

ആരാധകർ ഏറെ കാത്തിരിക്കുന്ന ഒരു കോംബോയാണ് രജിനികാന്ത്-കമൽ ഹാസൻ. ഇരുവരും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രം ഉടൻ ഉണ്ടാകുമെന്നും പ്രഖ്യാപനം വരുമെന്നും ഏറെ നാളുകളായി തമിഴ് സിനിമ ലോകത്ത് ഒരു സംസാരവിഷയം തന്നെയായിരുന്നു. നടന്മാർ രണ്ടു പേരും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. ഇപ്പോഴിതാ, ഗലാട്ട സംഘടിപ്പിച്ച ഒരു അവാർഡ്ദാന ചടങ്ങിൽ നടി ശ്രുതിഹാസനൊപ്പം വേദിയിൽ സംസാരിക്കുമ്പോഴാണ് സൗന്ദര്യ രജനികാന്ത് സിനിമാലോകം ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രത്തേക്കുറിച്ച് സംസാരിച്ചത്. സിനിമയുടെ അപ്ഡേറ്റ് ചോദിച്ച അവതാരകൻ മറുപടി നൽക്കുകയായിരുന്നു സൗന്ദര്യ.
'അതിനെക്കുറിച്ചുള്ള വിവരങ്ങൾ ഞങ്ങളുടെ അച്ഛന്മാർ നൽകുന്നതാകും ശരി. പക്ഷേ, തീർച്ചയായും അപ്പ കമൽ അങ്കിളിന്റെ ബാനറിൽ സിനിമ ചെയ്യും. അത് ഏത് തരം സിനിമയായിരിക്കും എന്നതടക്കമുള്ള വിവരങ്ങളെല്ലാം ചർച്ചയിലാണ്. അതുകൊണ്ട്, തലൈവർ തന്നെ അക്കാര്യം ഉടൻ വെളിപ്പെടുത്തും', സൗന്ദര്യ രജനികാന്ത് പറഞ്ഞു. നിറകയ്യടിയോടെയാണ് സൗന്ദര്യയുടെ വാക്കുകളെ ആരാധകർ ഏറ്റെടുത്തത്.
The most expected combo of @rajinikanth and @ikamalhaasan is confirmed by @soundaryaarajni herself ❤️🙌🔥🔥
— Achilles (@Searching4ligh1) October 23, 2025
Announcement loading soon 🔥🔥🔥#Shruthihaasan picks Padayappa as her favorite Thalaivar movie ✨️#Jailer2 #SuperstarRajinikanth pic.twitter.com/2RtM3knHLO
നേരത്തെ സൈമ അവാർഡ് ദാന ചടങ്ങിൽ, താൻ രജനികാന്തുമായി ഒരു സിനിമ ചെയ്യുന്നുണ്ടെന്ന് കമൽ ഹാസൻ വെളിപ്പെടുത്തിയിരുന്നു. 'ഇതൊരു ഗംഭീര സംഭവം ആകുമോ എന്ന് ഞങ്ങൾക്കറിയില്ല, പക്ഷേ പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടാൽ നല്ലതാണ്. അവർ സന്തോഷിച്ചാൽ ഞങ്ങൾക്കും ഇഷ്ടപ്പെടും. അല്ലെങ്കിൽ, ഞങ്ങൾ ശ്രമിച്ചുകൊണ്ടേയിരിക്കും. ഇത് ഒരുപാട് കാലമായി പ്രതീക്ഷിക്കുന്നതാണ്. ഞങ്ങൾ രണ്ടുപേർക്കും കൂടി ഒരു ബിസ്‌ക്കറ്റ് തന്നതുകൊണ്ടാണ് ഞങ്ങൾ വേർപിരിഞ്ഞത്. എന്നാൽ ആ പകുതി ബിസ്‌ക്കറ്റ് ഞങ്ങളെ രണ്ടുപേരെയും സന്തോഷിപ്പിക്കുന്നു, അതിനാൽ ഞങ്ങൾ ഒരുമിക്കും,' എന്നായിരുന്നു കമൽ ഹാസൻ പറഞ്ഞിരുന്നത്. അതേസമയം കൂലി, തഗ് ലൈഫ് ഇനീ സിനിമകളാണ് ഇരുവരുടെയുമായി ഒടുവിൽ തിയേറ്ററിൽ എത്തിയ ചിത്രങ്ങൾ. രണ്ടു ചിത്രങ്ങളും പ്രതീക്ഷിച്ച വിജയം നേടാതെയാണ് തിയേറ്റർ വിട്ടത്.
Content Highlights: Soundarya Rajinikanth speaks about Rajinikanth-Kamal Haasan film