

പ്രശസ്ത ബോളിവുഡ് താരം സതീഷ് ഷാ (74) അന്തരിച്ചു. സംവിധായകൻ അശോക് പണ്ഡിറ്റാണ് ഇൻസ്റ്റഗ്രാമിലൂടെ മരണവാർത്ത സ്ഥിരീകരിച്ചത്. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്നാണ് അന്ത്യം. വീട്ടിൽ വെച്ച് പെട്ടെന്ന് ആരോഗ്യനില വഷളായതിനെ തുടർന്ന് സതീഷ് ഷായെ ഹിന്ദുജ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
ഏറെ നാളായി വൃക്ക സംബന്ധമായ അസുഖങ്ങൾക്ക് ചികിത്സയിലായിരുന്നുവെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു. അടുത്തിടെ അദ്ദേഹത്തിന് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയിരുന്നു. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണെന്നും സംസ്കാരം ഞായറാഴ്ച നടക്കുമെന്നും അദ്ദേഹത്തിന്റെ മാനേജർ പറഞ്ഞു. നാൽപ്പത് വർഷത്തിലേറെ നീണ്ട തൻ്റെ അഭിനയ ജീവിതത്തിൽ, അവിസ്മരണീയമായ വേഷങ്ങളിലൂടെ സതീഷ് ഷാ ഇന്ത്യൻ സിനിമയിലും ടെലിവിഷനിലും ശ്രദ്ധേയനായി.
ഹം സാത്ത്-സാത്ത് ഹേ, മേം ഹൂ നാ, കൽ ഹോ ന ഹോ, കഭി ഹം കഭി നാ, ദിൽവാലെ ദുൽഹനിയ ലേ ജായേംഗേ, ഓം ശാന്തി ഓം തുടങ്ങിയ ഹിറ്റ് സിനിമകളിൽ അദ്ദേഹം വേഷമിട്ടിട്ടുണ്ട്. 1983-ൽ പുറത്തിറങ്ങിയ 'ജാനേ ഭി ദോ യാരോ' എന്ന ചിത്രത്തിലെ പ്രകടനം അദ്ദേഹത്തെ ജനപ്രിയ താരപദവിയിലേക്കെത്തിച്ചു. കുന്ദൻ ഷാ സംവിധാനം ചെയ്ത ചിത്രത്തിൽ മുൻസിപ്പൽ കമ്മീഷണർ ഡി'മെല്ലോയുടെ വേഷമാണ് അദ്ദേഹം അവതരിപ്പിച്ചത്. 'സാരാഭായ് vs സാരാഭായ്' എന്ന പരമ്പരയിലെ ഇന്ദ്രവദൻ സാരാഭായ് എന്ന അദ്ദേഹത്തിൻ്റെ കഥാപാത്രം ഇന്ത്യൻ ടിവിയിലെ എക്കാലത്തെയും മികച്ച ഹാസ്യ പ്രകടനങ്ങളിൽ ഒന്നായി ഓർമ്മിക്കപ്പെടുന്നു.
Content Highlights: Bollywood actor Satish Shah passed away