
ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള പരമ്പര അടുത്തെത്തിയിരിക്കുകയാണ്. ഓസ്‌ട്രേലിയയ്‌ക്കെതിരായ ഇന്ത്യയുടെ ഏകദിന പരമ്പര ഞായറാഴ്ച പെര്‍ത്തിലാണ് ആരംഭിക്കുന്നത്. ഇതിനിടെ ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിനത്തിലെ എക്കാലത്തെയും മികച്ച ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് ഓസീസ് ക്യാപ്റ്റനായ പാറ്റ് കമ്മിന്‍സ്.
മൂന്ന് ഇന്ത്യന്‍ താരങ്ങളെയാണ് കമ്മിന്‍സ് ഓള്‍ടൈം ഏകദിന ഇലവനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രോഹിത് ശര്‍മയേയും വിരാട് കോഹ്ലിയേയും വീരേന്ദര്‍ സെവാഗിനേയുമെല്ലാം തഴഞ്ഞാണ് കമ്മിന്‍സിന്റെ ഇലവനെന്നാണ് പ്രത്യേകത. സ്റ്റാര്‍ സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തില്‍ വിരമിച്ച കളിക്കാരെ മാത്രമാണ് താന്‍ ഇലവനില്‍ തിരഞ്ഞെടുക്കുക എന്നാണ് കമ്മിന്‍സ് പറഞ്ഞത്.
ഡേവിഡ് വാര്‍ണറും സച്ചിന്‍ ടെണ്ടുല്‍ക്കറുമാണ് ഇലവനിലെ ഓപ്പണര്‍മാരായി കമ്മിന്‍ തിരഞ്ഞെടുത്ത്. മൂന്നാം നമ്പറില്‍ മുന്‍ ഓസീസ് ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്ങിനാണ് സ്ഥാനം ലഭിച്ചത്. നാലാം നമ്പറില്‍ ഓസ്‌ട്രേലിയയുടെ മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനെയാണ് കമ്മിന്‍സ് തിരഞ്ഞെടുത്തത്.
അഞ്ചാം നമ്പറില്‍ ഓസ്‌ട്രേലിയയുടെ മുന്‍ പേസ് ഓള്‍റൗണ്ടറായ ഷെയ്ന്‍ വാട്‌സണ് സ്ഥാനം ലഭിച്ചപ്പോള്‍ ആറാം നമ്പറില്‍ മുന്‍ താരം മൈക്കല്‍ ബവനെ തിരഞ്ഞെടുത്തു. ഏഴാം നമ്പറില്‍ ഇന്ത്യയുടെ എക്കാലത്തെയും ഇതിഹാസ നായകനും സൂപ്പര്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററുമായ എം എസ് ധോണിക്കാണ് സ്ഥാനം. വിക്കറ്റ് കീപ്പര്‍ റോളില്‍ ഓസീസ് ഇതിഹാസം ആദം ഗില്‍ക്രിസ്റ്റിനെ കമ്മിന്‍സ് തിരഞ്ഞെടുത്തില്ലെന്നും എടുത്തുപറയേണ്ടതാണ്.
എട്ടാം നമ്പറില്‍ ബ്രെറ്റ് ലീക്കാണ് കമ്മിന്‍സ് അവസരം നല്‍കിയത്. ഒന്‍പതാമതായി ഷെയ്ന്‍ വാര്‍ണും പത്താം നമ്പറില്‍ ഇന്ത്യയുടെ മുന്‍ ഇടംകൈയന്‍ പേസര്‍ സഹീര്‍ ഖാനും ഇടംലഭിച്ചപ്പോള്‍ 11-ാമതായി ഗ്ലെന്‍ മക്ഗ്രാത്തിനും ഇടംലഭിച്ചു.
Content Highlights: No Virat Kohli, Rohit Sharma! Pat Cummins Picks All-Time India-Australia ODI XI