

റാഞ്ചി: ജാർഖണ്ഡിൽ സർക്കാർ ആശുപത്രിയിൽ നിന്നും രക്തം സ്വീകരിച്ച അഞ്ച് കുട്ടികൾക്ക് എച്ച്‌ഐവി രോഗബാധ. സിംഗ്ഭൂം ജില്ലയിലെ സർദാർ സർക്കാർ ആശുപത്രിയിലാണ് ഗുരുതര വീഴ്ച. ജനിതക രോഗം ബാധിച്ച കുട്ടികൾക്കാണ് എച്ച്‌ഐവി പോസിറ്റീവ് ആയത്. ചൈബാസ സദർ ആശുപത്രിയിലെ ബ്ലഡ് ബാങ്കിൽനിന്നും രക്തം സ്വീകരിച്ചവർക്കാണ് രോഗബാധയുണ്ടായത്. തലസീമിയ രോഗ ബാധിതനായ ഏഴ് വയസുകാരനാണ് ആദ്യം എച്ച് ഐവി സ്ഥിരീകരിച്ചത്. പിന്നാലെ നടത്തിയ പരിശോധനയിലാണ് നാല് കുട്ടികൾക്കു കൂടി എച്ച്ഐവിയാണെന്ന് കണ്ടെത്തിയത്.
സംഭവത്തിൽ വിദഗ്ധ അന്വേഷണത്തിനായി സർക്കാർ അഞ്ചംഗ മെഡിക്കൽ സംഘത്തെ രൂപീകരിച്ചു. തലസീമിയ രോഗിയായ കുട്ടിയ്ക്ക് ബ്ലഡ് ബാങ്കിൽനിന്ന് 25 യൂണിറ്റ് രക്തം നൽകിയിട്ടുണ്ട്. എല്ലാ തലസീമിയ രോഗികൾക്കും നൽകാറുള്ളതുപോലെ സൗജന്യമായാണ് രക്തം നൽകിയത്. എന്നാൽ രക്തം സ്വീകരിച്ചതിന് ഒരാഴ്ചയ്ക്ക് ശേഷം നടത്തിയ പരിശോധനയിൽ കുട്ടിയ്ക്ക് എച്ച്‌ഐവി ബാധിച്ചതായി കണ്ടെത്തുകയായിരുന്നു.
എച്ച്ഐവി ബാധിതന്റെ രക്തം സ്വീകരിച്ചതിനാലാണ് കുട്ടിയ്ക്ക് രോഗബാധയുണ്ടായതെന്ന് കുടുംബം ആരോപിച്ചു. എന്നാൽ രക്തം സ്വീകരിച്ചതിലൂടെയാണ് എച്ച്‌ഐവി ബാധിച്ചതെന്ന് ഉറപ്പിക്കാനാവില്ലെന്നും ഉപയോഗിച്ച സൂചികൾ വീണ്ടും ഉപയോഗിച്ചാലും ഇത്തരം പ്രശ്‌നങ്ങളുണ്ടാകാറുണ്ടെന്നും ആശുപത്രിയിലെ സിവിൽ സർജൻ ഡോ സുശാന്തോ മാജി പറഞ്ഞു. കുട്ടികൾക്ക് രക്തം നൽകിയ രക്തദാതാക്കളെ കണ്ടെത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി ആശുപത്രി അധികൃതർ വ്യക്തമാക്കി.
Content Highlights: five children test HIVpositive after blood transfusion at Jharkhand hospital