

ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ കുര്‍ണൂലില്‍ 20 പേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിന്റെ പശ്ചാത്തലത്തില്‍ മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്കെതിരെ രൂക്ഷ പ്രതികരണവുമായി സിറ്റി പൊലീസ് കമ്മീഷണര്‍ വി സി സജ്ജനാര്‍. മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ തീവ്രവാദികളാണെന്ന് അദ്ദേഹം പറഞ്ഞു. മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ ഒരു ദയയും പ്രതീക്ഷിക്കേണ്ടെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.
'മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ തീവ്രവാദികളാണ്. റോഡില്‍ അവര്‍ കാണിക്കുന്ന പ്രവര്‍ത്തികള്‍ തീവ്രവാദത്തില്‍ കുറഞ്ഞതല്ല. കുര്‍ണൂലിലെ ബസ് അപകടം അക്ഷരാര്‍ത്ഥത്തില്‍ അപകടമല്ല. മദ്യപിച്ച ബൈക്ക് യാത്രികന്റെ ഉത്തരവാദിത്തമില്ലാത്ത പെരുമാറ്റം മൂലമുണ്ടായ തടയാവുന്ന കൂട്ടക്കൊലയായിരുന്നു', അദ്ദേഹം പറഞ്ഞു.
ഇതൊരു റോഡപകടമല്ലെന്നും ക്രിമിനല്‍ പ്രവര്‍ത്തിയാണെന്നും സജ്ജനാര്‍ കൂട്ടിച്ചേര്‍ത്തു. ബൈക്ക് ഓടിച്ച ബി ശിവ ശങ്കര്‍ മദ്യപിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. പുലര്‍ച്ചെ 2.24ന് ബൈക്കില്‍ പെട്രോളടിക്കുന്നതും 2.39ന് അപകടം നടക്കുന്നതും സിസിടിവിയില്‍ വ്യക്തമാണ്. മദ്യപിച്ച് വാഹനമോടിക്കാമെന്ന അവരുടെ തീരുമാനം സങ്കല്‍പ്പിക്കാന്‍ പറ്റാത്ത ദുരന്തത്തിലെത്തിച്ചെന്നും സജ്ജനാര്‍ പറഞ്ഞു.
വെള്ളിയാഴ്ചയായിരുന്നു കുര്‍ണൂലില്‍ അതിദാരുണമായ അപകടമുണ്ടായത്. ശിവശങ്കര്‍ ഓടിച്ച ബൈക്കുമായി കൂട്ടിയിടിച്ച് ബസില്‍ തീപടരുകയായിരുന്നു. ബസിലേക്ക് ബൈക്ക് ഇടിച്ച് കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്കിന്റെ പെട്രോള്‍ ടാങ്കില്‍ നിന്ന് തീപടരുകയും ബസിലേക്ക് പടര്‍ന്നുപിടിക്കുകയുമായിരുന്നു. ശിവശങ്കറും കൂടെ എറ്‌റി സ്വാമിയെന്ന സുഹൃത്തുമുണ്ടായിരുന്നു. ശിവശങ്കര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു.
ചികിത്സയിലിരിക്കുന്ന സുഹൃത്ത് ഇവര്‍ മദ്യപിച്ചിരുന്നതായി വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം കുര്‍ണൂലില്‍ ഉണ്ടായ അപകടത്തിന്റെ ആഘാതം വര്‍ധിപ്പിച്ചത് സ്മാര്‍ട്ട്ഫോണുകളാണെന്നാണ് വിലയിരുത്തല്‍. ഫോറന്‍സിക് വിദഗ്ധര്‍ നടത്തിയ പരിശോധനയില്‍ 234 സ്മാര്‍ട്ട്ഫോണുകളുടെ അവശിഷ്ടമാണ് കണ്ടെടുത്തത്. ഈ ഫോണുകളുടെ ബാറ്ററികള്‍ പൊട്ടിത്തെറിച്ചതാണ് അപകടത്തിന്റെ ആഘാതം കൂട്ടിയതെന്നാണ് കരുതുന്നത്.
Content Highlights: Kurnool Bus accident City police commissioner against drunk and driver