കോഴിക്കോട് ബീച്ചിലെ ഭിക്ഷാടനം; കുട്ടികളെ കെയർ ഹോമിലേക്ക് മാറ്റും, നടപടി റിപ്പോർട്ടർ വാർത്തയ്ക്ക് പിന്നാലെ

തെരുവിലുള്ള കുട്ടികളെ പുനരധിവസിപ്പിക്കാനുള്ള കെയര്‍ഹോമുകള്‍ തദ്ദേശസ്ഥാപനങ്ങള്‍ ഒരുക്കുന്നില്ലെന്ന് ശിശുക്ഷേമ സമിതി ചെയര്‍മാന്‍ പി അബ്ദുള്‍ നാസര്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു

കോഴിക്കോട് ബീച്ചിലെ ഭിക്ഷാടനം; കുട്ടികളെ കെയർ ഹോമിലേക്ക് മാറ്റും, നടപടി റിപ്പോർട്ടർ വാർത്തയ്ക്ക് പിന്നാലെ
dot image

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ ഭിക്ഷാടനം നടത്തുന്ന കുട്ടികളെ കെയര്‍ ഹോമിലേക്ക് മാറ്റും. പൊലീസിനും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്കും ശിശുക്ഷേമ സമിതി നിര്‍ദേശം നല്‍കി. കുട്ടികളെ യഥാര്‍ത്ഥ രക്ഷിതാക്കളെത്തിയാല്‍ നാട്ടിലേക്ക് പറഞ്ഞയക്കും. തെരുവിലുള്ള കുട്ടികളെ പുനരധിവസിപ്പിക്കാനുള്ള കെയര്‍ഹോമുകള്‍ തദ്ദേശസ്ഥാപനങ്ങള്‍ ഒരുക്കുന്നില്ലെന്ന് ശിശുക്ഷേമ സമിതി ചെയര്‍മാന്‍ പി അബ്ദുള്‍ നാസര്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

നാടോടി കുട്ടികളെ ഉപയോഗിച്ച് ലക്ഷങ്ങള്‍ പിരിക്കുന്നത് റിപ്പോര്‍ട്ടര്‍ വാര്‍ത്തയാക്കിയിരുന്നു. പിന്നാലെയാണ് നടപടി. ശിശുക്ഷേമ സമിതിയുടെ നിര്‍ദേശ പ്രകാരം ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറും സിറ്റി പൊലീസ് കമ്മീഷ്ണറും വിഷയത്തില്‍ അടിയന്തര ഇടപെടല്‍ നടത്തും. കുട്ടികളെ ഭിക്ഷാടനത്തിനെത്തുന്ന വാഹനം പിടിച്ചെടുക്കും. കുട്ടികളെ കെയര്‍ ഹോമിലേക്ക് മാറ്റും. തിരിച്ചറിയല്‍ രേഖകളുമായെത്തിയാല്‍ കുട്ടികളെ നാട്ടിലേക്ക് കയറ്റിവിടുമെന്നും സിഡബ്ല്യൂസി ചെയര്‍മാന്‍ വ്യക്തമാക്കി. കുട്ടികളെ പുനരധിവസിപ്പിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ കെയര്‍ ഹോമുകള്‍ ആരംഭിക്കണം. നഗരത്തില്‍ പൊലീസ് പരിശോധന ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട് ബീച്ചിലുള്‍പ്പെടെ കുട്ടികളെ ഉപയോഗിച്ച് പണം സമ്പാദിക്കുന്ന ഭിക്ഷാടന മാഫിയ സജീവമാകുന്നുവെന്ന് കഴിഞ്ഞ ദിവസമാണ് റിപ്പോര്‍ട്ടര്‍ വാര്‍ത്ത നല്‍കിയത്. ബീച്ചിലെത്തുന്ന സഞ്ചാരികളുടെ പിന്നാലെ നടന്ന് പണം യാചിക്കുന്ന മൂന്നും നാലും വയസ് മാത്രം പ്രായമുള്ള കുട്ടികളുടെ കാഴ്ച കോഴിക്കോട് സര്‍വസാധാരണമാണ്. ഇവരുടെ രൂപവും ഭാവവും ഒറ്റനോട്ടത്തില്‍ ആരുടെയും കണ്ണ് നനയിക്കും. എന്നാല്‍ ഒരു ദിവസം ഈ കുട്ടികളുടെ ഭിക്ഷാടനത്തിന്റെ കളക്ഷന്‍ മൂവായിരം മുതല്‍ പതിനായിരം രൂപ വരെയാണ്. ഇതൊരു വലിയ ലോബിയാണെന്നാണ് അന്വേഷണത്തിലൂടെ റിപ്പോര്‍ട്ടര്‍ കണ്ടെത്തിയത്.

