

ലക്‌നൗ:ഭാര്യയുമായി വീഡിയോ കോള്‍ ചെയ്യുന്നതിനിടെ ഉണ്ടായ വാക്കുത്തര്‍ക്കത്തെ തുടര്‍ന്ന് പ്രവാസി ജീവനൊടുക്കി. മുസാഫര്‍നഗര്‍ സ്വദേശി അന്‍സാരി(24)യാണ് സൗദിയില്‍ തന്റെ താമസസ്ഥലത്ത് വച്ച് ഭാര്യ സാനിയയുമായുള്ള വാക്കുതര്‍ക്കത്തിനിടെ ആത്മഹത്യ ചെയ്തത്. ആറുമാസം മുമ്പായിരുന്നു ഇവര്‍ വിവാഹം കഴിച്ചത്. തുടര്‍ന്ന് രണ്ടര മാസം മുമ്പ് തൊഴില്‍ സംബന്ധിച്ച് അന്‍സാരി സൗദിയില്‍ എത്തിയത്.
ഞായറാഴ്ച വൈകുന്നേരം ആയിരുന്നു സംഭവം. പതിവുപോലെ അന്‍സാരിയും സാനിയയും വീഡിയോ കോള്‍ ചെയ്യുകയായിരുന്നു. എന്നാല്‍ സംസാരത്തിനിടെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. സംസാരം വഷളായതോടെ വീഡിയോ കോളിനിടെ തന്നെ അന്‍സാരി ഫാനില്‍ കെട്ടി ആത്മഹത്യ ചെയ്തു. സംഭവം ഫോണിലൂടെ കണ്ട് നടുങ്ങിയ സാനിയ സൗദിയിലുള്ള ബന്ധുക്കളെ ഉടന്‍ വിവരം അറിയിച്ചെങ്കിലും രക്ഷിക്കാനായില്ല.
നാട്ടിലേക്ക് അന്‍സാരിയുടെ മൃതദേഹം എത്തിക്കാനുള്ള നടപടി ക്രമങ്ങള്‍ പുരോഗമിക്കുന്നതായി ബന്ധുവായ അംജദ് അലി പറഞ്ഞു. മൃതദേഹം നാട്ടിലെത്തിക്കുന്നതിലെ നിയമപരമായ തടസ്സങ്ങള്‍ ഒഴുവാക്കാന്‍ ഇന്ത്യന്‍ എംബസിയുടെ സഹായം തേടിയിട്ടുണ്ടെന്നും കുടുംബം അറിയിച്ചു. അന്‍സാരിയുടെ ആത്മഹത്യയില്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)
Content Highlights: man dies after an argument with wife during video call