്രികയാണ് പുറത്തിറക്കിയിരിക്കുന്നത്. ഒരു കോടി യുവാക്കള്‍ക്ക് സര്‍ക്കാര്‍ ജോലി, സ്ത്രീകള്‍ക്കായി പ്രത്യേക നൈപുണ്യ വികസന പദ്ധതികള്‍ തുടങ്ങി വന്‍ പ്രഖ്യാപനങ്ങളാണ് എന്‍ഡിഎയുടെ പ്രകടനപത്രികയിലുള്ളത്. കേന്ദ്രമന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനുമായ ജെ പി നദ്ദയും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ചേര്‍ന്ന് പാട്‌നയിലാണ് 'സങ്കല്‍പ് യാത്ര' എന്ന പേരിലുളള പ്രകടന പത്രിക പുറത്തിറക്കിയത്.

ജെ പി നദ്ദയ്ക്കും നിതീഷ് കുമാറിനുമൊപ്പം കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയും ബിഹാര്‍ ബിജെപിയുടെ ചുമതലയുമുള്ള ധര്‍മ്മേന്ദ്ര പ്രധാന്‍, ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ച നേതാവും കേന്ദ്രമന്ത്രിയുമായ ജിതന്‍ റാം മാഞ്ചി, ലോക് ജനശക്തി പാര്‍ട്ടി നേതാവ് ചിരാഗ് പാസ്വാന്‍, രാഷ്ട്രീയ ലോക് മോര്‍ച്ച നേതാവ് ഉപേന്ദ്ര കുശ്വാഹ, ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി, ബിഹാര്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് കുമാര്‍ ജയ്‌സ്വാള്‍ എന്നിവരെയും സാന്നിധ്യത്തിലാണ് എന്‍ഡിഎയുടെ പ്രകടന പത്രിക പുറത്തിറങ്ങിയത്.

ഒരുകോടി ജനങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി എന്നതാണ് പ്രകടന പത്രികയിലെ പ്രധാന പ്രഖ്യാപനം. എന്‍ഡിഎ സര്‍ക്കാര്‍ ബിഹാറില്‍ നൈപുണ്യ സെന്‍സസ് നടത്തുമെന്നും അതിനെ അടിസ്ഥാനമാക്കി എല്ലാ ജില്ലകളിലും നൈപുണ്യ കേന്ദ്രങ്ങളുണ്ടാക്കുമെന്നും എന്‍ഡിഎ പ്രകടന പത്രികയില്‍ പറയുന്നു. സ്ത്രീകള്‍ക്ക് രണ്ടുലക്ഷം രൂപയുടെ സ്വയം തൊഴില്‍ പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലും വ്യവസായ പാര്‍ക്കുകള്‍ നിര്‍മ്മിക്കുമെന്നും എന്‍ഡിഎയുടെ പ്രകടന പത്രികയില്‍ പറയുന്നു.

'അങ്ങേയറ്റം പിന്നാക്കം നില്‍ക്കുന്ന ജാതികളുടെ സാമൂഹിക- സാമ്പത്തിക സ്ഥിതി വിലയിരുത്തുന്നതിനും അവരുടെ ശാക്തീകരണത്തിന് ഉചിതമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യാനുമായി വിരമിച്ച സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ സമിതി രൂപീകരിക്കുമെന്ന് ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി പറഞ്ഞു. ഫ്‌ളഡ് മാനേജ്‌മെന്റ് ബോര്‍ഡ് സ്ഥാപിച്ച്, അടുത്ത അഞ്ചുവര്‍ഷത്തിനുളളില്‍ ബിഹാറിനെ വെളളപ്പൊക്കരഹിത സംസ്ഥാനമാക്കും. കര്‍പൂരി താക്കൂര്‍ കിസാന്‍ സമ്മാന്‍ നിധി പ്രകാരം കര്‍ഷകര്‍ക്ക് കര്‍ഷകര്‍ക്ക് വര്‍ഷത്തില്‍ 3000 രൂപ അധിക ആനുകൂല്യം നല്‍കും. സൗജന്യ റേഷന്‍, 125 യൂണിറ്റ് സൗജന്യ വൈദ്യുതി, അഞ്ച് ലക്ഷം വരെ സൗജന്യ ചികിത്സ, സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍, തുടങ്ങിയവയാണ് എന്‍ഡിഎ പ്രകടന പത്രികയിലെ പ്രഖ്യാപനങ്ങള്‍. എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ കെജി മുതല്‍ പിജി വരെ സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കുമെന്നും സാമ്രാട്ട് ചൗധരി പറഞ്ഞു. എല്ലാ ജില്ലകളിലും മെഡിക്കല്‍ കോളേജുകള്‍ നിര്‍മ്മിക്കുമെന്നും അദ്ദേഹം പട്‌നയ്ക്ക് പുറമേ ബിഹാറിലെ 4 നഗരങ്ങളില്‍ കൂടി മെട്രോ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights: Government jobs for one crore youth: NDA released election manifesto in bihar

dot image
To advertise here,contact us
dot image