

ബുല്‍ധാന: ഭാര്യ പിണങ്ങിപ്പോയതിന് പിന്നാലെ മക്കളെ കഴുത്തറുത്ത് കൊന്ന് പിതാവ്. മഹാരാഷ്ട്രയിലെ വാഷിം ജില്ലയിലാണ് സംഭവം. രണ്ടുവയസുളള ഇരട്ടക്കുട്ടികളെയാണ് പിതാവ് രാഹുല്‍ ചവാന്‍ വനമേഖലയില്‍ കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയത്. തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
രാഹുലും ഭാര്യയും ഇരട്ടകളായ പെണ്‍കുട്ടികള്‍ക്കൊപ്പം യാത്ര ചെയ്യുകയായിരുന്നു. അതിനിടെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. പിന്നാലെ യുവതി സ്വന്തം വീട്ടിലേക്ക് പോകുകയായിരുന്നു. രാഹുല്‍ മക്കളുമൊത്ത് യാത്ര തുടര്‍ന്നു. എന്നാല്‍ ഭാര്യയോടുളള പക നിയന്ത്രിക്കാനാകാതെ ഇയാള്‍ മക്കളെയെടുത്ത് ബുല്‍ധാന ജില്ലയിലെ അഞ്ചര്‍വാടി വനമേഖലയിലേക്ക് പോവുകയും കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു.

തുടര്‍ന്ന് ഇയാള്‍ പൊലീസ് സ്റ്റേഷനിലെത്തി കൊലപാതകവിവരം പറഞ്ഞ് കീഴടങ്ങി. ഉടന്‍ തന്നെ പൊലീസ് സ്ഥലത്തെത്തി കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. മൃതദേഹങ്ങള്‍ ഭാഗികമായി കത്തിക്കരിഞ്ഞ നിലയിലായിരുന്നു. കൊലപാതകത്തിന് ശേഷം രാഹുൽ ചവാന്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതായിരിക്കുമെന്നാണ് പൊലീസ് നിഗമനം. മരണകാരണം കൃത്യമായി കണ്ടെത്താനായി ഫോറന്‍സിക് പരിശോധനയും പോസ്റ്റ്‌മോര്‍ട്ടവും നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
Content Highlights: Wife went home after argument: Father slits twins' throats and kills them