

പന്തളം: പന്തളം നഗരസഭയിൽ നിന്ന് രാജിവെച്ച യുഡിഎഫ് കൗണ്‍സിലര്‍ കെ ആര്‍ രവിയും സ്വതന്ത്രനായി ജയിച്ച അഡ്വ. രാധാകൃഷ്ണൻ ഉണ്ണിത്താനും ബിജെപിയില്‍ ചേര്‍ന്നു. തിരുവനന്തപുരത്ത് രാപകല്‍ സമരപ്പന്തലില്‍ വെച്ചാണ് ബിജെപി അംഗങ്ങളായത്. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഇവരെ പാര്‍ട്ടിലിലേക്ക് സ്വീകരിക്കുകയായിരുന്നു.
വ്യാഴാഴ്ചയാണ് കോണ്‍ഗ്രസ് നേത്യത്വത്തിൻ്റെ അവഗണനയില്‍ പ്രതിഷേധിച്ച് കെ ആര്‍ രവി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചത്. യുഡിഎഫ് പാനലില്‍ മത്സരിച്ച് 25 വര്‍ഷം ജനപ്രതിനിധിയായ ആളാണ് രവി. 1995 മുതൽ 2000 വരെ പന്തളം പഞ്ചായത്തംഗമായിരുന്നു. 2000 മുതൽ 2010 വരെ ബ്ലോക്ക് പഞ്ചായത്തംഗവും 2015 മുതൽ കൗൺസിലറുമായി പ്രവർത്തിച്ചു.
എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ, സിപിഐഎം സംഘടനകളുടെ ഭാരവാഹിയായിരുന്നു സ്വതന്ത്രനായി മത്സരിച്ച് നഗരസഭയിലെത്തിയതാണ് രാധാകൃഷ്ണനുണ്ണിത്താൻ. ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനാണ്. ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗവും സിപിഐഎം ലോക്കൽകമ്മിറ്റി സെക്രട്ടറിയുമായിരുന്നു.
അതിനിടെ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാത്യു അത്തിയാലിൽ ബിജെപിയിൽ അംഗത്വമെടുത്തു. തിരുവനന്തപുരത്ത് നടന്ന സെക്രട്ടേറിയറ്റ് ഉപരോധസമരത്തിനിടെ രാജീവ് ചന്ദ്രശേഖറാണ് ജോർജ് മാത്യുവിനെ പാർട്ടിയിലേക്ക് സ്വീകരിച്ചത്.സിപിഐഎം സ്ഥാനാർഥിയായി കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽനിന്ന് വിജയിച്ചാണ് ജോർജ് പഞ്ചായത്ത് പ്രസിഡന്റായത്. 34 വർഷമായി സജീവ സിപിഐഎം പ്രവർത്തകനും പൂഞ്ഞാർ തെക്കേക്കര ലോക്കൽ സെക്രട്ടറി സ്ഥാനം അടക്കമുള്ള പദവികൾ വഹിക്കുകയും ചെയ്തിരുന്നു. 2020-ലെ തിരഞ്ഞെടുപ്പിൽ രണ്ട് ജനപക്ഷ അംഗങ്ങളുടെ പിന്തുണയോടെയാണ് സിപിഐഎം അംഗമായ ജോർജ് മാത്യു പ്രസിഡന്റായത്.
Content Highlight : Councilor and independent member who resigned from UDF in Pandalam join BJP