

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നതിൽ പുനഃപരിശോധനയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഷയം പരിശോധിക്കാൻ ഏഴംഗ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. അതുവരെ പദ്ധതിയുമായി ബന്ധപ്പെട്ട തുടർ നടപടികൾ മരവിക്കാനും ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. ഇത് സംബന്ധിച്ച് കേന്ദ്രത്തിന് കത്തയയ്ക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പിഎം ശ്രീ പദ്ധതി പരിശോധിക്കുന്നതിനായി നിയോഗിച്ചിരിക്കുന്ന മന്ത്രിസഭാ ഉപസമിതിയുടെ അധ്യക്ഷൻ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയാണ്. സിപിഐയുടെ രണ്ട് മന്ത്രിമാർ ഉപസമിതിയിലുണ്ട്. വിദ്യാഭ്യാസ മന്ത്രിക്ക് പുറമെ മന്ത്രിമാരായ കെ രാജൻ, പി രാജീവ്, റോഷി അഗസ്റ്റിൻ, പി പ്രസാദ്, കെ കൃഷ്ണൻകുട്ടി, എ കെ ശശീന്ദ്രൻ എന്നിവരാണ് മന്ത്രിസഭാ ഉപസമിതി അംഗങ്ങൾ. സിപിഐയുടെയും സിപിഐഎമ്മിൻ്റെയും രണ്ട് മന്ത്രിമാർ ഉപസമിതിയിൽ ഇടം നേടിയിട്ടുണ്ട്.
എസ്ഐആർ നടപ്പിലാക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ തീരുമാനം ജനാധിപത്യ പ്രക്രിയയ്ക്ക് വെല്ലുവിളിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എസ്ഐആർ നടപ്പിലാക്കാനുള്ള തീരുമാനത്തിൽ ഒട്ടേറെ ആശങ്കകൾ ഉയർന്ന് വന്നിട്ടുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിൽ നവംബർ അഞ്ചിന് സർവ്വകക്ഷിയോഗം ചേരാൻ തീരുമാനിച്ചിട്ടുണ്ട്. എസ്ഐആർ തിടുക്കപ്പെട്ട് നടപ്പിലാക്കുന്നതിൽ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പിൻമാറണമെന്ന നിയമസഭ ഐക്യകണ്ഠേന ആവശ്യപ്പെട്ടിരുന്നതും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. രാഷ്ട്രീയ പാർട്ടികളുടെ ആവശ്യം പൂർണ്ണമായി അവഗണിച്ചുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
ക്ഷേമ പെൻഷൻ ഉൾപ്പെടെ സാമൂഹ്യ സുരക്ഷ പദ്ധതികളിൽ വർദ്ധനവ് വരുത്താനുള്ള തീരുമാനവും മന്ത്രിസഭ കൈകൊണ്ടു. ക്ഷേമ പെൻഷൻ 1600 രൂപയിൽ നിന്ന് 400 രൂപ വർദ്ധിപ്പിച്ച് 2000 രൂപയാക്കാനാണ് മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്. മറ്റ് സാമ്പത്തിക സഹായം കിട്ടാത്തവർക്ക് സ്ത്രീസുരക്ഷ പെൻഷനും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിമാസം 1000 രൂപവീതമാണ് സ്ത്രീ സുരക്ഷ പെൻഷനായി പ്രഖ്യാപിച്ചിരിക്കുന്നത്. ഏതാണ്ട് 33.34 ലക്ഷം സ്ത്രീകൾക്ക് ഇതിൻ്റെ പ്രയോജനം ലഭിക്കും. ആശ വർക്കർമാരുടെ പ്രതിമാസ ഹോണറേറിയത്തിൽ 1000 രൂപയുടെ വർദ്ധനവും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. അങ്കണവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും ഓണറേറിയത്തിലും 1000 രൂപയുടെ വർദ്ധനവ്. അങ്കണവാടി ജീവനക്കാർക്ക് നൽകാനുള്ള കുടിശ്ശിക പെട്ടെന്ന് തീർത്ത് നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കെട്ടിട നിർമ്മാണ ക്ഷേമനിധി കുടിശ്ശികയും തീർപ്പാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സ്കൂൾ പാചക തൊഴിലാളികളുടെ പ്രതിദിന കൂലിയും വർദ്ധനവ് വരുത്തിയിട്ടുണ്ട്. 