

ഫരീദാബാദ്: അമ്മയെ കൂടെതാമസിപ്പിക്കുന്നതിനെചൊല്ലി ഭാര്യയും ഭാര്യാമാതാവും പ്രശ്‌നങ്ങളുണ്ടാക്കിയതിന് പിന്നാലെ യുവാവ് ജീവനൊടുക്കി. ഫരീദാബാദിലാണ് സംഭവം. റെഡിയോതെറാപ്പിസ്റ്റായ യോഗേഷ് കുമാർ എന്ന യുവാവാണ് താമസിക്കുന്ന കെട്ടിടത്തിന്റെ 15ാം നിലയിൽനിന്നും ചാടിയത്. യോഗേഷിന്റെ അമ്മാവന്റെ പരാതിയിൽ ഭാര്യ, ഭാര്യയുടെ മാതാപിതാക്കൾ, രണ്ട് സഹോദരങ്ങൾ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു.
മധ്യപ്രദേശിലെ ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിൽ ജോലിചെയ്യുന്ന യോഗേഷ് കുമാർ, ഒമ്പത് വർഷം മുമ്പാണ് നേഹ റാവത്തിനെ വിവാഹം ചെയ്തത്. ഇരുവർക്കും ആറ് വയസുള്ള കുട്ടിയുമുണ്ട്. ഇരുവർക്കും ജോലിയുള്ളതിനാൽ കുഞ്ഞിനെ വേണ്ടുംവിധം ശ്രദ്ധിക്കാൻ സമയം കിട്ടാറില്ലായിരുന്നു. അതിനാൽ തന്നെ അമ്മയെ കൂടെ നിർത്തണമെന്ന ആവശ്യം യോഗേഷ് പലതവണ ഉന്നയിച്ചെങ്കിലും നേഹ അതിന് സമ്മതിച്ചില്ല.
ഒമ്പത് മാസം മുൻപ് യോഗേഷ് പേൾ സൊസൈറ്റി അപാർട്‌മെന്റിലേക്ക് കുഞ്ഞുമായി താമസം മാറി. എന്നാൽ ജോലിയുമായി ബന്ധപ്പെട്ട് നേഹ നോയിഡയിൽതന്നെ തുടർന്നു. ഈ സമയം കുഞ്ഞിനെ നോക്കാനായി യോഗേഷ് അമ്മയെ വിളിച്ചുവരുത്തി. എന്നാൽ ഒരു മാസത്തിന് ശേഷം പുതിയ താമസസ്ഥലത്തെത്തിയ നേഹ തർക്കം ആരംഭിച്ചു. അമ്മയെ കൂടെ താമസിപ്പിക്കാനാവില്ലെന്നും തനിയ്ക്ക് അവർക്കൊപ്പം ഇവിടെ കഴിയാനാവില്ലെന്നും പറഞ്ഞ് യോഗേഷുമായി വഴക്കിട്ടു. നേഹയെ പിന്തുണച്ച് സഹോദരന്മാർ എത്തി. തുടർന്ന് വാക്കേറ്റമുണ്ടാവുകയും നേഹ സഹോദരങ്ങൾക്കൊപ്പം സ്വന്തം വീട്ടിലേക്ക് പോകുകയും ചെയ്തു. ഇതോടെ യോഗേഷ് അസ്വസ്ഥനായിരുന്നുവെന്ന് അമ്മാവൻ പരാതിയിൽ പറഞ്ഞു.
വ്യാഴാഴ്ച നേഹയെ ഗ്വാളിയാറിലെ സ്വന്തം വീട്ടിൽ നിന്നും കൂട്ടി ആദ്യം താമസിച്ചിരുന്ന നോയിഡയിലെ താമസസസ്ഥലത്ത് എത്തിച്ചു. പിന്നീട് പേൾ സൊസൈറ്റി അപാർട്‌മെന്റിൽ തിരിച്ചെത്തിയ യോഗേഷ് കെട്ടിടത്തിന്റെ പതിനഞ്ചാം നിലയിൽനിന്ന് താഴേക്ക് ചാടുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നുണ്ട്. അന്വേഷണം ആരംഭിച്ചതായി ഭൂപനി പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ അറിയിച്ചു.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)
Content Highlights: Woman Said Mother-In-Law Can't Stay With Them, Faridabad Man Kills Himself