രാവിലെ എട്ട് മണിയോടെ ബീച്ചില്‍ കോര്‍പ്പറേഷന്‍ ഓഫീസിനോട് ചേര്‍ന്ന് ഒരു ചെറിയ വാന്‍ വന്ന് നില്‍ക്കും. കുറെ കളിപ്പാട്ടങ്ങളുമായി നാടോടികളായ മനുഷ്യരും അവരുടെ കുട്ടികളും അവിടെയിറങ്ങും. അവരുടെ മലമൂത്ര വിസര്‍ജ്ജനവുമടക്കം സര്‍വ്വതും റോഡില്‍ തന്നെയാണ്. മുതിര്‍ന്നവര്‍ കളിപ്പാട്ടങ്ങള്‍ വില്‍ക്കുമ്പോള്‍ കുട്ടികളെ അവര്‍ ഭിക്ഷാടനത്തിനയയ്ക്കും.

അടുത്തുള്ള കടകളിലും റസ്റ്ററന്റുകളിലുമെത്തുന്നവരെ തടയും. അവരുടെ കൈകളില്‍ പിടിച്ച് വലിക്കും. ബാല്യത്തിന്റെ തിളക്കമുളള കണ്ണുകള്‍ ദയനീയമായി നോക്കി വിശക്കുന്നുവെന്ന് ആംഗ്യം കാണിക്കും, പണം ചോദിക്കും. കുഞ്ഞു വയറിന്റെ വിശപ്പ് മാത്രമോര്‍ത്ത് പലരും പണം നല്‍കും.

ചില്ലറകളായി ഭിക്ഷ നല്‍കുന്നവര്‍ കുറവാണ്. ചെറിയ നോട്ടുകള്‍ക്കിടയില്‍ ചില്ലറകളും ഉണ്ടാകും. ഈ ചില്ലറകള്‍ സമീപത്തെ ഹോട്ടലുകളില്‍ നല്‍കി നോട്ടുകളാക്കും. ലിംഗഭേദമന്യേ എല്ലാ കുട്ടികളും ഭിക്ഷാടന സംഘത്തിലുണ്ട്. ഭിക്ഷാടനത്തിന്റെ പതിനെട്ടടവുകളും അവര്‍ പയറ്റും. യാചന മാത്രമല്ല, പിറകെ നടന്നും കാറില്‍ കയറിയും റസ്റ്ററന്റുകളിലെ തീന്‍ മേശകളില്‍ കയ്യിട്ടുവാരിയും ഉപദ്രവമുണ്ടാക്കും.

എന്നാല്‍ പറക്കമുറ്റാത്ത ഈ കുരുന്നുകളല്ല ഇതിന് ഉത്തരവാദികളെന്നും ഇവരെ ഉപയോഗിച്ച് ലക്ഷങ്ങള്‍ കൊയ്യുന്ന ലോബികള്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നുമാണ് റിപ്പോര്‍ട്ടര്‍ സംഘം ചൂണ്ടിക്കാണിച്ചത്.

Content Highlights: Children begging in Kozhikode city will be shifted to a care home

dot image
To advertise here,contact us
dot image