50 രൂപയാണ് പ്രതിദിന കൂലിയിൽ വരുത്തിയിരിക്കുന്ന വർദ്ധന. സാക്ഷരതാ ഡയറക്ടർമാരുടെ ഓണറേറിയത്തിലും വർദ്ധനവ് വരുത്തിയിട്ടുണ്ട്. 1000 രൂപയുടെ വർദ്ധനവാണ് വരുത്തിയിരിക്കുന്നത്. പുതിയ പ്രഖ്യാപനങ്ങൾ കേരളപ്പിറവി ദിനമായ നവംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്നും മുഖ്യമന്ത്രി അറിയിച്ചു. യുവ തലമുറയ്ക്ക് സ്‌കോളര്‍ഷിപ്പിനായി കണക്ട് ടു വര്‍ക്ക് എന്ന പേരിൽ പുതിയ പദ്ധതി ആരംഭിക്കും. കുടുംബശ്രീ എഡിഎസിന് പ്രവര്‍ത്തന ഗ്രാന്‍ഡ് അനുവദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അഗ്നിരക്ഷാ സേവന വകുപ്പിൽ സ്റ്റേഷൻ ഓഫീസർ തസ്തികയിൽ വനിതകളെ നിയമിക്കുന്നതിന് പുതിയതായി 12 വനിതാ സ്റ്റേഷൻ ഓഫീസർ തസ്തികകൾ സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇപ്രകാരം സൃഷ്ടിക്കുന്ന തസ്തികകളിൽ 50 ശതമാനത്തിൽ പിഎസ്‌സി വഴി നേരിട്ടും, 50 ശതമാനത്തിൽ ഇപ്പോൾ സർവ്വീസിലുള്ള വനിതാ ഫയർ ഓഫീസർമാരിൽ നിന്നും നിയമനം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോട്ടയം ജില്ലയിലെ കൂട്ടിക്കലിൽ ഉണ്ടായ പ്രളയത്തിൽ വീട് നഷ്ടപ്പെട്ട 25 പേർക്ക് ഒരാൾക്ക് വീട് ഉൾപ്പെടെ പരമാവധി എഴ് സെന്റ് എന്ന വ്യവസ്ഥയിൽ സൗജന്യമായി കൈമാറുന്ന വസ്തുവിന്റെ രജിസ്ട്രേഷന് മുദ്രവിലയിലും രജിസ്ട്രേഷൻ ഫീസിലും ഇളവ് നൽകും. 26,78,739 രൂപയുടെ ഇളവാണ് നൽകുക.
നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന വിഷയങ്ങൾ ചർച്ച ചെയ്യാൻ മില്ലുടമകളുമായി ഒരു ചർച്ച ഇന്ന് നടന്നിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. നെല്ല് സംസ്കരണ മില്ലുടമകൾക്ക് 2022-23 സംഭരണ വർഷം ഔട്ട് ടേൺ റേഷ്യോയുമായി ബന്ധപ്പെട്ട് നൽകാനുള്ള നഷ്ടപരിഹാര തുകയായ 63.37 കോടി രൂപ അനുവദിക്കുന്ന കാര്യം മന്ത്രിസഭ പരിഗണിക്കും. കേന്ദ്രം നിശ്ചയിച്ച 68 ശതമാനമെന്ന ഔട്ട് ടേൺ റേഷ്യോയിൽ മാറ്റം വരുത്താൻ സംസ്ഥാനത്തിന് അധികാരമില്ല. കേരളത്തിന്റെ പ്രത്യേക സാഹചര്യത്തിൽ കേന്ദ്രം നിശ്ചയിച്ച മാനദണ്ഡങ്ങൾ പ്രകാരം നെല്ല് സംഭരിക്കാൻ പ്രയാസം അനുഭവിക്കുകയാണ്. അതിനാൽ ഈ പ്രശ്നങ്ങൾ പരിഹരിക്കാനാവശ്യമായ തീരുമാനം കൈക്കൊള്ളാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടും. എന്നാൽ ഇതുമായി ബന്ധപ്പെട്ട് മില്ലുടമകൾക്ക് നഷ്ടം ഉണ്ടാവുകയാണെങ്കിൽ സംസ്ഥാന സർക്കാർ ധനസഹായം നൽകുന്നതിൽ ഇടപെടുകയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ 2025-26 സംഭരണവർഷം മുതൽ ഔട്ട് ടേൺ റേഷ്യോയിലെ വ്യത്യാസം മൂലം മില്ലുടമകൾക്കുണ്ടാകുന്ന നഷ്ടം പരിഹരിക്കുന്നതിന് ന്യായമായ നടപടി സർക്കാർ കൈക്കൊള്ളും. നെല്ല് കടത്തുന്നതുമായി ബന്ധപ്പെട്ട ട്രാൻസ്പോർട്ടേഷൻ ചാർജ് അനുവദിച്ചു നൽകാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ലഭിക്കുന്ന മുറയ്ക്ക് പൂർണമായും മില്ലുടമകൾക്ക് നൽകാനും ധാരണയായെന്നും മുഖ്യമന്ത്രി പറഞ്ഞു.
Content Highlights: Cabinet sub-committee to review implementation of PM Shri scheme Pinarayi Vijayan